പ്രയാഗ്‌രാജ്: കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. 2025ൽ രാഹുൽ ഗാന്ധി നടത്തിയ ഒരു പ്രസംഗം രാജ്യദ്രോഹപരമാണെന്ന് ആരോപിച്ച് വലതുപക്ഷ സംഘടനയായ ഹിന്ദു ശക്തി ദൾ നേതാവ് സിമ്രാൻ ഗുപ്ത സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് വിക്രം ഡി. ചൗഹാൻ വിധി പ്രസ്താവിച്ചത്.
2025ൽ ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എ.ഐ.സി.സി) ഓഫിസിന്റെ ഉദ്ഘാടന വേളയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണ് വിവാദങ്ങൾക്ക് ആധാരമായത്. 'നമ്മൾ ഇപ്പോൾ പോരാടുന്നത് ബി.ജെ.പിയോടും ആർ.എസ്.എസിനോടും മാത്രമല്ല, ഇന്ത്യൻ ഭരണകൂടത്തോടും കൂടിയാണ്' എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ. ഈ പ്രസ്താവന രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും പൊതുവികാരം വ്രണപ്പെടുത്തുന്നതാണെന്നും ഹരജിക്കാരി ആരോപിച്ചു. ഇത് രാജ്യവിരുദ്ധവും രാജ്യദ്രോഹപരവുമാണെന്നും അതിനാൽ രാഹുലിനെതിരെ കേസെടുക്കണമെന്നുമായിരുന്നു ആവശ്യം.
നേരത്തെ ഈ പരാതിയുമായി ഹരജിക്കാരി ഉത്തർപ്രദേശിലെ സംഭാൽ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അവിടെ നിന്നും ഹർജി തള്ളിയിരുന്നു. തുടർന്നാണ് ഇവർ അലഹബാദ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഏപ്രിൽ എട്ടിന് ഹരജിക്കാരിയുടെയും സംസ്ഥാന സർക്കാരിന്റെയും വാദങ്ങൾ വിശദമായി കേട്ട കോടതി, വിധി പറയാനായി മാറ്റി വെക്കുകയായിരുന്നു.
ദീർഘമായ വാദപ്രതിവാദങ്ങൾക്കൊടുവിൽ രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ തക്കവണ്ണമുള്ള തെളിവുകളോ നിയമപരമായ സാഹചര്യമോ നിലവിലില്ലെന്ന് കണ്ട് കോടതി ഹരജി തള്ളി. രാഹുൽ ഗാന്ധിയുടെ പരാമർശം രാഷ്ട്രീയപരമായ ഒരു വിമർശനമെന്നതിനപ്പുറം രാജ്യത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനമായി കാണാനാവില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതിയുടെ ഈ സുപ്രധാന നീക്കം.ഈ വിധി രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും വലിയ രാഷ്ട്രീയ ആശ്വാസമാണ് നൽകുന്നത്. ഭരണകൂടത്തെ വിമർശിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്ന പ്രതിപക്ഷ നിലപാടിന് ശക്തി പകരുന്നതാണ് ഈ കോടതി ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.