പൂർണ പുരുഷനോ സ്ത്രീയോ ഇല്ലെന്ന് സുപ്രീംകോടതി; സ്വവർഗ വിവാഹകേസിൽ വാദം കേൾക്കൽ തുടരും

ന്യൂഡൽഹി: സ്വവർഗ വിവാഹം നിയമ വിധേയമാക്കുന്നതിനുള്ള ഹരജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിച്ചപ്പോഴും എതിർ നിലപാടുമായി കേന്ദ്ര സർക്കാർ. പുതിയ സാമൂഹിക ബന്ധങ്ങളെ കുറിച്ച് പാർലമെന്റിനു മാത്രമേ തീരുമാനിക്കാൻ സാധിക്കൂ​വെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ഭരണഘടനാപരമായി സാമൂഹിക ബന്ധങ്ങളെ നിർവചിക്കാൻ പാർലമെന്റിനു മാത്രമാണ് അനുവാദമുള്ളതെന്നിരിക്കെ, കോടതികൾ സ്വയം തീരുമാനിക്കേണ്ടതുണ്ടോ എന്ന് കേന്ദ്ര സർക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.

ഈ വിഷയവുമായി കോടതിയിലെത്തിയവർ രാജ്യത്തിന്റെ കാഴ്ചപ്പാടുകളെ പ്രതിനീധീകരിക്കുന്നവ​രല്ലെന്ന് തുഷാർ മേത്ത പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെയാണ് അദ്ദേഹത്തിന്റെ പരാമർശം. ജസ്റ്റിസുമാരായ എസ്‌.കെ കൗൾ, രവീന്ദ്ര ഭട്ട്, ഹിമ കോഹ്‌ലി, പി.എസ് നരസിംഹ എന്നിവരും ബെഞ്ചിലുണ്ട്.

സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്നത് രാജ്യത്തിന്റെ മുഴുവൻ ആവശ്യം അല്ലെന്നും വരേണ്യവർഗ്ഗത്തിൽ പെട്ട ഒരു വിഭാഗത്തിന്റെ കാഴ്ചപ്പാട് മാത്രമാണിതെന്നും കേ​ന്ദ്രം കഴിഞ്ഞ ദിവസം കോടതിയിൽ പറഞ്ഞിരുന്നു.

വിഷയത്തിൽ എങ്ങനെ തീരുമാനമെടുക്കണമെന്ന് നിർദേശിക്കാൻ സാധിക്കില്ല. എന്നാൽ ഹരജിക്കാരുടെ ഭാഗം കേൾക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. വ്യക്തി വിവാഹ നിയമങ്ങളിൽ നിന്ന് മാറി സ്​പെഷ്യൽ മാരേജ് ആക്ടിലാണ് കക്ഷികൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹരജിക്കാരുടെ വാദം വ്യാഴാഴ്ച വരെ കോടതി കേൾക്കും.

നേരത്തെയുള്ള കോടതി ഉത്തരവുകളും സ്വവർഗരതി കുറ്റകരമല്ലാതാക്കുന്ന വിധിയും കണക്കിലെടുത്ത് സ്വവർഗ വിവാഹത്തിനുള്ള അവകാശം അനുവദിക്കണമെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി വാദിച്ചു.

സ്‌പെഷ്യൽ മാരേജ് ആക്ടിൽ പുരുഷനും സ്ത്രീക്കും പകരം ‘ഇണ’ എന്ന് പരാമർശിക്കണമെന്ന് റോഹ്തഗി ആവശ്യപ്പെട്ടു. വിവാഹ സങ്കൽപ്പം മാറിയിരിക്കുന്നു. വിവാഹമെന്ന സമൂഹം ബഹുമാനിക്കുന്ന സംവിധാനത്തെ വിലമതിക്കുകയും വിവാഹത്തിലേർപ്പെടണമെന്ന് ആഗ്രഹിക്കുകയും ​ചെയ്യുന്നു. വിവാഹം കഴിക്കാൻ അവകാശമുണ്ടെന്ന ഉത്തരവാണ് ഞങ്ങൾ തേടുന്നത്. ആ ഉത്തരവ് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമുള്ള സ്വവർഗ വിവാഹത്തിന് അംഗീകാരം നൽകും -റോഹ്തഗി കൂട്ടിച്ചേർത്തു.

സ്​െപഷ്യൽ മാരേജ് ആക്ട് ബയോളജിക്കൽ സ്ത്രീയും ബയോളജിക്കൽ പുരുഷനും തമ്മിലുള്ള ബന്ധമാണെന്ന് തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി. എന്നാൽ പൂർണനായ പുരുഷനോ പൂർണ സ്ത്രീയോ ഇല്ലെന്ന്

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. ലിംഗം എന്താണെന്നതല്ല. അത് കൂടുതൽ സങ്കീർണ്ണമാണ്. അതുകൊണ്ട് സ്‌പെഷ്യൽ മാരേജ് ആക്‌ടിൽ സ്ത്രീയും പുരുഷനും എന്ന് പറയുമ്പോഴും, അത് ലിംഗാടിസ്ഥാനത്തിലുള്ളതല്ല’ - ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

ഇത് വ്യക്തിയുടെ അവകാശത്തിന്റെ പ്രശ്നമാണെന്ന് ഹരജിക്കാർക്ക് വേണ്ടി വാദിച്ച അഭിഭാഷക മേനക ഗുരുസ്വാമി ചൂണ്ടിക്കാട്ടി. 

Tags:    
News Summary - "No Absolute Concept Of Man, Woman": Supreme Court In Gay Marriage Hearing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.