ഹരിയാനയിലെ സിർസയിൽ നടന്ന തെരഞ്ഞെടുപ്പു റാലിയിൽ പങ്കെടുക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി (PTI Photo)

ബി.ജെ.പിക്കു കീഴിൽ പണപ്പെരുപ്പവും തൊഴിലില്ലായ്മയും രൂക്ഷം; ഉണർന്നു പ്രവർത്തിക്കേണ്ട സമയം വന്നിരിക്കുന്നു - പ്രിയങ്ക ഗാന്ധി

ചണ്ഡിഗഢ്: ബി.ജെ.പി ഭരണത്തിനു കീഴിൽ രാജ്യത്തെ പണപ്പെരുപ്പവും തൊഴിലില്ലായ്മയും ഏറ്റവും ഉയർന്ന തോതിലെത്തിയെന്നും ജനം മാറ്റത്തിനു തയാറാവണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കർഷരുടെ വേദന മനസിലാക്കാൻ പ്രധാനമന്ത്രി മോദി തയാറായിട്ടില്ലെന്നും ധനികരായ സുഹൃത്തുക്കൾക്കു വേണ്ടി മാത്രമാണ് കേന്ദ്രനയങ്ങൾ രൂപവത്കരിക്കുന്നതെന്നും വ്യാഴാഴ്ച ഹരിയാനയിലെ പാനിപത്തിൽ നടന്ന തെരഞ്ഞെടുപ്പു റാലിയിൽ പ്രിയങ്ക പറഞ്ഞു. കർഷകരെ ഡൽഹിയിൽ പ്രവേശിക്കുന്നതു വിലക്കിയവരെ, ഡൽഹിയിൽനിന്ന് പുറത്താക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

“ബി.ജെ.പിക്ക് എതിരായ തരംഗം ഇന്ന് രാജ്യമാകെ ശക്തമാണ്. അവരുടെ വൃത്തികെട്ട രാഷ്ട്രീയത്തിൽ ജനം പൊറുതിമുട്ടിയിരിക്കുകയാണ്. തൊഴിലില്ലായ്മയും പണപ്പെരുപ്പവും അതിന്റെ പാരമ്യത്തിൽ എത്തി. ഡൽഹിയിൽ പ്രവേശിക്കുന്നതിൽ നിന്ന് നിങ്ങളെ വിലക്കിയവരെ, ഡൽഹിയിൽനിന്ന് പുറത്താക്കണം. കർഷകരായ നിങ്ങളാണ് ഈ രാജ്യത്തിന്റെ ആത്മാവ്. ഈ രാജ്യത്തെ സൈനികർ നിങ്ങളുടെ മക്കളാണ്. നിങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയം വന്നിരിക്കുന്നു. ഭരണഘടനയും അവകാശങ്ങളും സംരക്ഷിക്കാൻ ഈ സർക്കാറിനെ അധികാരത്തിൽനിന്ന് പുറത്താക്കണം” -പ്രിയങ്ക പറഞ്ഞു.

കർഷക പ്രക്ഷോഭത്തോട് മുഖം തിരിച്ച കേന്ദ്രസർക്കാർ നടപടിയേയും, ലൈംഗികാതിക്രമത്തിനെതിരെ പ്രതിഷേധിച്ച ഗുസ്തി താരങ്ങളെ അവഗണിച്ചതിനെയും പ്രിയങ്ക രൂക്ഷമായി വിമർശിച്ചു. ഗുസ്തി താരങ്ങളുടെ അധ്വാനത്തെ കേന്ദ്രം വിലകുറച്ച് കാണുകയാണെന്ന് അവർ കുറ്റപ്പെടുത്തി. ഇൻഡ്യ സഖ്യം അധികാരത്തിൽ വന്നാൽ, സൈന്യത്തിലേക്കുള്ള ഹ്രസ്വകാല റിക്രൂട്ട്മെന്റ് പദ്ധതിയായ ‘അഗ്നിവീർ’ നിർത്തലാക്കുമെന്നും പ്രിയങ്ക പറഞ്ഞു. ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ശനിയാഴ്ചയാണ് ഹരിയാനയിലെ ലോക്സഭാ മണ്ഡലങ്ങൾ ജനവിധി തേടുന്നത്.

Tags:    
News Summary - Inflation, Unemployment At Peak Under BJP Rule, Says Priyanka Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.