ഇംഫാൽ: മണിപ്പൂരിലെ ബി.ജെ.പി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് നിതീഷ് കുമാറിന്റെ ജനതാദൾ (യുനൈറ്റഡ്). ഇനിമുതൽ പാർട്ടിയുടെ ഏക എം.എൽ.എ പ്രതിപക്ഷ നിരയിൽ ഇരിക്കും. വിഷയത്തിൽ മണിപ്പൂരിലെ ജെ.ഡി.യു അധ്യക്ഷൻ ഗവർണർക്ക് കത്തയച്ചു. മേഘാലയയിൽ അധികാരത്തിലുള്ള കോൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷനൽ പീപ്പിൾസ് പാർട്ടി, ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിനു പിന്നാലെയാണ് ജനതാ ദളിന്റെ പുതിയ നീക്കം.
"മണിപ്പൂരിലെ ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറിന് ജനതാദൾ (യുനൈറ്റഡ്) മണിപ്പൂർ യൂനിറ്റ് നൽകിയ പിന്തുണ പിൻവലിക്കുകയാണെന്നും തങ്ങളുടെ ഏക എം.എൽ.എയായ മുഹമ്മദ് അബ്ദുൽ നാസിറിനെ സഭയിൽ പ്രതിപക്ഷ എം.എൽ.എയായി കണക്കാക്കണമെന്നും അറിയിക്കുന്നു’ - മണിപ്പൂരിലെ ജെ.ഡി.യു അധ്യക്ഷൻ ഗവർണർക്ക് അയച്ച കത്തിൽ പറയുന്നു.
2022-ലെ മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകളാണ് ജെ.ഡി.യു നേടിയത്. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾക്കകം അഞ്ച് എം.എൽ.എമാർ ബി.ജെ.പിയിലേക്ക് ചേക്കേറി. 60 അംഗ നിയമസഭയിൽ നിലവിൽ ബി.ജെ.പിക്ക് 37 എം.എൽ.എമാരുണ്ട്. നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ അഞ്ച് എം.എൽ.എമാരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചത്.
കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പുകളിൽ 12 സീറ്റുകളാണ് നിതീഷ് കുമാറിന്റെ ജെ.ഡി.യു രാജ്യത്താകമാനം നേടിയത്. ലോക്സഭയിലെ ഏഴാമത്തെ വലിയ പാർട്ടിയും ബി.ജെ.പിയെ ഭൂരിപക്ഷത്തിലെത്താൻ സഹായിച്ച പ്രധാന സഖ്യകക്ഷികളിൽ ഒന്നുമാണ് ജെ.ഡി.യു. ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലും ബി.ജെ.പിയും ജെ.ഡി.യുവും സഖ്യകക്ഷികളാണ്. രാഷ്ട്രീയ കൂറുമാറ്റത്തിന് പേരുകേട്ട ജെ.ഡി.യു പ്രസിഡന്റും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, പ്രതിപക്ഷ ബ്ലോക്കിൽ നിന്നും കഴിഞ്ഞ വർഷമാണ് എൻ.ഡി.എയിലേക്ക് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.