ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ (ഇ.പി.എഫ്)നിന്ന് യു.പി.ഐ വഴി പണം പിൻവലിക്കാവുന്ന സംവിധാനം ഏപ്രിലോടെ പ്രാബല്യത്തിലാകും. കേന്ദ്ര തൊഴിൽ മന്ത്രാലയം സോഫ്റ്റ്വെയർ പരിഷ്‍കരണം ഉൾപ്പെടെ തയാറെടുപ്പ് ആരംഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. പി.എഫ് അക്കൗണ്ട് ബാലൻസ് പരിശോധിക്കാനും സൗകര്യമുണ്ടാകും. ഏകദേശം എട്ട് കോടി പി.എഫ് ഉപയോക്താക്കൾക്ക് ഇതിന്റെ ഗുണം ലഭിക്കും.
യു.പി.ഐ വഴി പിൻവലിക്കുന്ന പണം ബാങ്ക് അക്കൗണ്ടിലെത്തിയാൽ എ.ടി.എമ്മിലൂടെ പിൻവലിക്കുകയോ ഓൺലൈൻ ഇടപാട് നടത്തുകയോ ചെയ്യാം. 2025 ജൂണിൽ നടപ്പാക്കാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം സാധിച്ചില്ല.
നിലവിൽ പി.എഫ് അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കണമെങ്കിൽ ഇ.പി.എഫ്.ഒയുടെ വെബ്സൈറ്റ് വഴി അപേക്ഷിച്ച് ഒരാഴ്ചയിലധികം കാത്തിരിക്കണം. പി.എഫ് സേവനങ്ങൾ കൂടുതൽ സുതാര്യവും എളുപ്പത്തിലും വേഗത്തിലുമാക്കാനാണ് ഇ.പി.എഫ്.ഒ (എംപ്ലോയീസ് ഓഫ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) ലക്ഷ്യമിടുന്നത്. അത്യാവശ്യ സാഹചര്യങ്ങളിൽ ഓട്ടോ ക്ലെയിം സെറ്റിൽമെന്റ് വഴി പി.എഫിൽനിന്ന് പിൻവലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷം രൂപയാക്കിയിട്ടുമുണ്ട്. വിദ്യാഭ്യാസം, രോഗാവസ്ഥ, വിവാഹം, വീടുനിർമാണം തുടങ്ങിയ സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥ ഇടപെടലില്ലാതെ നേരിട്ട് പിൻവലിക്കാവുന്ന തുകയുടെ പരിധിയാണ് ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.