അപകടത്തിന്‍റെ ദൃശ്യം, വിനു പ്രകാശ്
ഇട്ടനഗർ: അരുണാചല്‍ പ്രദേശിലെ തവാങ്ങിലെ തടാകത്തിൽ മലയാളി യുവാവ് മുങ്ങിമരിച്ചു. വിനോദയാത്രപോയ എഴംഗ സംഘത്തിൽ ഉൾപ്പെട്ടവരാണ് അപകടത്തിൽ പെട്ടത്. സേന പോയിന്റിലെ തണുത്തുറഞ്ഞ തടാകത്തിൽ നടക്കുന്നതിനിടെ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. കൊല്ലം നെടുമ്പന പുത്തന്‍ചന്ത മേലൂട്ട് വീട്ടില്‍ പ്രകാശിന്റെയും മഞ്ജുവിന്റെയും മകന്‍ വിനു പ്രകാശ് (26) ആണ് മരിച്ചത്. ഇയാളുടെ മൃതദേഹം ലഭിച്ചു. മലപ്പുറം വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി മാധവിനെയാണ് കാണാതായത്. ഇയാൾക്കായി തിരച്ചിൽ നടക്കുകയാണ്.
ഐസ് പാളികള്‍ മൂടിയ സേല തടാകത്തിന് മുകളിലൂടെ നടന്നപ്പോള്‍ പാളികള്‍ തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം. തടാകത്തിലേക്ക് ഇറങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് സംഘം ഇറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. അപകടം നടന്നയുടന്‍ സൈന്യവും പൊലീസും ചേര്‍ന്ന് അഞ്ചുപേരെ രക്ഷപ്പെടുത്തി. താപനില മൈനസ് ഡിഗ്രിയില്‍ ഉള്‍പ്പെടെ കാലാവസ്ഥ പ്രതികൂല സാഹചര്യമായതിനാല്‍ വെള്ളിയാഴ്ച വൈകിട്ടോടെ കാണാതെയായയാള്‍ക്കുള്ള തിരച്ചില്‍ നിര്‍ത്തിവച്ചു.
ബുധനാഴ്ച നെടുമ്പാശേരിയില്‍നിന്നാണ് സംഘം യാത്ര തിരിച്ചത്. 23ന് തിരിച്ചുവരാവുന്ന രീതിയിലാണ് യാത്ര നിശ്ചയിച്ചിരുന്നത്. കൊട്ടിയത്തെ ടൊയോട്ട മോട്ടേഴ്‌സില്‍ ജീവനക്കാരനാണ് മരിച്ച വിനു. മൃതദേഹം അരുണാചലിൽനിന്ന് നാട്ടിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.