ഇ-കെവൈസി ആഗസ്റ്റ് 15-നകം പൂർത്തിയാക്കിയില്ലെങ്കിൽ സിലിണ്ടർ വിതരണം തടസ്സപ്പെട്ടേക്കാം...

കോഴിക്കോട്: ഗാർഹിക എൽ.പി.ജി കണക്ഷനുകളുടെ ഇ-കെവൈസി പൂർത്തിയാക്കാനുള്ള സമയപരിധി അടുത്തു. ആഗസ്റ്റ് 15-നകം ബയോമെട്രിക് വിവരങ്ങൾ പുതുക്കി നൽകിയില്ലെങ്കിൽ, സബ്‌സിഡി നിരക്കിലുള്ള സിലിണ്ടറുകളുടെ വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയവും എണ്ണക്കമ്പനികളും മുന്നറിയിപ്പ് നൽകി. വ്യാജ കണക്ഷനുകളും ഒരേ വ്യക്തിയുടെ പേരിലുള്ള ഒന്നിലധികം ഗ്യാസ് കണക്ഷനുകളും കണ്ടെത്തി ഒഴിവാക്കാനും അർഹരായ ഉപഭോക്താക്കൾക്ക് മാത്രം സബ്‌സിഡി ആനുകൂല്യങ്ങൾ ഉറപ്പുവരുത്താനുമാണ് പെട്രോളിയം മന്ത്രാലയം ഈ നടപടി ശക്തമാക്കിയത്.

നിശ്ചിത സമയപരിധിക്കുള്ളിൽ വെരിഫിക്കേഷൻ പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് തുടർന്ന് വാണിജ്യ നിരക്കിൽ സിലിണ്ടറുകൾ വാങ്ങേണ്ടിവന്നേക്കാം. കൂടാതെ, പ്രധാൻ മന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന എൽ.പി.ജി സബ്‌സിഡിയെയും ഇത് പ്രതികൂലമായി ബാധിച്ചേക്കും. എന്നാൽ, നേരത്തെ തന്നെ ബയോമെട്രിക് ഇ-കെവൈസി പൂർത്തിയാക്കിയിട്ടുള്ള ഉപഭോക്താക്കൾ വീണ്ടും ഈ നടപടിക്രമങ്ങൾ ചെയ്യേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത‍്യൻ -ഓയിൽ  ഉപഭോക്താക്കൾക്ക് 'IndianOil One' ആപ്പ് വഴിയും, മറ്റു കമ്പനികളുടെ ഉപഭോക്താക്കൾക്ക് അതത് ഔദ്യോഗിക ആപ്പുകളോ വെബ്‌സൈറ്റുകളോ വഴിയും ഓൺലൈനായി ഇ-കെവൈസി നടപടികൾ പൂർത്തിയാക്കാം. ഇതുകൂടാതെ അടുത്തുള്ള ഗ്യാസ് ഏജൻസി സന്ദർശിച്ചോ, വീട്ടിൽ സിലിണ്ടർ എത്തിക്കുന്ന ഡെലിവറി ജീവനക്കാർ വഴിയോ ബയോമെട്രിക് വിവരങ്ങൾ കൈമാറാനും സൗകര്യമുണ്ട്. ഇതിനായി ഉപഭോക്താവിന്റെ ആധാർ കാർഡും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ആവശ്യമാണ്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ ഉപഭോക്താക്കൾ എത്രയും വേഗം നടപടികൾ പൂർത്തിയാക്കണമെന്ന് ഏജൻസികൾ അഭ്യർത്ഥിച്ചു.

Tags:    
News Summary - ഇ-കെവൈസി ഓഗസ്റ്റ് 15-നകം പൂർത്തിയാക്കിയില്ലെങ്കിൽ സിലിണ്ടർ വിതരണം തടസ്സപ്പെട്ടേക്കാം...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.