ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്രസർക്കാർ നടപ്പാക്കിയ വി.ബി ജി റാം ജി നിയമത്തിനെതിരെ കോൺഗ്രസ്. പുതിയ നിയമം ‘തൊഴിൽ മോഷണം’ ആണെന്നും തൊഴിലുറപ്പ് പദ്ധതിയെ തകർത്തതിന്റെ പ്രത്യാഘാതങ്ങൾ ആദ്യമാസം തന്നെ പുറത്തുവന്നെന്നും കോൺഗ്രസ് ആരോപിച്ചു. ജൂലൈയിലെ ഔദ്യോഗിക കണക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസിന്റെ വിമർശനം.
2025 ജൂലൈയെ അപേക്ഷിച്ച് 2026 ജൂലൈയിൽ ഗ്രാമീണ തൊഴിൽ സൃഷ്ടിയിൽ 49.94 ശതമാനം ഇടിവുണ്ടായതായി മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ജയറാം രമേശ് പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജോലി ലഭിച്ച കുടുംബങ്ങളുടെ എണ്ണത്തിൽ 51.45 ശതമാനം കുറവുണ്ടായതായും അദ്ദേഹം പറഞ്ഞു. വി.ബി ജി റാം ജി തൊഴിൽ മോഷണം മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
ജൂലൈ ഒന്നുമുതലാണ് വി.ബി ജി റാം ജി നിയമം രാജ്യത്ത് നിലവിൽ വന്നത്. രണ്ട് പതിറ്റാണ്ടിലേറെ കാലമായി നിലനിന്നിരുന്ന എം.ജി.എൻ.ആർ.ഇ.ജി.എക്ക് പകരമായാണ് പുതിയ നിയമം നടപ്പാക്കിയത്. ഗ്രാമീണ കുടുംബങ്ങൾക്ക് വർഷത്തിൽ 125 ദിവസം വരെ തൊഴിൽ ഉറപ്പ് നൽകുന്നതാണ് പുതിയ പദ്ധതിയുടെ പ്രധാന വ്യവസ്ഥകളിലൊന്ന്. എന്നാൽ പുതിയ സംവിധാനത്തിൽ തൊഴിൽ ലഭിക്കുന്നതിനുള്ള നടപടികൾ കൂടുതൽ കേന്ദ്രീകൃതമാക്കുകയും സാങ്കേതികവിദ്യയെയും ബയോമെട്രിക് സംവിധാനങ്ങളെയും കൂടുതൽ ആശ്രയിക്കുകയും ചെയ്തുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. സംസ്ഥാന സർക്കാരുകൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യത ഏൽപ്പിക്കുന്ന രീതിയിലാണ് പുതിയ ഫണ്ടിങ് ഘടനയെന്നും ജയറാം രമേശ് വിമർശിച്ചു.
‘എം.ജി.എൻ.ആർ.ഇ.ജി.എ തൊഴിലാളികൾക്ക് നിയമപരമായ തൊഴിൽ അവകാശം ഉറപ്പാക്കിയിരുന്നു’ -ജയറാം രമേശ് പറഞ്ഞു. ഗ്രാമപഞ്ചായത്തുകൾക്ക് പദ്ധതിയുടെ നടത്തിപ്പിൽ പ്രധാന പങ്കുണ്ടായിരുന്നുവെന്നും തൊഴിലാളികൾക്ക് സർക്കാരിന്റെ രാഷ്ട്രീയ തീരുമാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ സംവിധാനം തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുകയാണെന്നും ആരോപിച്ചു.
അതേസമയം, പുതിയ തൊഴിൽ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തി. യുവാക്കൾക്കെതിരെ മാത്രമല്ല, രാജ്യത്തെ തൊഴിലാളികൾക്കെതിരെയും ബി.ജെ.പി ലാത്തി പ്രയോഗിച്ചിട്ടുണ്ടെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ‘മോദി സർക്കാരിനു കീഴിൽ എം.ജി.എൻ.ആർ.ഇ.ജി.എ നിർത്തലാക്കപ്പെട്ടു, ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ‘ജോലി ചെയ്യാനുള്ള അവകാശം’ ഇല്ലാതാക്കി. അതിന്റെ സ്ഥാനത്ത് വി.ബി ഗ്രാം ജി ഏർപ്പെടുത്തി, ഇത് 50 ശതമാനം തൊഴിലാളികളുടെയും തൊഴിൽ ഇല്ലാതാക്കി. എം.ജി.എൻ.ആർ.ഇ.ജി.എ ഫണ്ടുകളിൽ 17,144 കോടി രൂപ സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ടോ?’ ഖാർഗെ എക്‌സിലെ പോസ്റ്റിൽ ചോദിച്ചു. പുതിയ പദ്ധതിയുടെ ഫണ്ടിങ് മാതൃക പുനഃപരിശോധിക്കണമെന്ന ആവശ്യം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുപോലും ഉയർന്നിട്ടുണ്ടെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. ഗ്രാമീണ മേഖലയിലെ ദരിദ്ര തൊഴിലാളികൾക്ക് ലഭിക്കേണ്ട സാമ്പത്തികവും സാമൂഹികവുമായ സുരക്ഷ കേന്ദ്രസർക്കാർ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.