താരിഖ് റഹ്മാൻ

​ശൈഖ് ഹസീനയുടെ മടക്കം; ഇന്ത്യ-ബംഗ്ലാദേശ് ബന്ധം ശക്തിപ്പെടുത്താൻ അനുകൂല അന്തരീക്ഷം വേണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി

ധാക്ക: ഇന്ത്യയുമായി മെച്ചപ്പെട്ട നയതന്ത്ര ബന്ധം പുലർത്തുന്നതിന് അനുയോജ്യമായ അന്തരീക്ഷം ഒരുങ്ങേണ്ടതുണ്ടെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ. ഇന്ത്യയുടെ പുതിയ ഹൈക്കമീഷണർ ദിനേഷ് ത്രിവേദിയുമായുള്ള കൂടിക്കാഴ്ചയിലാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 

കൂടിക്കാഴ്ചയെ വളരെ അനുകൂലമായ ഒരു നയതന്ത്ര പുരോഗതിയായാണ് ന്യൂഡൽഹിയിലെ നയതന്ത്ര വൃത്തങ്ങൾ വിലയിരുത്തുന്നത്. സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല ഇന്ത്യൻ പ്രതിനിധി സംഘം ധാക്ക സന്ദർശിക്കുന്ന വേളയിലാണ് ഈ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. തികച്ചും സൗഹൃദപരമായ അന്തരീക്ഷത്തിലാണ് ചർച്ച നടന്നതെന്നും, ബംഗ്ലാദേശ് ഭാഗത്തുനിന്ന് വിദേശകാര്യമന്ത്രി ഖലീലുർ റഹ്മാനും പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് ഹുമയൂൺ കബീറും പങ്കെടുത്തതായും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യൻ ഹൈക്കമീഷണർക്കൊപ്പം ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ പവൻ ബാധെയും ഒപ്പമുണ്ടായിരുന്നു.

പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയെ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ സഹായം തേടുന്നതും ചർച്ചയിലുണ്ടയിരുന്നു. 2024 ആഗസ്റ്റിൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിനുശേഷം ഇന്ത്യയിൽ കഴിയുന്ന ശൈഖ് ഹസീന അടുത്തിടെ നടത്തിയ ഓൺലൈൻ ഓഡിയോ കോൺഫറൻസ് വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. താൻ ഈ വർഷം ഡിസംബറോടെ രാജ്യത്തേക്ക് മടങ്ങിയെത്തുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഹസീന ​ഓൺലൈൻ വാർത്താസമ്മേളനം നടത്തിയത്. 

ഇതിനിടെ ഹസീനക്ക് ഇന്ത്യയിൽ വെച്ച് മാധ്യമങ്ങളെ അഭിസംബോധന ചെയ്യാൻ അനുവാദം നൽകിയതിൽ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം നേരത്തേ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ, ഇതൊരു സ്വകാര്യ മാധ്യമ സ്ഥാപനത്തിന്റെ പരിപാടി മാത്രമാണെന്നും, അതിൽ ഇന്ത്യൻ സർക്കാരിന് യാതൊരു പങ്കുമില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുകയുണ്ടായി.

അതേസമയം രണ്ടു വർഷത്തിന് ശേഷം നടത്തിയ ആദ്യ പൊതുസമ്മേളനത്തിൽ സംസാരിക്കവേ ഹസീന ചില നിർണായക വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. വിദ്യാർഥി പ്രക്ഷോഭത്തിന്റെ മറവിൽ തനിക്കെതിരെ വലിയൊരു ഗൂഢാലോചനയാണ് നടന്നതെന്ന് അവർ ആരോപിച്ചു. തന്റെ ഭരണകാലത്ത് അക്രമങ്ങൾ അഴിച്ചുവിടപ്പെട്ടതായും പാർട്ടി ഓഫീസുകൾ നശിപ്പിക്കപ്പെട്ടതായും അവർ കൂട്ടിച്ചേർത്തു.

നിലവിലെ സർക്കാരിന്റെ കീഴിൽ അക്രമങ്ങളും പീഡനങ്ങളും തുടരുകയാണെന്നും ആയിരക്കണക്കിന് അവാമി ലീഗ് പ്രവർത്തകർ കൊല്ലപ്പെടുകയോ ജയിലിലടക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും ഹസീന ആരോപിക്കുകയും ചെയ്തിരുന്നു.  

Tags:    
News Summary - Bangladesh PM on India ties as Hasina eyes return to Dhaka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.