ഗുവാഹത്തി: പതിറ്റാണ്ടുകളായി തുടരുന്ന അസം–അരുണാചൽ പ്രദേശ് അതിർത്തി തർക്കത്തിൽ തിങ്കളാഴ്ച ഉണ്ടായ വെടിവെപ്പിൽ 18 അസം സ്വദേശികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. വടക്കൻ അസമിലെ മിങ്മാങ് മേഖലക്ക് സമീപം നടന്ന വെടിവെപ്പിലാണ് പലർക്കും പരിക്കേറ്റത്.
പ്രദേശത്ത് രാവിലെ മുതൽ തന്നെ സംഘർഷാവസ്ഥ നിലനിന്നിരുന്നു. ഇതിനിടെയാണ് അജ്ഞാതർ അസം ഭാഗത്തുള്ള ഗ്രാമീണർക്ക് നേരെ വെടിയുതിർത്തതെന്നാണ് പൊലീസ് പറയുന്നത്. വെടിവെപ്പിന് അരുണാചൽ പ്രദേശ് പൊലീസിന് പങ്കുണ്ടെന്ന പ്രാഥമിക റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും ഇക്കാര്യം പൊലീസ്, ഭരണകൂടം എന്നിവ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രദേശത്തേക്ക് കൂടുതൽ പൊലീസ് സേനയെ അയച്ചതായി അറിയിച്ചു. സംഘർഷം ഒഴിവാക്കുന്നതിനായി ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ തമ്മിൽ ചർച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പുതിയ സംഘർഷത്തോടെ അസമും അരുണാചൽ പ്രദേശും പങ്കിടുന്ന ഏകദേശം 800 കിലോമീറ്റർ നീളമുള്ള അതിർത്തിയിലെ തർക്കം വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയാണ്.അസമിൽനിന്ന് വേർപെട്ട് അരുണാചൽ പ്രദേശ് സംസ്ഥാനമായി രൂപീകരിക്കപ്പെടുന്നതിന് മുമ്പുതന്നെ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. അതിർത്തിയോട് ചേർന്ന് താമസിക്കുന്ന ഗ്രാമീണർ വിവിധ പ്രദേശങ്ങളിൽ അവകാശവാദങ്ങൾ ഉന്നയിച്ചതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. പ്രശ്നം ഒടുവിൽ സുപ്രീം കോടതിയിലും എത്തിയിരുന്നു.
ഒടുവിൽ ഇരു സംസ്ഥാനങ്ങളിലുമായി 123 തർക്കഗ്രാമങ്ങളെ കേന്ദ്രീകരിച്ച് പ്രശ്നപരിഹാരത്തിനുള്ള നടപടികൾ ആരംഭിച്ചു. അരുണാചൽ പ്രദേശിലെ 12 ജില്ലകളും അസമിലെ എട്ട് ജില്ലകളും ഇതിൽ ഉൾപ്പെട്ടിരുന്നു. തർക്കപരിഹാരത്തിനായി ഇരു സംസ്ഥാനങ്ങളും ഉപസമിതികൾ രൂപീകരിക്കുകയും ചർച്ചകൾ തുടരുകയും ചെയ്തു. എന്നാൽ തിങ്കളാഴ്ച ഉണ്ടായ വെടിവെപ്പ്, പതിറ്റാണ്ടുകളായി തുടരുന്ന അതിർത്തി തർക്കങ്ങൾ അവസാനിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരുകളുടെയും ശ്രമങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.