പട്ന: ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് 10ാം തവണയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയാകുന്നത്. ഒരുപക്ഷേ ഇനിയാർക്കും തകർക്കാൻ കഴിയാത്ത റെക്കോഡാണിത്. മുഖ്യമന്ത്രിയും 18 മന്ത്രിമാരും രണ്ട് ഉപമുഖ്യമന്ത്രിമാരും അടങ്ങുന്നതാണ് പുതിയ മന്ത്രിസഭ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
പട്നയിലെ ഗാന്ധി മൈതാനിലെ പരിപാടിയിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, ജെ.പി. നദ്ദ, രാജ്നാഥ് സിങ്, ധർമേന്ദ്ര പ്രധാൻ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ ചടങ്ങിനെത്തിയിരുന്നു. ഇവിടെ വലിയ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
ബി.ജെ.പിയുടെ സാമ്രാട്ട് ചൗധരിയും വിജയ് കുമാർ സിൻഹയുമാണ് ഉപമുഖ്യമന്ത്രിമാർ. ഇത് രണ്ടാംതവണയാണ് വിജയ് കുമാർ സിൻഹ ഉപമുഖ്യമന്ത്രിയാകുന്നത്.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ 202 സീറ്റുകൾ തൂത്തുവാരിയാണ് എൻ.ഡി.എ അധികാരം നിലനിർത്തിയത്. 89 സീറ്റുകൾ നേടിയ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ജെ.ഡി(യു)85ഉം ലോക് ജൻശക്തി 19ഉം സീറ്റുകൾ നേടി.ഹിന്ദുസ്ഥാനി അവാം മോർച്ചഅഞ്ച് സീറ്റുകൾ നേടി, രാഷ്ട്രീയ ലോക് മോർച്ച നാല് സീറ്റുകളും നേടി.
ബുധനാഴ്ച ചേർന്ന ജെ.ഡി (യു) നിയമസഭ കക്ഷി യോഗവും എൻ.ഡി.എ യോഗവും നേതാവായി നിതീഷിനെ തെരഞ്ഞെടുത്തു. തുടർന്ന്, രാജ്ഭവനിലെത്തിയ അദ്ദേഹം ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് സമർപ്പിക്കുകയും പുതിയ സർക്കാർ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിക്കുകയും ചെയ്തു.
ജെ.ഡി (യു) യോഗത്തിൽ പാർട്ടി നേതാവ് വിജയ് ചൗധരിയും ഉമേഷ് കുശ്‍വാഹയും നിതീഷിന്റെ പേര് നിർദേശിച്ചു. ബിജേന്ദ്ര യാദവ് പിന്താങ്ങി. എൻ.ഡി.എ യോഗത്തിൽ ബി.ജെ.പിയുടെ സാമ്രാട്ട് ചൗധരിയാണ് നിതീഷിന്റെ പേര് നിർദേശിച്ചത്. നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നിതീഷ് എം.എൽ.എമാരെ അഭിസംബോധന ചെയ്തു. സംസ്ഥാനത്തിന്റെ ക്ഷേമത്തിനായി അഹോരാത്രം പ്രയത്നിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.