മെഷീനുകൾ ശരിയായി പ്രവർത്തിച്ചാൽ തുരങ്കത്തിൽ പെട്ടവരെ രണ്ടരദിവസത്തിനുള്ളിൽ രക്ഷപ്പെടുത്താന്‍ കഴിയും- ഗഡ്കരി

ഡെറാഡൂൺ: ഉത്തരകാശിയിൽ നിർമാണത്തിലുള്ള സിൽക്ക്യാര തുരങ്കം തകർന്ന് ഉള്ളിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും. രക്ഷാപ്രവര്‍ത്തനത്തിനെത്തിക്കുന്ന മെഷീനുകള്‍ കൃത്യമായി പ്രവര്‍ത്തിച്ചാൽ രണ്ടര ദിവസം കൊണ്ട് തൊഴിലാളികളെ മുഴുവന്‍ പുറത്തെത്തിക്കാൻ കഴിയുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോടൊപ്പം മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും അപകടസ്ഥലത്തെത്തിയിരുന്നു. ഇരുവരും രക്ഷാപ്രവർത്തനം അവലോകനം ചെയ്തു. എല്ലാ കേന്ദ്ര ഏജൻസികളുമായും ഏകോപിപ്പിക്കുന്നതിന് എം.ഡി മഹമൂദ് അഹമ്മദാസിനെ ചുമതലപ്പെടുത്തി.

അതേസമയം, മിഷൻ പൂർത്തിയാകാൻ നാലോ അഞ്ചോ ദിവസം കൂടി വേണ്ടി വരുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിന്റെ ചുമതല പ്രധാനമന്ത്രിയുടെ ഓഫീസ് ഏറ്റെടുത്തിട്ടുണ്ട്. ഒരേസമയം പ്രവർത്തിക്കുന്ന അഞ്ച് പദ്ധതികളാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥ സംഘവും സ്ഥലത്തെ വിദഗ്ധരും ചേർന്ന് ആസൂത്രണം ചെയ്യുന്നത്.

175 മണിക്കൂറോളമായി തൊഴിലാളികൾ ജീവനോടും സമയത്തോടും മല്ലടിക്കുകയാണ്. തൊഴിലാളികളുമായി ആശയവിനിമയം നടത്തുന്നുണ്ട്. കുഴൽ വഴി ഭക്ഷണവും വെള്ളവും ഓക്സിജനും തുരങ്കത്തിനകത്ത് നൽകുന്നുണ്ട്. എന്നാൽ, പലർക്കും ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയതായി ബന്ധുക്കൾ പറയുന്നു. വയർ സ്തംഭനം, തലവേദന, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളാണ് പലർക്കുമുള്ളത്. തുരങ്കത്തിനുള്ളിലെ സാഹചര്യം കണക്കിലെടുത്ത് ഡ്രൈ ഫ്രൂട്സ്, പൊരി, ചോളം മുതലായ ഭക്ഷണങ്ങളാണ് തൊഴിലാളികൾക്ക് നൽകുന്നത്. എന്നാൽ, മൂന്ന് നേരം നന്നായി ഭക്ഷണം കഴിച്ചിരുന്ന തൊഴിലാളികളുടെ ശാരീരിക ക്ഷമത നിലനിർത്താൻ ഈ ഭക്ഷണം മതിയാവില്ല.

തുരങ്കത്തിനകത്തുള്ള മറ്റ് വാതകങ്ങളുടെയും മൂലകങ്ങളുടെയും സാന്നിധ്യം ശ്വാസകോശ പ്രശ്നങ്ങൾക്ക് കാരണമാകുമോയെന്ന ആശങ്കയുമുണ്ട്. രക്തസമ്മർദ്ദം കുറയുന്ന സാഹചര്യങ്ങളും അപകടാവസ്ഥയിലേക്ക് നയിക്കാം. തൊഴിലാളികൾക്ക് വൈറ്റമിൻ സി ഗുളികകളും വയർ സ്തംഭനം, തലവേദന തുടങ്ങിയവക്കുള്ള മരുന്നുകളും നൽകിയെന്ന് ഉത്തരകാശി സി.എം.ഒ പറഞ്ഞു.

അതേസമയം, രക്ഷാപ്രവർത്തനം വൈകുന്നതിൽ സഹതൊഴിലാളികളും ബന്ധുക്കളും അസംതൃപ്തി പ്രകടിപ്പിച്ചു. നവംബർ 12നാണ് നിർമാണത്തിലുള്ള സിൽക്ക്യാര തുരങ്കത്തിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് 41 തൊഴിലാളികൾ ഉള്ളിൽ കുടുങ്ങിയത്. 60 മീറ്റർ ഉള്ളിലായാണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്.

തുരങ്കത്തിന് സമാന്തരമായി തുരന്ന് വ്യാസമേറിയ പൈപ്പിട്ട് തൊഴിലാളികളെ അതുവഴി പുറത്തെത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ, ഡ്രില്ലിങ് മെഷീന്‍റെ തകരാർ രക്ഷാപ്രവർത്തനത്തിന് തടസമായിരുന്നു. പു​തി​യ ഡ്രി​ല്ലി​ങ് യ​ന്ത്രം എ​ത്തി​ച്ച് രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും തുരക്കുന്നതിനിടെ വിള്ളലിന്‍റെ ശബ്ദം കേട്ടതിനെ തുടർന്ന് ഇത് നിർത്തിയിരിക്കുകയിയിരുന്നു.

Tags:    
News Summary - Nitin Gadkari's Tunnel Rescue Timeline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.