നിതിൻ ഗഡ്കരി

‘ജനങ്ങളെ വിഡ്ഢികളാക്കുന്നയാൾ ഏറ്റവും മികച്ച നേതാവാകുന്നു’; രാഷ്ട്രീയത്തില്‍ സത്യം പറയാൻ അനുവാദമില്ലെന്നും ഗഡ്കരി

മുംബൈ: രാഷ്ട്രീയത്തില്‍ പൂര്‍ണഹൃദയത്തോടെ സത്യം സംസാരിക്കുന്നത് നിരോധിക്കപ്പെടുന്നുവെന്നും ജനങ്ങളെ ഏറ്റവും നന്നായി വിഡ്ഢികളാക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് ഏറ്റവും മികച്ച നേതാവാകാന്‍ കഴിയുമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. നാഗ്പുരിൽ അഖിലഭാരതീയ മഹാനുഭവ പരിഷത് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി.

“ഞാൻ ജോലി ചെയ്യുന്ന മേഖലയിൽ പൂര്‍ണഹൃദയത്തോടെ സത്യം സംസാരിക്കാൻ അനുവാദമില്ല. ജനങ്ങളെ ഏറ്റവും നന്നായി വിഡ്ഢികളാക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് ഏറ്റവും മികച്ച നേതാവാകാന്‍ കഴിയുന്നു. എന്നാൽ ഭഗവാൻ കൃഷ്ണൻ ഭഗവത് ഗീതയിൽ എഴുതിയതുപോലെ സത്യത്തിന്‍റേതായിരിക്കും അന്തിമ വിജയം. കുറുക്കുവഴികള്‍ പെട്ടെന്നുള്ള ഫലങ്ങള്‍ നല്‍കാം, പക്ഷേ, ദീര്‍ഘകാല വിശ്വാസ്യതയെ അത് ദുര്‍ബലപ്പെടുത്തുന്നു. സത്യസന്ധത, വിശ്വാസ്യത, സമര്‍പ്പണം, തുടങ്ങിയ മൂല്യങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തണം” -ഗഡ്കരി പറഞ്ഞു.

എന്തും നേടിയെടുക്കാന്‍ കുറുക്കുവഴിയുണ്ട്. കുറുക്കുവഴികളിലൂടെ ഒരു വ്യക്തി കൂടുതല്‍വേഗത്തില്‍ കടന്നുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഹാനുഭവ വിഭാഗത്തിന്റെ സ്ഥാപകനായ ചക്രാധര്‍ സ്വാമി പകർന്നുനൽകിയ മൂല്യങ്ങൾ എല്ലാവരും ജീവിതത്തില്‍ പിന്തുടരണം. സത്യം, അഹിംസ, മാനവത, സനമത്വം എന്നിയാണ് അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ. ജനങ്ങൾ അംഗീകരിച്ച ആരും സ്വേഛാധിപതികളല്ലെന്ന് ചരിത്രം കാണിച്ചുതരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സമാന രീതിയിലുള്ള പരാമർശങ്ങൾ മുമ്പും ഗഡ്കരി ഉന്നയിച്ചിട്ടുണ്ട്. പൊതുഭരണത്തിൽ അച്ചടക്കം ഉറപ്പാക്കാൻ സർക്കാറിനെതിരെ കോടതിയിൽ കേസുകൾ ഫയൽ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കഴിഞ്ഞ മാസം ഗഡ്കരി പറഞ്ഞിരുന്നു. “ സമൂഹത്തിൽ സർക്കാറിനെതിരെ കോടതിയിൽ ഹരജി നൽകുന്ന ചിലർ ഉണ്ടാകണം. ഇത് രാഷ്ട്രീയക്കാരിൽ അച്ചടക്കം കൊണ്ടുവരുന്നു. കോടതി ഉത്തരവിന് ചെയ്യാൻ കഴിയുന്ന പലതും മന്ത്രിമാർക്ക് പോലും ചെയ്യാൻ കഴിയില്ല. ഇത് ജനകീയ രാഷ്ട്രീയത്തിന് വഴിവെക്കുന്നു” -ഗഡ്കരി പറഞ്ഞു.

കഴിഞ്ഞ വർഷം, മോദി സർക്കാർ ടി.ഡി.പിയും ആർ.ജെ.ഡിയുമായി സഖ്യമുണ്ടാക്കിയതിൽ എതിർപ്പുമായി ഗഡ്കരി രംഗത്തുവന്നിരുന്നു. അവസരവാദ രാഷ്ട്രീയക്കാർ ഭരണകക്ഷിയുമായി സഖ്യമുണ്ടാക്കുന്നതിൽ മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. അധികാരം നിലനിർത്താൻ ബി.ജെ.പി എപ്പോഴും ഈ രണ്ട് പാർട്ടികളുടെയും താൽപര്യം സംരക്ഷിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    
News Summary - Nitin Gadkari says one who can fool people is the best leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.