‘കമ്യൂണിസ്റ്റുകൾ ഭീരുക്കൾ’; നിർമല സീതാരാമന്‍റെ പരാമർശം രാജ്യസഭ രേഖകളിൽനിന്ന് നീക്കി

ന്യൂഡല്‍ഹി: രാജ്യത്തെ കമ്യൂണിസ്റ്റുകളെല്ലാം ഭീരുക്കളാണെന്ന കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ പരാമർശം രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണൻ സഭാ രേഖകളില്‍നിന്ന് നീക്കം ചെയ്തു. യു.പി.ഐ ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് നികുതി ഈടാക്കുന്ന, നികുതി ബില്ലിന്മേലുള്ള ചർച്ചക്കിടെ രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ വിമർശനത്തെ നേരിട്ടപ്പോഴാണ് രാജ്യത്തെ കമ്യൂണിസ്റ്റുകളെല്ലാം ഭീരുക്കളാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്.

ഇത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഇടത് എം.പിമാർ കത്ത് നൽകിയതിന് പിന്നാലെയാണ് ചെയർമാന്റെ നടപടി. വസ്തുതകളറിയാതെ എല്ലാവരെയും ആക്രമിക്കുകയെന്നതും വസ്തുതകളെ വളച്ചൊടിക്കുകയെന്നതും കമ്യൂണിസ്റ്റ് രീതിയാണെന്ന് പറഞ്ഞ നിർമല, ഒടുവിൽ ഓരോന്നിനും മറുപടി നൽകുമ്പോൾ അത് നേരിടാനുള്ള ധൈര്യം കമ്യൂണിസ്റ്റുകൾക്കില്ലെന്ന് കുറ്റപ്പെടുത്തി. തുടർന്ന് ഭീരുക്കൾ എന്ന് കമ്യൂണിസ്റ്റുകളെ നിർമല വിളിച്ചതോടെ സഭ ബഹളത്തിലമർന്നു. അതോടെ പ്രകോപിതയായ നിർമല രാജ്യത്തെ കമ്യൂണിസ്റ്റുളെല്ലാം ഭീരുക്കളാണെന്ന് ആവർത്തിച്ചു.

ജോൺ ബ്രിട്ടാസ് അത് തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞതത്രയും കള്ളമാണെന്നും അവർ പറഞ്ഞു. ഇത്രയും പറഞ്ഞതിൽ നിന്ന് ഭീരുക്കൾ എന്ന പദം രണ്ടിടത്തുനിന്നും ചെയർമാൻ നീക്കം ചെയ്തതായി രാജ്യസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.

ഭീരുക്കളെന്ന വിളി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.ഐ രാജ്യസഭാ കക്ഷി നേതാവ് പി. സന്തോഷ് കുമാര്‍ എം.പി രാജ്യസഭാ അധ്യക്ഷന്‍ സി.പി. രാധാകൃഷ്ണന് കത്ത് നല്‍കി. സാധാരണക്കാരെ വഞ്ചിച്ച് യു.പി.ഐ ഇടപാടുകൾക്കുമേൽ പരോക്ഷ നികുതി ഏർപ്പെടുത്താനാണ് കേന്ദ്രനീക്കമെന്നും രാജ്യത്തെ തുലക്കാൻ വേണ്ടിയാണ് ആദായനികുതിഭേദഗതി ബിൽ കൊണ്ടുവന്നതെന്നും ബ്രിട്ടാസ് കുറ്റപ്പെടുത്തിയിരുന്നു.

Tags:    
News Summary - Nirmala Sitharaman's remark removed from Rajya Sabha records

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.