മുരളി മനോഹർ ജോഷി


ക്ഷേത്രത്തിൽ 'ഭജൻ ജാമിംഗ്'! സൈന്യത്തിന്റെ നീക്കത്തിനെതിരെ ആഞ്ഞടിച്ച് മുരളി മനോഹർ ജോഷി

ഡെറാഡൂൺ: പ്രശസ്തമായ ബദരീനാഥ് തീർത്ഥാടന കേന്ദ്രത്തിന് സമീപം ഇന്ത്യൻ സൈന്യത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോൺസേർട്ട് ശൈലിയിലുള്ള 'ഭജൻ ജാമിംഗ്' സംഗീത പരിപാടിക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി. ഹിമാലയൻ പുണ്യക്ഷേത്രത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെയും ആത്മീയ പവിത്രതയെയും ചവിട്ടിമെതിക്കുന്ന നടപടിയാണിതെന്നും, ഇത്തരം പരിപാടികൾ അടിയന്തരമായി നിരോധിക്കണമെന്നും അദ്ദേഹം കേന്ദ്ര-ഉത്തരാഖണ്ഡ് സർക്കാരുകളോട് ആവശ്യപ്പെട്ടു. 

'നമ്മുടെ പൈതൃകം, നമ്മുടെ ഭാവി' എന്ന പ്രമേയത്തിൽ സെപ്റ്റംബർ 19, 20 തീയതികളിലാണ് സമുദ്രനിരപ്പിൽ നിന്ന് 10,200 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബദരീനാഥ് ക്ഷേത്രത്തോട് ചേർന്നുള്ള ടൂറിസ്റ്റ് അറൈവൽ പ്ലാസയിൽ പരിപാടി സംഘടിപ്പിച്ചത്. ചമോലി ജില്ലാ ഭരണകൂടവും ഉത്തരാഖണ്ഡ് ടൂറിസം വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിൽ പരിപാടിയുടെ സംഘാടകർ ഇന്ത്യൻ സൈന്യമാണെന്ന് വ്യക്തമായിരുന്നു. വലിയ ശബ്ദത്തിലുള്ള സംഗീതോപകരണങ്ങളും ഡി.ജെ ലൈറ്റുകളുമായി അരങ്ങേറിയ പരിപാടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വലിയ വിവാദമായത്. 

'ദിവ്യമായ സ്തോത്രങ്ങളിലൂടെയുള്ള ശാന്തമായ ഭക്തിക്കായി ആദിഗുരു ശങ്കരാചാര്യർ ഹിമാലയൻ താഴ്‌വരയിൽ സ്ഥാപിച്ച പുണ്യക്ഷേത്രമാണിത്. ഭഗവാൻ വിഷ്ണുവിന്റെ ധ്യാനത്തിന് ഭംഗം വരാതിരിക്കാൻ ഒരു ശംഖുനാദം പോലും മുഴക്കാൻ അനുവാദമില്ലാത്ത ഇടമാണിത്. എന്നാൽ, ആ പാരമ്പര്യങ്ങളെല്ലാം കാറ്റിൽപ്പറത്തി വലിയ ശബ്ദത്തിലുള്ള സംഗീത പരിപാടി സംഘടിപ്പിച്ചത് ഇന്ത്യയുടെ ആത്മീയ, സാംസ്കാരിക, പാരിസ്ഥിതിക മൂല്യങ്ങളോടുള്ള കടുത്ത അനാദരവാണ്,' എന്ന് ജോഷി 'എക്സി'ൽ കുറിച്ചു. ഇത്രയും ഉയർന്ന മലനിരകളിൽ ആയിരക്കണക്കിന് ആളുകളെ നൃത്തം ചെയ്യാൻ അനുവദിച്ചത് ജനങ്ങളുടെ ആരോഗ്യത്തെപ്പോലും ദോഷകരമായി ബാധിക്കുന്ന ഒന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

ദേവഭൂമിയെ വാണിജ്യ സംസ്കാരത്തിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കങ്ങൾക്കെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചു. 'ഹിമാലയം ദിവ്യമാണ്, പരമശിവന്റെ വാസസ്ഥലവും ഗംഗാമാതാവിന്റെ ഉത്ഭവസ്ഥാനവുമാണ്. ഈ പുണ്യഭൂമിയെ നൃത്തവേദിയാക്കി മാറ്റുന്നത് കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസങ്ങൾക്കേറ്റ കനത്ത പ്രഹരമാണ്,' ജോഷി കൂട്ടിച്ചേർത്തു. നേരത്തെ, ജ്യോതിർമഠം ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി ഉൾപ്പെടെയുള്ള ആത്മീയ ആചാര്യന്മാരും പ്രദേശവാസികളും പരിപാടിക്കെതിരെ രംഗത്തെത്തിയിരുന്നു. പുണ്യഭൂമിയിലെ അനാചാരങ്ങൾക്കെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും കടുത്ത പ്രതിഷേധവുമായി മുന്നോട്ടുപോവുകയാണ്.

Tags:    
News Summary - ‘Assault on Devotees’ Faith’: MM Joshi Slams Army’s ‘Bhajan Jamming’ at Badrinath, Demands Ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.