ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വൻ പ്രതിഷേധം; മഹുവ മൊയ്ത്രയും യോഗേന്ദ്ര യാദവുമടക്കം 150ലധികം പേർ കസ്റ്റഡിയിൽ
ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും അറസ്റ്റും ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം നടത്തിയ രാഷ്ട്രീയ നേതാക്കളും വിദ്യാർഥി പ്രതിനിധികളും സന്നദ്ധപ്രവർത്തകരുമടക്കം 150-ലധികം പേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ജന്തർമന്തറിനും ദീൻദയാൽ ഉപാധ്യായ (ഡി.ഡി.യു) മാർഗിനും സമീപമുള്ള മൂന്ന് കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെയും (എസ്.ഐ.ആർ) പ്രതിഷേധമുയർന്നു.
തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര, ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ്, ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ഡി.പി.സി.സി) പ്രസിഡന്റ് ദേവേന്ദർ യാദവ്, സി.പി.ഐ (എം.എൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എ.ഐ.എസ്.എ) പ്രസിഡന്റ് നേഹ ബോറ തുടങ്ങിയ പ്രമുഖരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് രാത്രി എട്ടുമണിയോടെ വിട്ടയച്ചു.
സമരത്തിന് മുൻകൂർ അനുമതി വാങ്ങിയിരുന്നില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പ്രതിഷേധ വിവരം അറിയിച്ചിരുന്നതായി എ.ഐ.എസ്.എ വ്യക്തമാക്കി. ജന്തർമന്തറിലേക്കും തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്കും മാർച്ച് നടത്താൻ ശ്രമിച്ച പ്രവർത്തകരെയാണ് ഡൽഹി പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും ചേർന്ന് തടഞ്ഞത്. കസ്റ്റഡിയിലെടുത്തവരെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റുകയായിരുന്നു.
പ്രതിഷേധം ജനാധിപത്യ അവകാശമാണെന്നും വോട്ടവകാശം ഹനിക്കപ്പെടുമ്പോൾ ചോദ്യം ചെയ്യുമെന്നും നേതാക്കൾ പ്രതികരിച്ചു. ഗ്യാനേഷ് കുമാറിനെ കമീഷണർ സ്ഥാനത്തുനിന്ന് നീക്കുന്നത് വരെ സമരം തുടരുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. ജന്തർമന്തറിലും പരിസരങ്ങളിലും ഡൽഹി പൊലീസിനു പുറമെ ബി.എസ്.എഫ്, സി.ആർ.പി.എഫ് സേനകളെയും വിന്യമിച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് ഡി.ഡി.യു മാർഗിൽ ഗതാഗതവും തടസ്സപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.