നിമിഷപ്രിയയുടെ മോചനം: ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: കൊലക്കുറ്റത്തിന് ജൂലൈ 16ന് യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയെ (38) രക്ഷിക്കാൻ നയതന്ത്ര മാർഗങ്ങൾ ഉപയോഗിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാകും ഹരജി പരിഗണിക്കുക.

നയതന്ത്ര മാർഗങ്ങൾ എത്രയുംവേഗം പരിശോധിക്കണമെന്ന് അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ജൂലൈ 10ന് വിഷയം അടിയന്തരമായി പരിഗണിക്കാൻ തീരുമാനിച്ചു. ശരീഅത്ത് നിയമപ്രകാരം മരിച്ചയാളുടെ കുടുംബത്തിന് ദയാധനം നൽകുന്ന കാര്യം പരിശോധിക്കാമെന്ന് അഭിഭാഷകൻ വാദിച്ചിരുന്നു. ദയാധനം നൽകിയാൽ മരിച്ചയാളുടെ കുടുംബം നിമിഷപ്രിയക്ക് മാപ്പ് നൽകിയേക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹരജിയുടെ പകർപ്പ് അറ്റോണി ജനറലിന് നൽകാൻ ബെഞ്ച് അഭിഭാഷകനോട് നിർദേശിച്ചു.

പാലക്കാട് സ്വദേശിയായ നഴ്‌സ് നിമിഷപ്രിയ 2017ൽ തന്റെ യമൻ ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തിയതിനാണ് ശിക്ഷിക്കപ്പെട്ടത്. 2020ൽ ആണ് വധശിക്ഷ വിധിച്ചത്. 2023ൽ വധശിക്ഷ റദ്ദാക്കാനുള്ള അന്തിമ അപേക്ഷ തള്ളിയിരുന്നു. യമൻ തലസ്ഥാനമായ സൻആയിലെ ജയിലിലാണ് അവരിപ്പോൾ. സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിൽ സംഘടനയാണ് ഹരജി നൽകിയത്.

മോചനത്തിനായി ബോചെ രംഗത്ത് ഒരു കോടി രൂപ നല്‍കും

കോഴിക്കോട്: വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്. ദുബൈയില്‍ ബിസിനസ് ചെയ്യുന്ന ഇസ്സുധിന്‍ എന്ന യമന്‍ പൗരനും ബോചെയുടെ സുഹൃത്തായ അബ്ദുൽ റഹൂഫ് എന്ന ദുബൈ ബിസിനസുകാരനുമാണ് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത്.

ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് മോചനദ്രവ്യമായി ഒരു കോടി രൂപ നല്‍കും. ബാക്കി തുക സമാഹരിക്കാന്‍ നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലും അബ്ദുൽ റഹീം നിയമസഹായ സമിതിയുമായി ആലോചിച്ച് തീരുമാനിക്കും. മോചന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ബോചെ ഒമാനിലേക്ക് തിരിക്കും. ഇടനിലക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് യാത്ര. വധശിക്ഷ നീട്ടിവെക്കുന്നത് ഉള്‍പ്പെടെ ആവശ്യങ്ങള്‍ പരിഗണിക്കാനായി ഇടനിലക്കാര്‍ പ്രാദേശിക നേതൃത്വവുമായി സംസാരിച്ചിട്ടുണ്ട്. ജാതിമത, കക്ഷി രാഷ്ട്രീയ ഭേദമന്യെ മലയാളികള്‍ ഒരുമിച്ചുനിന്ന് നിമിഷപ്രിയയുടെ മോചനം സാധ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബോചെ പറഞ്ഞു.

Tags:    
News Summary - Nimisha Priya's release: Supreme Court to consider petition today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.