നിമിഷ പ്രിയ

നിമിഷ പ്രിയ: വധശിക്ഷ 24നോ 25നോ നടപ്പാക്കുമെന്ന് സുപ്രീംകോടതിയിൽ ഹരജി; മാധ്യമ വാർത്തക്ക് വിലക്കേർപ്പെടുത്തണമെന്നും ആവശ്യം

ന്യൂഡൽഹി: യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ ശിക്ഷ ഈ മാസം 24നോ, 25നോ നടപ്പാക്കുമെന്നും, മൂന്നു ദിവസങ്ങളിൽ ഇതു സംബന്ധിച്ച വാർത്തകൾ നൽകുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നുമാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി. നിമിഷപ്രിയയുടെ മോചന ശ്രമത്തിനായി പരിശ്രമിക്കുന്നു എന്നവകാശപ്പെടുന്ന സുവിശേഷ പ്രചാരകൻ കെ.എ പോൾ ആണ് ഹരജിയുമായി സുപ്രീം കോടതിയിലെത്തിയത്.

ആഗസ്റ്റ് 24നോ, 25നും നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നും ഹരജിക്കാരൻ സുപ്രീം കോടതിയിൽ നേരിട്ട് ഹാജരായി അറിയിച്ചു. ഈ ദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു.

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയർ, സഹായ സമിതി പ്രവർത്തകൻ സുഭാഷ് ചന്ദ്രൻ എന്നിവരെ ഈ വിഷയത്തിൽ സംസാരിക്കുന്നതിൽ നിന്നും വിലക്കണമെന്നും ആവശ്യപ്പെട്ടു.

ഹരജി പരിഗണിച്ച സുപ്രീം കോടതി അറ്റോണി ജനറലിന് നോട്ടീസ് അയച്ചു. 25ന് കേസ് കേൾക്കാമെന്നും കോടതി അറിയിച്ചു.

നിമിഷ പ്രിയ കേസുമായി ബന്ധപ്പെട്ട് വ്യാജ പണപ്പിരിവ് നടത്തുന്നതായി കെ.എ പോളിനെതിരെ പരാതി ഉയർന്നിരുന്നു. സംഭവവുമായി ബന്ധ​പ്പെട്ട് കേന്ദ്ര സർക്കാർ പരിശോധനയും നടത്തി.

പണപ്പിരിവിൽ കെ.എ പോളിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

നിമിഷപ്രിയയുടെ ഞെട്ടിക്കുന്ന കത്ത് തനിക്ക് ലഭിച്ചതായും, അവരുടെ കുടുംബവുമായി സംസാരിച്ചതായും അടിയന്തിര ഇടപെടലിന് നിമിഷ പ്രിയ സഹായം തേടിയതായും ഹരജിക്കാരൻ കോടതിയോട് അഭ്യർഥിച്ചു. മാധ്യമങ്ങളും വിഷയത്തിൽ ഇടപെടുന്ന ചില വ്യക്തികളും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ഇവരെ വിലക്കണമെന്നുമാണ് കെ.എ പോളിന്റെ ആവശ്യം.

അതേസമയം, മോചനം സാധ്യമാക്കാൻ 8.3കോടി രൂപ ആവശ്യപ്പെട്ടുള്ള കെ.എ പോളി​ന്റെ സാമൂഹ്യ മാധ്യമ പോസ്റ്റിൽ വിദേശകാര്യമന്ത്രാലയത്തിന്റെ ഫാക്ട് ചെക്കിങ് വിഭാഗം ഏതാനും ദിവസം മുമ്പ് വിശദീകരണം നൽകിയിരുന്നു.

പാലക്കാട് സ്വദേശിനിയായ നിമിഷ പ്രിയ 2008ലാണ് യെമനിലേക്ക് പോകുന്നത്. പിന്നീട് സ്വന്തമായി ഒരു ക്ലിനിക്ക് ആരംഭിക്കുകയായിരുന്നു. 2017ൽ അവരുടെ പാസ്‌പോർട്ട് കൈവശം വച്ചിരുന്ന ബിസിനസ് പങ്കാളി തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. പാസ്‌പോർട്ട് തിരികെ വാങ്ങാനായി ലഹരിമരുന്ന് കുത്തിവെക്കുകയും, കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മരിക്കുകയുമായിരുന്നു. തലാലിന്റെ മൃതദേഹം വാട്ടർ ടാങ്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ സംഭവത്തിൽ അറസ്റ്റിലായ ശേഷം, നിമിഷ പ്രിയക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.

വധ​ശിക്ഷ നടപ്പാക്കുന്ന തീയതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കാന്തപുരം അബൂബക്കർ മുസ്‍ലിയാർ ഉൾപ്പെടെയുള്ളവർ ഇടപെട്ടത്. വധശിക്ഷ നടപ്പാക്കുന്നത് യെമൻ കോടതി നീട്ടിവെച്ചിരുന്നു.

Tags:    
News Summary - Nimisha Priya will be executed in two days, plea in SC seeking media gag order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.