തഹാവുർ റാണ ഡൽഹിയിൽ എൻ.ഐ.എ കസ്റ്റഡിയിൽ
ന്യൂഡൽഹി: 2008ലെ മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവുർ റാണയെ ഇന്ത്യയിലെത്തിച്ച് എൻ.ഐ.എ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. കനത്ത സുരക്ഷയിൽ ബുള്ളറ്റ് പ്രൂഫ് വാഹനത്തിലാണ് റാണയെ പ്രത്യേക എൻ.ഐ.എ കോടതിയിലെത്തിച്ചത്. എൻ.ഐ.എ അഭിഭാഷകരും കോടതിയിലെത്തി. റാണക്ക് വേണ്ടി ഡൽഹി ലീഗൽ സർവീസ് അതോറിറ്റി അഭിഭാഷകനെ നിശ്ചയിച്ചിട്ടുണ്ട്. അതിനിടെ, ഇന്ത്യയിലെത്തിച്ച ശേഷമുള്ള റാണയുടെ ചിത്രം എൻ.ഐ.എ പുറത്തുവിട്ടു.
വ്യാഴാഴ്ച വൈകീട്ട് 6.30നാണ് യു.എസിൽനിന്ന് പുറപ്പെട്ട പ്രത്യേക വിമാനം ഡൽഹി പാലത്തെ സൈനിക വിമാനത്താവളത്തിലെത്തിയത്. റാണയെ ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് വ്യാഴാഴ്ച ഡൽഹിയിൽ ഒരുക്കിയിരുന്നത്. ആദ്യം വ്യാഴാഴ്ച രാവിലെ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മോശം കാലാവസ്ഥ പ്രതിസന്ധിയായതോടെ യാത്ര വൈകുകയായിരുന്നുവെന്ന് സുരക്ഷാ അധികൃതർ പറഞ്ഞു.
ഡൽഹി തിഹാർ ജയിലിലാണ് അതിസുരക്ഷാ ക്രമീകരണങ്ങളോടെ റാണയെ നിലവിൽ പാർപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ഇവിടെനിന്ന് മുംബൈയിൽ എത്തിക്കുകയാണെങ്കിൽ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മൽ കസബിനെ പാർപ്പിച്ച ആർതർ റോഡിലെ സെൻട്രൽ ജയിലിലെ 12ാം നമ്പർ ബാരക്കിലായിരിക്കും റാണയെയും പാർപ്പിക്കുക. ഇരു ജയിലുകളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.