ചെന്നൈ: കേരളത്തിൽനിന്ന് ലോറികളിൽ കൊണ്ടുവന്ന് തിരുനെൽവേലി ഭാഗത്ത് തള്ളിയ ആശുപത്രി മാലിന്യം മൂന്നുദിവസത്തിനകം നീക്കംചെയ്യണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ദക്ഷിണ മേഖല ബെഞ്ച് ഉത്തരവിട്ടു.
കേരള സർക്കാർ മുൻകൈയെടുത്ത് മാലിന്യം തിരികെ കൊണ്ടുപോവുകയോ അല്ലെങ്കിൽ ഇതിന്റെ ചെലവ് കേരള മലിനീകരണ നിയന്ത്രണ ബോർഡ് വഹിക്കുകയോ വേണം. സംഭവത്തിൽ റീജനൽ കാൻസർ സെന്ററിനും (ആർ.സി.സി) കോവളത്തെ സ്വകാര്യ ഹോട്ടലിനുമെതിരെ നടപടിയെടുക്കാനും നിർദേശിച്ചു. കേരളത്തിൽനിന്ന് മാലിന്യം കൊണ്ടുവന്ന് തമിഴ്നാട്ടിൽ തള്ളുന്നത് പതിവായിരിക്കുകയാണെന്നും മാലിന്യ സംസ്കരണത്തിന് സംവിധാനമേർപ്പെടുത്താത്ത ആശുപത്രികൾക്ക് ലൈസൻസ് നൽകരുതെന്നും ഉത്തരവിലുണ്ട്.
തിരുനെൽവേലി ഉൾപ്പെടെ തമിഴ്നാട്ടിന്റെ അതിർത്തി പ്രദേശങ്ങളിൽ കേരളത്തിൽനിന്ന് ആശുപത്രി മാലിന്യം തള്ളുന്നതിനെതിരെ ജനരോഷമുയർന്നിരുന്നു. ഇതേത്തുടർന്ന് ട്രൈബ്യൂണൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ചെന്നൈ: തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെ മാലിന്യം തിരുനെൽവേലി ജില്ലയിലെ നടുക്കല്ലൂർ, കൊടകനല്ലൂർ പ്രദേശങ്ങളിൽ തള്ളിയ കേസിൽ തമിഴ്നാട് പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഏജന്റുമാരായി പ്രവർത്തിച്ച സുത്തമല്ലി സ്വദേശികളായ മനോഹർ (51), മായാണ്ടി (42) എന്നിവരാണ് അറസ്റ്റിലായത്. അന്വേഷണം തുടരുമെന്ന് എസ്.പി സിലംബരസൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.