ന്യൂഡൽഹി: 27 വർഷത്തിന് ശേഷം നിയമസഭ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടി ഡൽഹിയിൽ അധികാരത്തിലേറിയ ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം ബിഹാർ. ഭരണനേട്ടങ്ങൾ ചൂണ്ടിക്കാട്ടി ബിഹാറിൽ വിജയിക്കാൻ സാധിക്കുമെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാർ അടക്കം എൻ.ഡി.എ നേതാക്കളുടെ വിലയിരുത്തൽ.
243 അംഗ ബിഹാർ നിയമസഭയിൽ 225 സീറ്റ് നേടുകയാണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ ലക്ഷ്യം. ഈ വർഷം ഒക്ടോബറിലോ നവംബറിലോ ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് എൻ.ഡി.എ വീണ്ടും അധികാരത്തിൽ വരുമെന്ന് മുതിർന്ന ബി.ജെ.പി എം.എൽ.എയും മുൻ ഉപമുഖ്യമന്ത്രിയുമായ തർകിഷോർ പ്രസാദ് പറയുന്നു.
എൻ.ഡി.എയുടെ പ്രധാന സഖ്യകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്.എ.എം) നേതാവും കേന്ദ്രമന്ത്രിയുമായ ജിതൻ റാം മാഞ്ചിയുടെ പ്രതികരണവും ബിഹാറിലെ വിജയം ലക്ഷ്യം വച്ചുള്ളതാണ്. ഡൽഹി ഒരു നോട്ടം മാത്രമാണെന്നും ബിഹാർ ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നും ജിതൻ റാം മാഞ്ചി വ്യക്തമാക്കി.
അതേസമയം, ബി.ജെ.പിയുടെ അവകാശവാദത്തിനെതിരെ ലാലു പ്രസാദ് യാദവിന്‍റെ രാഷ്ട്രീയ ജനത ദൾ രംഗത്തെത്തി. എൻ.ഡി.എയുടെ വാദങ്ങളെ പ്രതിരോധിക്കാൻ ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് ഫലമാണ് ആർ.ജെ.ഡി ചൂണ്ടിക്കാട്ടുന്നത്. ഹേമന്ത് സോറനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചെങ്കിലും ഇൻഡ്യ സഖ്യത്തിന്‍റെ ഭാഗമായ ജാർഖണ്ഡ് മുക്തി മോർച്ച വൻ വിജയം നേടി ഝാർഖണ്ഡിൽ അധികാരം നിലനിർത്തിയിരുന്നു.
ബിഹാർ മാറ്റത്തിന് വോട്ട് ചെയ്യുമെന്ന് ആർ.ജെ.ഡി വക്താവ് മൃതുഞ്ജയ് തിവാരി പറഞ്ഞു. ഝാർഖണ്ഡിലെ ഫലം സംസ്ഥാനത്ത് സ്വാധീനിക്കപ്പെടുമെന്നും ഡൽഹി തെരഞ്ഞെടുപ്പ് ബിഹാറിനെ ബാധിക്കില്ലെന്നും തിവാരി ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ സഖ്യത്തിൽ നിന്ന് കളംമാറിയ മുഖ്യമന്ത്രി നിതീഷ് കുമാറും ജെ.ഡി.യുവും ബി.ജെ.പിക്കൊപ്പം ചേരുകയും ലോക്സഭ തെരഞ്ഞെടുപ്പിൽ ബിഹാറിലെ 40 സീറ്റുകളിൽ 30ലും വിജയിക്കുകയും ചെയ്തിരുന്നു.
ബിഹാറിന് വേണ്ടി ധനമന്ത്രി നിർമല സീതാരാമന്‍ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ എൻ.ഡി.എക്ക് തെരഞ്ഞെടുപ്പിൽ നേട്ടം കൈവരിക്കാൻ സഹായിക്കുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ.
വാശിയേറിയ ഡൽഹി തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ ആം ആദ്മി പാർട്ടിക്ക് 70 അംഗ നിയമസഭയിൽ 28 സീറ്റ് നേടാനെ കഴിഞ്ഞുള്ളൂ. എന്നാൽ, 48 സീറ്റ് പിടിച്ച ബി.ജെ.പി 27 വർഷത്തിന് ശേഷം രാജ്യതലസ്ഥാനത്ത് അധികാരത്തിലേറി.
ആം ആദ്മിയും മുതിർന്ന നേതാക്കളായ അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ്, ദുർഗേഷ് പഥക് അടക്കമുള്ളവർ കനത്ത തോൽവി നേരിട്ടപ്പോൾ മുഖ്യമന്ത്രി അതിഷി മാത്രമാണ് വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.