തിരുപ്പതി ക്ഷേത്രത്തിൽ ചെരുപ്പ് ധരിച്ച് കയറി; ക്ഷമാപണം നടത്തി വിക്കി-നയൻ ദമ്പതികൾ

വിവാഹത്തോടെ വിക്കി നയൻ ദമ്പതികളാണ് സമൂഹിക മാധ്യമങ്ങളിലെ പ്രധാന ചർച്ച. തിരുപ്പതി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നവദമ്പതികൾ ദർശനം നടത്തിയ വിഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ക്ഷേത്രത്തിനകത്ത് ചെരുപ്പ് ധരിച്ചുകയറിയത് വിവാദമായി.

വിവാദത്തെ തുടർന്ന് നിയമങ്ങൾ ലഘിച്ചതിന് തിരുപ്പതി ക്ഷേത്ര ബോർഡ് ദമ്പതികൾക്ക് വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തു. എന്നാൽ വിഷയത്തിൽ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദമ്പതികൾ. ചെരുപ്പ് ധരിച്ച് ക‍യറിയത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് തിലുമല തിരുപ്പതി ദേവസ്ഥാനം ബോർഡിനയച്ച കത്തിൽ വിഘ്നേഷ് ശിവൻ പറയുന്നു.

വിവാഹം തിരുപ്പതിയിൽ നടത്തണമെന്നായിരുന്നു ആഗ്രഹിച്ചത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ കാരണം ചെന്നൈയിൽ വച്ചു നടത്തേണ്ടിവന്നുള തങ്ങളുടെ വിവാഹം സമ്പൂർണ്ണമാക്കാൻ വിവാഹവേദിയിൽ നിന്ന് നേരിട്ട് ക്ഷേത്രത്തിലെത്തിയതായിരുന്നെന്ന് വിഘ്നേഷ് കത്തിൽ പറയുന്നു.

ആ നിമിഷത്തിന്‍റെ ഓർമ്മക്കായി ഫോട്ടോ എടുക്കാൻ ആഗ്രഹിച്ചു. എന്നാൽ തിക്കും തിരക്കും കാരണം ക്ഷേത്രത്തിന് പുറത്തേക്ക് വരേണ്ടി വന്നു. തുടർന്ന് തിരക്ക് കുറഞ്ഞപ്പോൾ ക്ഷേത്രത്തിനകത്തേക്ക് വീണ്ടും കയറിയപ്പോൾ ധൃതിയിൽ ചെരുപ്പ് ധരിച്ചത് മറന്നുപോയതാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ എപ്പോഴും അമ്പലത്തിൽ പോവുന്നവരാണെന്നും തികഞ്ഞ ദൈവവിശ്വാസികളാണെന്നും സംഭവത്തിൽ നിരുപാധികം മാപ്പുപറയുന്നതായും കത്തിൽ വ്യക്തമാക്കുന്നു.

തിരുപ്പതിക്ഷേത്രത്തിൽ ചെരുപ്പുകൾ ധരിക്കുന്നതിനും ക്ഷേത്രത്തിനകത്ത് ഫോട്ടോ എടുക്കുന്നതിനും വിലക്കുള്ളതായി തിലുമല തിരുപ്പതി ദേവസ്ഥാനം ബോർഡ് ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫീസർ വ്യക്തമാക്കി.

ആറുവർഷത്തെ പ്രണയത്തിനൊടുവിലാണ് വിഘ്നേഷും നയൻതാരയും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹചടങ്ങ് സൂപ്പർ താരങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു.  


Tags:    
News Summary - Newlyweds Nayanthara and Vignesh Shivan issue apology to Tirupati Temple board post legal notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.