നന്ദ കിഷോർ ഗുർജാർ 

ഡൽഹി വംശഹത്യയിൽ പങ്കുണ്ടെന്ന പ്രസ്താവനയുമായി ബി.ജെ.പി എം.എൽ.എ

ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിൽ 2020ൽ മുസ്ലിംകൾക്കെതിരെ നടന്ന വംശഹത്യയിൽ പങ്കുണ്ടെന്ന പ്രസ്താവനയുമായി ബി.ജെ.പി എം.എൽ.എ നന്ദ കിഷോർ ഗുർജാർ. വിശ്വഹിന്ദു പരിഷത്ത് ഞായറാഴ്ച വിരാട് ഹിന്ദു സഭ എന്ന പേരിൽ ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് എം.എൽ.എയുടെ വെളിപ്പെടുത്തൽ. മുസ്‍ലിംകൾക്കെതിരെ കൊലവിളി പ്രസം​ഗം നടന്ന പരിപാടിയുടെ കൂടുതൽ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിലാണ് എം.എൽ.എ ഡൽഹി വംശഹത്യയിലെ പങ്കിനെ കുറിച്ച് പറയുന്നത്. ലോണിയിലെ എം.എൽ.എയാണ് നന്ദ കിഷോർ ഗുർജാർ.

'നമ്മൾ ആരെയും ഉപദ്രവിക്കുന്നില്ല. എന്നാൽ ആരെങ്കിലും നമ്മുടെ സഹോദരിമാരെയോ അമ്മമാരെയോ ഉപദ്രവിച്ചാൽ അവരെ നമ്മൾ വെറുതെവിടില്ല. ഡൽഹിയിൽ മുമ്പ് കലാപമുണ്ടായത് സി.എ.എ സമരത്തെ തുടർന്നാണ്. ആ സമയത്ത് ഈ ജിഹാദികൾ ഹിന്ദുക്കളെ കൊല്ലാൻ തുടങ്ങി. നിങ്ങൾ അവിടെയുണ്ടായിരുന്നല്ലോ. നിങ്ങളാണ് ഞങ്ങളെ അകത്ത് കടത്തിയത്. രണ്ടരലക്ഷം പേരെ ഡൽഹിയിലേക്ക് കൊണ്ടുവന്നെന്നാണ് നമുക്കെതിരെ ആരോപണമുള്ളത്. നമ്മൾ അവർക്ക് വിശദീകരണം നൽകാനാണ് പോയത്. എന്നാൽ, ജിഹാദികളെ കൊന്നതിന് പൊലീസ് നമുക്കെതിരെ കേസെടുത്തു. ജിഹാദികളെ നമ്മൾ കൊല്ലും. എപ്പോഴും അങ്ങനെ ചെയ്യും' -നന്ദ കിഷോർ ഗുർജാർ പ്രസംഗത്തിൽ പറഞ്ഞു.

ഞായറാഴ്ച ഡൽഹിയിൽ വി.എച്ച്.പി സംഘടിപ്പിച്ച വിരാട് ഹിന്ദു സഭയിൽ മുസ്ലിംകൾക്കെതിരെ കൊലവിളി പ്രസംഗങ്ങളാണുയർന്നത്. മുസ്ലിംകളെ സമ്പൂർണമായി ബഹിഷ്കരിക്കാൻ ബി.ജെ.പി എം.പി പർവേഷ് വർമ ആഹ്വാനം ചെയ്തത് വിവാദമായിരിക്കുകയാണ്.

മനീഷ് എന്ന യുവാവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്നതിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സാജിദ്, ആലം, ബിലാൽ, ഫൈസാൻ, മൊഹ്സിൻ, ഷാക്കിർ എന്നിവരെ കൊലപാതകത്തിൽ അറസ്റ്റ് ചെയ്തിരുന്നു. മുൻവൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറയുന്നു.

ഇത്തരം സംഭവങ്ങൾ ഇനിയുണ്ടാകാതെ നോക്കണമെന്ന് നന്ദ കിഷോർ ഗുർജാർ പ്രസംഗത്തിൽ പറയുന്നു. അടുത്ത പദ്ധതിയുടെ ഭാഗമായി അരലക്ഷം പേരെ ലോണിയിൽ നിന്ന് നമ്മൾ കൊണ്ടുവരും. അതൊരു വലിയ കാര്യമല്ല. അത്രയും പേർ നിങ്ങൾക്കായി വരും. എപ്പോൾ ആവശ്യമുണ്ടെങ്കിലും വരും -എം.എൽ.എ പ്രസംഗത്തിൽ പറയുന്നു.

മുസ്ലിംകളെ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തായിരുന്നു ബി.ജെ.പി എം.പി പർവേശ് സാഹിബ് സിങ് വർമയുടെ വിദ്വേഷ പ്രസംഗം. 'ഉന്തുവണ്ടികളിൽ സാധനങ്ങൾ വിൽക്കുന്ന അവരിൽനിന്ന് പച്ചക്കറികൾ വാങ്ങരുത്. അവരുടെ മത്സ്യ-മാംസ കടകൾക്ക് ലൈസൻസ് ഇല്ലെങ്കിൽ അടച്ചുപൂട്ടിക്കാൻ മുനിസിപ്പൽ കോർപറേഷനോട് ആവശ്യപ്പെടണം. അവർക്ക് ഒരു ജോലിയും നൽകരുത്. അവരുടെ തല നേരെയാക്കണമെങ്കിൽ എവിടെ കണ്ടാലും സമ്പൂർണമായി ബഹിഷ്കരിക്കുക മാത്രമാണ് പ്രതിവിധി' -ബി.ജെ.പി എം.പി പ്രസംഗത്തിൽ പറഞ്ഞു. 

Tags:    
News Summary - new videos from Virat Hindu Sabha, BJP MLA indicates involvement in 2020 Delhi riots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.