എൻ. ചന്ദ്രബാബു നായിഡു

ആദിവാസികൾക്കായി ആരോഗ്യ-ഡിജിറ്റൽ പദ്ധതികളുമായി ആന്ധ്രാ സർക്കാർ; ആംബുലൻസുകളും മൊബൈൽ മെഡിക്കൽ യൂണിറ്റുകളും സജ്ജമാക്കും

​വിജയവാഡ: അംബേദ്കർ കലാവേദിയിൽ ലോക ആദിവാസി ദിനാചരണത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ സംസാരിക്കവെ, ദുർഘടമായ പ്രദേശങ്ങളിലെ ആരോഗ്യപരമായ വെല്ലുവിളികൾ നേരിടുന്നതിനായി സർക്കാർ ഫീഡർ ആംബുലൻസുകളും മൊബൈൽ മെഡിക്കൽ യൂണിറ്റുകളും സജ്ജമാക്കുന്നുണ്ടെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു വ്യക്തമാക്കി.

​‘രോഗികളെ പരമ്പരാഗത രീതിയിൽ 'ഡോളിയിൽ' (മഞ്ചൽ) ചുമന്നു കൊണ്ടുപോകേണ്ട ഗതികേട് ആദിവാസികൾക്ക് ഉണ്ടാകരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഉദ്യോഗസ്ഥർക്ക് വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന വിധം ഗോത്രമേഖലകളിൽ ഡിജിറ്റൽ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനായി പുതിയ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്’ അദ്ദേഹം പറഞ്ഞു.

​ഗോത്രവിഭാഗങ്ങളുടെ നേട്ടങ്ങളെ എടുത്തുപറഞ്ഞുകൊണ്ട്, ശരിയായ അവസരങ്ങൾ ലഭിച്ചാൽ തങ്ങളുടെ പാരമ്പര്യം കൈവിടാതെ തന്നെ അവർക്ക് അസാധാരണ വിജയം കൈവരിക്കാൻ കഴിയുമെന്ന് നായിഡു അഭിപ്രായപ്പെട്ടു. സാധാരണ ഗോത്ര പശ്ചാത്തലത്തിൽ നിന്നും രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ജീവിതയാത്ര എല്ലാ പൗരന്മാർക്കും വലിയൊരു പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​സംസ്ഥാനത്തെ 27.39 ലക്ഷം വരുന്ന ആദിവാസികളുടെ സമഗ്ര വികസനത്തിനായി സർക്കാർ 4,764 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, തൊഴിലവസരങ്ങൾ, നൈപുണ്യ വികസനം, ഉപജീവനമാർഗ്ഗങ്ങൾ എന്നിവക്ക് ഇന്റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്‌മെന്റ് ഏജൻസികൾ (ITDA) മുൻഗണന നൽകി വരുന്നുണ്ട്.

​അടികസൗകര്യ വികസനത്തിന്റെ ഭാഗമായി മിഷൻ മോഡ് അടിസ്ഥാനത്തിൽ 2,336 ഗോത്ര ആവാസകേന്ദ്രങ്ങളിലേക്ക് റോഡ് കണക്റ്റിവിറ്റി ഉറപ്പാക്കുന്നുണ്ട്. 'അടവി തല്ലി ബാറ്റ' (Adavi Talli Bata) പദ്ധതിയുടെ കീഴിൽ ഏകദേശം 1,000 കോടി രൂപ ചെലവഴിച്ച് 905 കിലോമീറ്റർ റോഡുകൾ നിർമിച്ചതായി അദ്ദേഹം വ്യക്തമാക്കി.

​അരക്കു കാപ്പിയുടെ വളർച്ചയെക്കുറിച്ചും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. 25 വർഷം മുമ്പ് ചെറിയ രീതിയിൽ തുടങ്ങിയ ഇത് ഇപ്പോൾ ഒരു ആഗോള ബ്രാൻഡായി വളർന്നിരിക്കുകയാണ്. സർക്കാർ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ഏക്കറുകളിൽ കൂടി കാപ്പി കൃഷി വ്യാപിപ്പിക്കുന്നുണ്ട്. കൂടാതെ കാപ്പി, കുരുമുളക്, മഞ്ഞൾ തുടങ്ങിയ നാണ്യവിളകളുടെ പ്രധാന കേന്ദ്രങ്ങളായി ഗോത്രമേഖലകളെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

​പ്രധാനമന്ത്രി നരേന്ദ്രമോദി അരക്കു കാപ്പിയെ ആസ്ട്രേലിയൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചുകൊണ്ട് അന്താരാഷ്ട്ര തലത്തിൽ അതിനെ പ്രോത്സാഹിപ്പിച്ച കാര്യം അദ്ദേഹം ഓർമിപ്പിച്ചു. സംസ്ഥാന സർക്കാർ സന്ദർശകരായ പ്രമുഖർക്കും പാർലമെന്റിലും ഈ ഉൽപ്പന്നം പ്രദർശിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ഉത്പാദനം മുതൽ സംസ്കരണം, ബ്രാൻഡിങ് വരെയുള്ള മുഴുവൻ ശൃംഖലയും ശക്തിപ്പെടുത്തി വനവിഭവങ്ങൾക്ക് മൂല്യവർധനവ് നൽകുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നായിഡു പറഞ്ഞു. സീതമ്പേട്ടയിലെ മഞ്ഞൾ, രാംപചോടവരത്തിലെ റബ്ബർ, പാർവതീപുരത്തെ കൈതച്ചമയം (പൈനാപ്പിൾ), തേൻ, പന ശർക്കര തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക പിന്തുണ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

​ഗോത്രമേഖലകളിൽ ജൈവകൃഷിയിലേക്കുള്ള മാറ്റം പ്രകടമാണെന്നും കർഷകർ സുസ്ഥിരമായ കാർഷിക രീതികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനായി 1.5 ലക്ഷം ഗോത്ര വിഭാഗം യുവ ജനങ്ങൾക്ക്  നൈപുണ്യ പരിശീലനം നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

​‘മത്സരപ്പരീക്ഷകൾക്ക് തയാറെടുക്കുന്ന ഗോത്രവിഭാഗം വിദ്യാർഥികൾക്ക് പ്രത്യേക കോച്ചിങ്ങും നൽകുമെന്നും  അദ്ദേഹം വ്യക്തമാക്കി. അധ്യാപക നിയമനങ്ങളിൽ പ്രാദേശിക ആദിവാസികൾക്ക് 100 ശതമാനം തൊഴിൽ ഉറപ്പാക്കാൻ ലക്ഷ്യമിട്ടിരുന്ന ജി.ഒ. നമ്പർ 3 റദ്ദാക്കപ്പെട്ട സാഹചര്യത്തിൽ, ഗോത്ര വിഭാഗത്തിലെ യുവജനങ്ങളുടെ തൊഴിൽ അവസരങ്ങൾ സംരക്ഷിക്കുന്നതിനുള്ള ബദൽ മാർഗ്ഗങ്ങൾ സർക്കാർ ഗൗരവമായി ആലോചിച്ചുവരികയാണെന്നും നായിഡു കൂട്ടിച്ചേർത്തു.

Tags:    
News Summary - ആദിവാസികൾക്കായി ആരോഗ്യ-ഡിജിറ്റൽ പദ്ധതികളുമായി ആന്ധ്രാ സർക്കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.