ന്യൂഡൽഹി: എം.പിമാരുടെ പ്രാദേശിക വികസന പദ്ധതി (എം.പി ലാഡ്സ്) ഫണ്ടിനുള്ള പുതുക്കിയ മാർഗരേഖ കേരളത്തിന് പ്രതികൂലമാണെന്ന വിമർശനമുയർന്നു. അതിനാൽ മാർഗരേഖ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽനിന്നുള്ള സി.പി.എം എം.പി ഡോ. ജോൺ ബ്രിട്ടാസ് രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖർ, ലോക്സഭ സ്പീക്കർ ഓം ബിർല, കേന്ദ്ര പദ്ധതി നിർവഹണ സ്ഥിതിവിവര വകുപ്പ് സഹമന്ത്രി റാവു ഇന്ദർജിത്ത് സിങ് എന്നിവർക്ക് കത്തയച്ചു.
ഇതുവരെ സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരുപോലെ എം.പി ലാഡ്സ് ഫണ്ട് വിനിയോഗിക്കാമായിരുന്നുവെന്നും കേരളത്തിലെ നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും ബ്രിട്ടാസ് കത്തിൽ വ്യക്തമാക്കി. അടുത്ത സാമ്പത്തിക വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മാർഗരേഖ പ്രകാരം എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പദ്ധതികൾക്ക് ഇനി എം.പി ഫണ്ട് നൽകാനാവില്ല.
സ്വകാര്യ ട്രസ്റ്റുകളെപ്പോലും എം.പി ലാഡ്സ് പദ്ധതിയിൽ പരിഗണിക്കാമെന്ന് പുതിയ മാർഗരേഖ വ്യക്തമാക്കുമ്പോഴാണ് എയ്ഡഡ് സ്ഥാപനങ്ങളെ മാറ്റിനിർത്തുന്നത്. എം.പി ലാഡ്സ് ഫണ്ടിലുണ്ടാകുന്ന പലിശയുടെ പ്രയോജനം ഈ സ്കീമിലെ പദ്ധതികൾക്ക് വിനിയോഗിക്കാമെന്ന നിലവിലുള്ള ചട്ടവും മാറ്റിയ കേന്ദ്ര സർക്കാർ പലിശയിനത്തിലുള്ള വരുമാനം 2023 സെപ്റ്റംബറിനുശേഷം കേന്ദ്ര സർക്കാർ തിരിച്ചുപിടിക്കുമെന്നാണ് പുതിയ മാർഗരേഖയിൽ പറയുന്നത്.
അഞ്ചുവർഷം കൊണ്ട് ഏകദേശം 1000 കോടി രൂപയെങ്കിലും ഈ വഴി ലാഭം കൊയ്യാനാണ് കേന്ദ്രം നോക്കുന്നതെന്ന് ബ്രിട്ടാസ് കുറ്റപ്പെടുത്തി. ജില്ലാതല നിർവഹണ ഏജൻസികളാണ് നിലവിൽ എം.പി ലാഡ്സ് പദ്ധതികളുടെ മേൽനോട്ടവും ഫണ്ടിന്റെ ക്രയവിക്രയങ്ങളും നടത്തുന്നത്.
എന്നാൽ, പുതിയ വ്യവസ്ഥപ്രകാരം ദേശീയതലത്തിലെ ഏജൻസിക്കായിരിക്കും ഈ ചുമതല. ഫണ്ട് വിനിയോഗത്തിൽ കാലതാമസം വരാനും പദ്ധതികൾ വൈകാനും മാത്രമേ ഇത് ഇടവരുത്തുകയുള്ളൂ. എം.പി ലാഡ്സ് പദ്ധതികളുടെ ശിലാഫലകങ്ങളിൽ ഹിന്ദി നിർബന്ധമാക്കിയ നിർദേശം പിൻവലിച്ചത് ഇടത് എം.പി സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.