നരേഷ് പാൽ ഗാങ്‍വാർ
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭം തുടരുന്നതിനിടെ, ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്ത് കേന്ദ്രസർക്കാർ നിയമിച്ചത് സാമ്പത്തിക തട്ടിപ്പിൽ ആരോപണ വിധേയനായ ഐ.എ.എസ് ഉദ്യോഗസ്ഥനെ. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന വിനീത് ജോഷിയെ മാറ്റി നരേഷ് പാൽ ഗാങ്‍വാറിനെയാണ് പകരം നിയമിച്ചത്. കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ ഹോർട്ടികൾചർ ബോർഡിന്റെ കർഷക ക്ഷേമപദ്ധതി അട്ടിമറിച്ച് കോടിക്കണക്കിന് രൂപ സബ്‌സിഡി ഇനത്തിൽ കൈക്കലാക്കിയെന്നാണ് നരേഷ് ഗാങ്‍വാറിനെതിരായ ആരോപണം.
നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രതിഷേധം ശക്തമായിരിക്കുന്നതിനിടയിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ അഴിച്ചുപണി. 1994 ബാച്ച് രാജസ്ഥാൻ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ നരേഷ് ഗാങ്‍വാർ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പിന്റെ സെക്രട്ടറിയായിരുന്നു. കോടികളുടെ അഴിമതി ആരോപണ നിഴലിലുള്ള നരേഷിനെ വ്യാഴാഴ്ച രാത്രി വൈകിയാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചത്.
കേന്ദ്ര കാർഷിക മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ ഹോർട്ടികൾചർ ബോർഡിന്റെ കർഷക ക്ഷേമപദ്ധതി അട്ടിമറിച്ച് ഗാങ്‌വാറിന്റെ അമ്മ, ഭാര്യ, മകൻ എന്നിവരുടെ പേരുകളിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 1.16 കോടി രൂപ സബ്‌സിഡി ഇനത്തിൽ കൈക്കലാക്കിയതായാണ് നരേഷിനെതിരായ ആരോപണം. ജയ്പുരിലെ ഭാസിങ്പുര ഗ്രാമത്തിലുള്ള ഇവരുടെ കൃഷിയിടത്തിന്റെ പേരിലാണ് കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യ തുക ഉന്നത സ്വാധീനം ഉപയോഗിച്ച് സ്വന്തമാക്കിയത്.
ഗാങ്‌വാറിന്റെ അമ്മ ബിന്ദുമതി 46.03 ലക്ഷം രൂപ 2025 ജനുവരിയിൽ സബ്‌സിഡിയായി കൈപ്പറ്റി. മകൻ കുമാർ ഋത്വിക് 46.49 ലക്ഷം രൂപ 2023 മാർച്ചിലും ഭാര്യ ഡോ. രഞ്ജിത സിങ് 24.36 ലക്ഷം രൂപ 2021-22 കാലയളവിലും കൈപ്പറ്റിയെന്നാണ് പുറത്തുവന്ന വിവരങ്ങൾ. രാജസ്ഥാനിലെ ജയ്പുർ ജില്ലയിലുള്ള ഇവരുടെ കുടുംബ കൃഷിയിടത്തിൽ വെള്ളരിക്ക കൃഷി ചെയ്യുന്നതിനായാണ് സബ്‌സിഡി ലഭിച്ചത്. എന്നാൽ, ചട്ടപ്രകാരം അവർ തന്റെ ആശ്രിതരല്ലാത്തതിനാൽ അവരുടെ പേരിൽ ലഭിച്ച സബ്സിഡികളുടെ വിവരങ്ങൾ തന്റെ വാർഷിക സ്വത്ത് വിവരങ്ങളിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നാണ് അദ്ദേത്തിന്റെ വാദം.
നരേഷ് ഗാങ്‍വാറിന്റെ നിയമനത്തിനെതിരെ പ്രതിഷേധവുമായി സി.പി.എം രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ് രംഗത്തെത്തി. കേന്ദ്രസർക്കാറിന്റെ തീരുമാനത്തെ പ്രഹസനമെന്നും അദ്ദേഹം വിളിച്ചു. ‘വാണിജ്യ വിളകൾ (വെള്ളരി കൃഷി) പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ഹോർട്ടികൾച്ചർ ബോർഡിന്റെ പദ്ധതി പ്രകാരം അമ്മയുടെയും ഭാര്യയുടെയും മകന്റെയും പേരിൽ 1.16 കോടി രൂപ സർക്കാർ സബ്സിഡി തട്ടിയെടുത്ത അതേ ഐ.എ.എസ് ഉദ്യേഗസ്ഥനാണ് ഇത്. പ്രധാനമന്ത്രി ഉത്തരവാദിത്തം നിറവേറ്റുന്നത് ഇങ്ങനെയാണ്’ -ജോൺ ബ്രിട്ടാസ് സമൂഹമാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.