ന്യൂഡൽഹി: നടിയും എ.ഐ.ഡി.എം.കെ ഡെപ്യൂട്ടി പ്രചാരണ സെക്രട്ടറിയുമായ ഗൗതമി പാർട്ടി വിട്ടു. മുഖ്യമന്ത്രി വിജയിയുടെ പാർട്ടിയിലേക്ക് എ.ഐ.ഡി.എം.കെ പാർട്ടിയിൽ നിന്നും മുതിർന്ന നേതാക്കളുൾപ്പെടെ കൂറുമാറുന്ന സാഹചര്യത്തിലാണ് ഗൗതമിയുടെ രാജി.
ശനിയാഴ്ച മാത്രം മുൻ വനം മന്ത്രി കെ.ടി പച്ചൈമാൽ, മുൻ തിരുനെൽവേലി മേയർ ഇ. ഭുവനേശ്വരി, മുൻ എംപിമാരായ ആർ. വനറോജ, എൻ. ബാലഗംഗ, എ. ഇളവരശൻ, മുൻ എം.എൽ.എമാരായ എസ്. രവി, എസ്. മുരുകേശൻ എന്നിവരുൾപ്പെടെ നിരവധി മുതിർന്ന നേതാക്കളാണ് ഭരണകക്ഷിയിൽ ചേർന്നത്.
രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചാണ് പാർട്ടി വിട്ടതെന്നാണ് ഗൗതമിയുടെ പ്രതികരണം. നേരത്തെ ബി.ജെ.പിയിൽ ആയിരുന്ന ഗൗതമി ദീർഘകാലത്തെ ബി.ജെ.പി ബന്ധം ഉപേക്ഷിച്ചാണ് 2024ൽ എ.ഐ.ഡി.എം.കെയിൽ ചേർന്നത്. എടപ്പാളി പളനിസാമിയിൽ നിന്നായിരുന്നു അവർ പാർട്ടി അംഗത്വം സ്വീകരിച്ചത്.
രാജപാളയം മണ്ഡലത്തിൽ സീറ്റ് നിഷേധിച്ചു, പ്രതിസന്ധി ഘട്ടത്തിൽ പാർട്ടി കൂടെ നിന്നില്ല എന്നിങ്ങനെയുള്ള ആരോപണങ്ങൾ പറഞ്ഞാണ് ഗൗതമി ബീ.ജെ.പിയിൽ നിന്നും പടിയിറങ്ങിയത്. ഗൗതമിയുടെ പണം തട്ടിയെടുത്ത സി.അഴകപ്പൻ എന്നയാളെ പാർട്ടി സംരക്ഷിച്ചത് ബി.ജെ.പിയിൽ നിന്ന് വിടാനുള്ള പ്രധാന കാരണങ്ങളിലൊന്നായിരുന്നു.
എന്നാൽ എ.ഐ.ഡി.എം.കെയിൽ നിന്നും രാജപാളയത്തിൽ മത്സരിക്കാൻ ഗൗതമിക്ക് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ അവർ പ്രചരണ വേളയിൽ സജീവമായിരുന്നു. പാർട്ടിയുടെ പ്രധാന നേതാക്കളുൾപ്പെടെ രാജിവെക്കുന്നത് പാർട്ടിയെ വലിയ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.