ന്യൂഡൽഹി: അഞ്ച് വർഷമായി നീണ്ടുനിന്ന നിയമപോരാട്ടത്തിന് ഒടുവിൽ വിവാഹമോചന രേഖകൾ കീറിക്കളഞ്ഞ് ഭാര്യ ഭർത്താവിനെ ചേർത്തുപിടിച്ചതോടെ വീണ്ടുമൊരു ഒത്തുചേരലിന് സാക്ഷിയായി ഡൽഹിയിലെ കോടതി. ഡൽഹിയിലെ ഒരു കുടുംബക്കോടതിയിൽ നടന്ന വിവാഹമോചന ഹിയറിങ്ങിനിടെയാണ് വികാരനിർഭരമായ രംഗങ്ങൾ.
അഞ്ചുവർഷത്തോളമായി ദമ്പതികളായ ശിഖയും സൗരഭും വിവാഹ മോചനത്തിനായി നിയമ പോരാട്ടത്തിലായിരുന്നു. 2020ലായിരുന്നു ഇരുവരുടെയും വിവാഹം. തുടർന്ന് താമസിയാതെ തന്നെ ഇരുവരുടെയും ബന്ധം തർക്കങ്ങളിലേക്കും ആരോപണങ്ങളിലേക്കും ഒടുവിൽ നീണ്ട കോടതി പോരാട്ടത്തിലേക്കും നീങ്ങി. ഇത് വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിലേക്കും വഴിവെച്ചു.
അനന്തമായ വാദം കേൾക്കലുകളിലൂടെയും നിയമവാദങ്ങളിലൂടെയും കേസ് നീണ്ടുപോയി. കോടതി നടപടി ക്രമങ്ങൾ ശിഖയുടെ കുടുംബത്തെ വളരെയധികം ബാധിച്ചു. ശിഖയുടെ പിതാവിന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും നിയമ നടപടികൾക്കായി ചെലവഴിച്ചു. ഇതിനിടെ ശിഖയുടെ പിതാവിന് ഹൃദയാഘാതം വന്നതോടെ സ്ഥിതി കൂടുതൽ വഷളായി. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടതോടെ അദ്ദേഹത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെയാണ് സൗരഭ് ഇടപെട്ടത്. ഭാര്യാപിതാവിന്റെ അവസ്ഥ അറിഞ്ഞപ്പോൾ സൗരഭ് അദ്ദേഹത്തെ ഗുരുഗ്രാമിലെ മെച്ചപ്പെട്ട ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സഹായിച്ചു. അവിടെ വെച്ച് അദ്ദേഹത്തിന് സമയബന്ധിതമായ ചികിത്സ ലഭിക്കുകയും സുഖം പ്രാപിക്കുകയും ചെയ്തുവെന്നും പറയുന്നു.
ഇതിനിടെ ദമ്പതികൾ വീണ്ടും വിവാഹമോചന കേസിൽ വാദം കേൾക്കലിനായി കോടതിയിൽ ഹാജരായി. വർഷങ്ങളായി തുടരുന്നതുപോലെ അഭിഭാഷകർ വാദങ്ങൾ തുടരുകയും ചെയ്തു. ഇതിനിടെ വിവാഹമോചനം ഇപ്പോഴും വേണോ എന്ന് ജഡ്ജി സൗരഭിനോട് ചോദിച്ചു. എന്നാൽ, സൗരഭ് ശിഖയെ നോക്കി പുഞ്ചിരിക്കുകയായിരുന്നു. ഇതോടെ അഞ്ച് വർഷത്തെ നിയമപോരാട്ടം അവസാനിപ്പിച്ച് അവർ വീണ്ടും ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.
തുടർന്ന്, വിവാഹമോചന രേഖകൾ കീറിക്കളഞ്ഞ് ശിഖ ഭർത്താവിന് അടുത്തെത്തി. കോടതി മുറിയിലെ നിശബ്ദതക്കിടയിൽ ഇരുവരും കരഞ്ഞു. ഇതോടെ കോടതിയിലെ അപ്രതീക്ഷിത പുന സംഗമം അഞ്ച് വർഷം നീണ്ടുനിന്ന ദാമ്പത്യ തർക്കത്തിന് അവസാനമിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.