‘ഇനിയും നേതാജിയെ പുറത്തു നിർത്തരുത്, അദ്ദേഹത്തെ വീട്ടിലേക്ക് മടങ്ങാൻ അനുവദിക്കുക’; കേന്ദ്രത്തോട് അഭ്യർഥനയുമായി സുഭാഷ് ചന്ദ്ര ബോസിന്റെ മകൾ

ന്യൂഡൽഹി: പതിറ്റാണ്ടുകളായി ജപ്പാൻ തലസ്ഥാനമായ ടോക്കിയോവിലെ റെങ്കോജി ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന പിതാവിന്റെ ഭൗതികാവശിഷ്ടം തിരികെ കൊണ്ടുവരണമെന്ന അഭ്യർഥനയുമായി നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മകൾ അനിതാ ബോസ് പിഫാഫ്. ഇനിയും നേതാജിയെ പുറത്ത് നിർത്തരുത്! അദ്ദേഹത്തെ സ്വന്തം ‘വീട്ടി’ലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് അവർ കേന്ദ്ര സർക്കാറിനോട് അഭ്യർഥിച്ചു.

ജനുവരി 23ന് ‘പരാക്രം ദിവസ്’ ആയി ആഘോഷിക്കുന്ന ബോസിന്റെ 128ം ജന്മവാർഷികത്തിന്റെ തലേന്നാണ് അവർ ഈ ആവശ്യം ഉന്നയിച്ചത്. പല ഇന്ത്യക്കാരും ഇപ്പോഴും ബോസിനെ ദേശീയ നായകനെന്ന നിലയിൽ ആദരിക്കുന്നുവെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി അദ്ദേഹം ചെയ്ത ത്യാഗങ്ങൾ അവർ ഓർക്കുന്നുവെന്നും അനിതാ ബോസ് പ്രസ്താവനയിൽ പറഞ്ഞു.

ജപ്പാനീസ് സർക്കാറും റെങ്കോജി ക്ഷേത്രത്തിലെ പുരോഹിതന്മാരും ബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ തിരികെ നൽകാൻ തയാറായിട്ടും മാറിമാറി വന്ന ഇന്ത്യൻ സർക്കാറുകൾ അത് സ്വീകരിക്കാൻ മടിക്കുകയോ വിസമ്മതിക്കുകയോ ചെയ്‌തുവെന്നും അവർ ചൂണ്ടിക്കാട്ടി.

‘സ്വാതന്ത്ര്യസമര നായകൻമാരിലൊരാളായി അദ്ദേഹത്തെ പല ഇന്ത്യക്കാരും ഇപ്പോഴും ഓർക്കുകയും ആദരിക്കുകയും ചെയ്യുന്നു. കൊളോണിയൽ ഭരണകാലത്ത് പീഡനം ഒഴിവാക്കാനും വിദേശത്ത് നിന്നുള്ള പോരാട്ടം തുടരാനും നിരവധി സ്വാതന്ത്ര്യ സമര സേനാനികൾക്ക് സ്വന്തം രാജ്യം വിടേണ്ടിവന്നു. അവരിൽ പലരും മാതൃരാജ്യത്തേക്ക് മടങ്ങിയില്ല. അവരുടെ ഭൗതികാവശിഷ്ടങ്ങൾ വിദേശ രാജ്യങ്ങളിൽ അവശേഷിച്ചു. നേതാജിയുടെ ഭൗതികാവശിഷ്ടത്തിന് ജപ്പാനിലെ ടോക്കിയോവിലെ റെങ്കോജി ക്ഷേത്രത്തിൽ ഒരു ‘താൽക്കാലിക വീട്’ നൽകിയെന്നും മകൾ എഴുതി.

പതിറ്റാണ്ടുകളായി മിക്ക ഇന്ത്യൻ സർക്കാറുകളും അദ്ദേഹത്തിന്റെ ഭൗതികശരീരത്തെ ‘വീട്ടി’ലേക്ക് സ്വാഗതം ചെയ്യാൻ മടിച്ചു. അല്ലെങ്കിൽ നിരസിച്ചു. റെങ്കോജി ക്ഷേത്രത്തിലെ പുരോഹിതന്മാരും ജാപ്പനീസ് സർക്കാറും അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ മാതൃരാജ്യത്തിന് തിരികെ നൽകാൻ തയ്യാറായിരുന്നു’- അവർ കൂട്ടിച്ചേർത്തു.

1945ൽ ബോസ് മരണത്തിൽനിന്ന് രക്ഷപ്പെട്ടുവെന്ന പ്രതീക്ഷ കൊണ്ടായിരിക്കാം ഈ മടി ഉണ്ടായതെന്നും മകൾ അഭിപ്രായപ്പെടുന്നു. എന്നാൽ, നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട 11 അന്വേഷണ റിപ്പോർട്ടുകളും മറ്റ് രേഖകളും പുറത്തുവന്നതോടെ 1945 ആഗസ്റ്റ് 18ന് തായ്‌വാനിലെ തായ്‌പേയിൽ സംഭവിച്ച വിമാനാപകടത്തിൽ ബോസ് മരിച്ചുവെന്നത് ഇപ്പോൾ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്നും അവർ വ്യക്തമാക്കി.

Tags:    
News Summary - Netaji's Daughter Urges Govt to Bring Back His Mortal Remains from Japan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.