മുംബൈ: സഹോദരിയുടെ വീട്ടിലേക്ക് ഒളിഞ്ഞുനോക്കുന്നത് ചോദ്യം ചെയ്ത അയൽവാസിയെ ജനമധ്യത്തിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് താനെ കോടതി. മഹാരാഷ്ട്രയിലെ മുംബ്ര കൗസ സ്വദേശിയായ മുഹമ്മദ് അസ്ഗർ എന്ന സമർ ദിൽഷാദ് ഹുസൈൻ സയ്യിദിനെയാണ് (42) അഡീഷനൽ സെഷൻസ് ജഡ്ജ് ഡി.എസ്. ദേശ്മുഖ് ശിക്ഷിച്ചത്. ജീവപര്യന്തം കഠിനതടവിന് പുറമെ പ്രതി 50,000 രൂപ പിഴയും അടക്കണമെന്ന് കോടതി ഉത്തരവിട്ടു. അതേസമയം, കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന അസ്ഗറിന്റെ പിതാവ് ദിൽഷാദ് ഹുസൈൻ ഷഹൻഷാ സയ്യിദ്, മാതാവ് എഫ്സരി എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
എട്ട് വർഷം മുമ്പത്തെ സംഭവത്തിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. 2016 മേയ് 21നാണ് ഈ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട അഹമ്മദ് രാജാ ഷെയ്ഖിന്റെ സഹോദരിയുടെ വീട്ടിലേക്ക് പ്രതിയായ അസ്ഗർ നിരന്തരം ഒളിഞ്ഞുനോക്കാറുണ്ടായിരുന്നു. ഇത് കുടുംബത്തിന് വലിയ ശല്യമായതോടെ അഹമ്മദ് രാജ പ്രതിയെ ചോദ്യം ചെയ്യാനായി എത്തി. എന്നാൽ, ഇത് വലിയ തർക്കത്തിലേക്കും പിന്നീട് കൊലാപാതകത്തിലേക്കും കലാശിക്കുകയായിരുന്നു. പ്രകോപിതനായ അസ്ഗർ പെട്ടെന്ന് വീടിനുള്ളിലേക്ക് ഓടിക്കയറി കത്തിയെടുത്ത് വരികയും അഹമ്മദിനെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. മാരകമായി മുറിവേറ്റ അഹമ്മദിനെ ഉടൻ തന്നെ മുംബൈയിലെ സിയോൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് ദിവസത്തിന് ശേഷം അദ്ദേഹം മരിച്ചത്.
കേസിന്റെ വിചാരത്‍യിൽ അസ്ഗർ കുത്തുന്ന സമയത്ത് മാതാപിതാക്കൾ അഹമ്മദിന്റെ കൈകൾ പിടിച്ചു വെച്ചിരുന്നു എന്ന് പ്രോസിക്യൂഷൻ സാക്ഷികൾ മൊഴി നൽകിയിരുന്നു. എന്നാൽ, സാക്ഷികളുടെ മുമ്പത്തെ മൊഴികളും കോടതിയിലെ മൊഴികളും തമ്മിൽ വലിയ വൈരുധ്യമുണ്ടെന്ന് ജഡ്ജി ഡി.എസ്. ദേശ്മുഖ് കണ്ടെത്തി. മാതാപിതാക്കളുടെ പങ്കിനെക്കുറിച്ച് സംശയങ്ങൾ നിലനിൽക്കുന്നതിനാൽ അവർക്ക് സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയക്കുകയായിരുന്നു. കൊലപാതകം (ഐ.പി.സി 302), മനഃപൂർവമായ അധിക്ഷേപം (ഐ.പി.സി 504) എന്നീ വകുപ്പുകൾ പ്രകാരം അസ്ഗർ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പിഴത്തുക കെട്ടിവെച്ചില്ലെങ്കിൽ പ്രതി കൂടുതൽ കാലം തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.