യു.എസിൽ അപമാനിക്കപ്പെട്ടപ്പോൾ റോബർട്ട് ഓപൺഹൈമറിന് നെഹ്റു ഇന്ത്യൻ പൗരത്വം വാഗ്ദാനം നൽകി -വെളിപ്പെടുത്തലുമായി അമേരിക്കൻ എഴുത്തുകാരൻ

ന്യൂഡൽഹി: ആറ്റംബോംബിന്റെ പിതാവായി കണക്കാക്കപ്പെടുന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ റോബർട്ട് ഓപൺ ഹൈമർക്ക് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തൽ. റോബർട്ട് ഹൈമറുടെ ജീവചരിത്ര സംബന്ധിയായ പുസ്തകം രചിച്ച അമേരിക്കൻ എഴുത്തുകാരൻ കായ് ബേഡ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കായ് ബേഡ് സഹ എഴുത്തുകാരനായ അമേരിക്കൻ പ്രോമിത്യൂസ്: ദ ട്രൈംപ് ആൻഡ് ട്രാജഡി ഓഫ് റോബർട്ട് ഓപൺഹൈമർ എന്ന പുസ്തകമാണ് അമേരിക്കൻ സംവിധായകൻ ക്രിസ്റ്റഫർ നോളന് ഓപൺഹൈമർ എന്ന സിനിമ ചെയ്യാൻ പ്രചോദനമായത്.

ഓപൺഹൈമർ അമേരിക്കയിൽ അപമാനിക്കപ്പെട്ട സമയത്ത് 1954ൽ നെഹ്റു അദ്ദേഹത്തിന് ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തത്. എന്നാൽ കടുത്ത ദേശസ്നേഹിയായതിനാൽ അമേരിക്ക വിട്ട് മറ്റൊരു രാജ്യത്ത് ചേക്കാറാൻ ഓപൺഹൈമർ താൽപര്യം കാണിച്ചില്ലെന്നാണ് എഴുത്തുകാരൻ പറയുന്നത്.

അമേരിക്കയിലെ ഏറ്റവും വലിയ ശാസ്‍ത്രജ്ഞനായി ആഘോഷിക്കപ്പെട്ട് ഒമ്പത് വർഷത്തിനു ശേഷം ഓപൺഹൈമർ വലിയൊരു കംഗാരു കോടതി വിചാരണ നേരിട്ടു. വെർച്വൽ സെക്യൂരിറ്റി ഹിയറിംഗിൽ അദ്ദേഹത്തിന്റെ സുരക്ഷാ ക്ലിയറൻസ് നീക്കം ചെയ്തു. ​റിപ്പബ്ലിക്കൻ സെനറ്റർ ജോസഫ് മ ക്കാർത്തിയുടെ വേട്ടക്ക് ഇരയായ വ്യക്തിയായിരുന്നു ഓപൺഹൈമർ. ഈ സമയത്തായിരുന്നു ഓപൺഹൈമറെ ഇന്ത്യയിലേക്ക് നെഹ്റു ക്ഷണിച്ചത്.

ഓപൺഹൈമർ ഫാസിസത്തിന്റെ വളർച്ചയെ ഭയന്നിരുന്നുവെന്നും ബേഡ് പറയുന്നു. കാരണം അദ്ദേഹം ജൂതകുടുംബത്തിൽ നിന്നുള്ള ആളായിരുന്നു. ജർമനിയിൽ നിന്ന് അമേരിക്കയിലെത്തിയ ജൂത കുടുംബങ്ങൾക്ക് അദ്ദേഹം പണം നൽകി സഹായിക്കാറുണ്ടായിരുന്നു. രണ്ടാംലോകയുദ്ധത്തിൽ വിജയിക്കാനായി ജർമൻ ഭൗതിക ശാസ്ത്രജ്ഞർ ഹിറ്റ്ലർക്ക് ആറ്റം ബോംബ് നിർമിച്ചു നൽകുമെന്ന് അദ്ദേഹം ഭയന്നു. യുദ്ധത്തിൽ ഹിറ്റ്ലർ വിജയിച്ചാൽ അനന്തരഫലം ഭീകരമായിരിക്കും. ലോകം മുഴുവൻ ഫാസിസം അലയടിക്കും. അതിനാൽ ആറ്റംബോംബ് നിർമിക്കേണ്ടത് അനിവാര്യമാണെന്ന് ഓപൺഹൈമർ കരുതി. 1945ൽ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോബിട്ടപ്പോൾ സമ്മിശ്ര വികാരമാണ് ഓപൺ ഹൈമറിനുണ്ടായിരുന്നത്.

ഹിന്ദുമിത്തുകളോടും ഭഗവത്ഗീതയോടും ഓപൺഹൈമർക്ക് അഗാധമായ ഇഷ്ടമുണ്ടായിരുന്നുവെന്നും എഴുത്തുകാരൻ പറഞ്ഞു. ഭഗവത് ഗീതയുടെ ഒറിജിനൽ പതിപ്പ് വായിക്കുന്നതിനായി സംസ്കൃത പണ്ഡിതനായ ആർതർ റൈഡറുടെ ശിഷ്യത്വം സ്വീകരിക്കാനും അദ്ദേഹം തയാറായി. അണുബോംബിനൊപ്പം ജീവിക്കുന്ന കാലത്ത് ഓപൺഹൈമറുടെ ജീവിതകഥക്ക് പ്രസക്തിയേറെ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആണവായുധങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്നു. യുക്രെയ്നെ ആണവായുധം ഉപയോഗിച്ച് നശിപ്പിക്കുമെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഭീഷണി. ഇത്തരം യുദ്ധങ്ങൾ അവസാനിക്കുന്നില്ലെന്നും അമേരിക്കൻ എഴുത്തുകാരൻ വിലയിരുത്തി.

Tags:    
News Summary - Nehru offered Oppenheimer Indian citizenship in 1954: American author Kai Bird

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.