പുരി രഥയാത്രാ ദുരന്തം; പൊറുക്കാനാവാത്ത അശ്രദ്ധയും കെടുകാര്യസ്ഥതയുമെന്ന് മല്ലികാർജുൻ ഖാർഗെ

ഭുവനേശ്വർ: ഒഡിഷയിലെ പുരിയിലെ ഒരു ക്ഷേത്ര രഥയാത്രക്കിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ മരണത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. ദുരന്തത്തിലേക്ക് നയിച്ച അശ്രദ്ധയും കെടുകാര്യസ്ഥതയും മാപ്പർഹിക്കാത്തതാണെന്നും ഖാർഗെ ‘എക്സി’ലെ പോസ്റ്റിൽ പറഞ്ഞു.

‘എന്റെ ചിന്തകളും പ്രാർഥനകളും ഇരകളുടെ കുടുംബങ്ങളോടൊപ്പമുണ്ട്. പരിക്കേറ്റ എല്ലാ ഭക്തരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. ഈ ദുരന്തത്തിലേക്ക് നയിച്ച അശ്രദ്ധയും കെടുകാര്യസ്ഥതയും ക്ഷമിക്കാനാവില്ല’ -ഖാർഗെ പറഞ്ഞു.

ഞായറാഴ്ച രാവിലെ ശ്രീ ഗുണിച്ച ക്ഷേത്രത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെടുകയും 50 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു. രഥയാത്രാ ആഘോഷങ്ങൾ കാണാൻ നൂറുകണക്കിന് ഭക്തർ ക്ഷേത്രത്തിനു സമീപം തടിച്ചുകൂടിയപ്പോഴാണ് പുലർച്ചെ 4 മണിയോടെ സംഭവം നടന്നതെന്ന് പുരി ജില്ലാ കലക്ടർ സിദ്ധാർഥ് എസ് സ്വെയിൻ പറയുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേരുടെ നില ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഈ സംഭവത്തിന് കാരണമായ ഗുരുതരമായ വീഴ്ചകളെക്കുറിച്ച് സംസ്ഥാന സർക്കാറും അധികാരികളും സമഗ്രമായ അന്വേഷണം നടത്തണം. പൊതു സുരക്ഷ ഉറപ്പാക്കുകയും ജനക്കൂട്ടത്തെ ഫലപ്രദമായി നിയന്ത്രിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് മുൻകൂട്ടി ആസൂത്രണം ചെയ്ത ആഘോഷങ്ങളിൽ. ഈ ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമപ്രകാരം ​കൈകാര്യം ചെയ്യണം’- ഖാർഗെ പറഞ്ഞു.

ഭക്തർക്കൊപ്പം കോൺഗ്രസ് പാർട്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ദുരിതബാധിത കുടുംബങ്ങൾക്ക് ആശ്വാസം, വൈദ്യസഹായം, സഹായം എന്നിവ നൽകുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Negligence, mismanagement that led to Puri temple stampede inexcusable, says Mallikarjun Kharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.