ന്യൂഡൽഹി: രാജ്യത്തെ 22 ലക്ഷം വിദ്യാർഥികളെ കണ്ണീരിലാഴ്ത്തിയ നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചയിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. നീറ്റ് പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള ദേശീയ പരീക്ഷ ഏജൻസിക്ക് (എൻ.ടി.എ) വേണ്ടി വർഷങ്ങളായി നീറ്റ് ചോദ്യപേപ്പർ തയാറാക്കുന്ന പാനലുകളിൽ അംഗമായിരുന്ന, മഹാരാഷ്ട്ര ലാത്തൂർ സ്വദേശിയായ കെമിസ്ട്രി പ്രഫസർ പി.വി. കുൽക്കർണിയെ പുണെയിലെ വസതിയിൽനിന്നാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. എൻ.ടി.എയുടെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ചുമതലകൾ ഉണ്ടായിരുന്നതിനാലാണ് കുൽക്കർണിക്ക് ചോദ്യപേപ്പർ മുൻകൂട്ടി ലഭിച്ചതെന്ന് സി.ബി.ഐ വ്യക്തമാക്കി.
മേയ് 14ന് അറസ്റ്റിലായ മനീഷ വാഗ്‌മറെ എന്ന മറ്റൊരു പ്രതിയുടെ സഹായത്തോടെ കുൽക്കർണി വിദ്യാർഥികളെ സംഘടിപ്പിക്കുകയും പുണെയിലെ തന്റെ വസതിയിൽ വെച്ച് പ്രത്യേക കോച്ചിങ് ക്ലാസുകൾ നടത്തുകയും ചെയ്തതായി സി.ബി.ഐ അറിയിച്ചു. കൂടാതെ, ലാത്തൂരിലെ പ്രമുഖ കോച്ചിങ് സ്ഥാപനമായ ‘രേണുകായ് കെമിസ്ട്രി ക്ലാസസ്’ ഡയറക്ടർ ശിവരാജ് മൊട്ടേഗാവുങ്കറെയും സി.ബി.ഐ സംഘം ചോദ്യം ചെയ്തു. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയുമായി ഇയാളുടെ വസതിയിലെത്തിയാണ് 28 അംഗ സി.ബി.ഐ സംഘം പരിശോധനയും ചോദ്യംചെയ്യലും നടത്തിയത്.
കേസിലെ മുഖ്യപ്രതികളിലൊരാളായ ധനഞ്ജയ് ലോധണ്ഡെയെ ഡൽഹി കോടതി ആറ് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. മഹാരാഷ്ട്രയിലെ അഹല്യാനഗറിൽനിന്ന് അറസ്റ്റ് ചെയ്ത ഇയാളെ ട്രാൻസിറ്റ് റിമാൻഡിലാണ് ഡൽഹിയിൽ എത്തിച്ചത്. നേരത്തേ അറസ്റ്റിലായ യുവമോർച്ച നേതാവ് അടക്കമുള്ള അഞ്ച് പ്രതികളെ കോടതി ഏഴ് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടിരുന്നു.
ലാത്തൂരിലെ സ്വകാര്യ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ മാതൃകാ പരീക്ഷയിലെ 42 ചോദ്യങ്ങൾ മേയ് മൂന്നിന് നടന്ന യഥാർഥ നീറ്റ് പരീക്ഷയിലെ ചോദ്യങ്ങളും സമാനമാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥിയുടെ രക്ഷിതാവ് ലാത്തൂർ പൊലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിലും അന്വേഷണം ആരംഭിച്ചു. കോച്ചിങ് ക്ലാസ് ജീവനക്കാരടക്കം ആറുപേരെ പൊലീസ് ചോദ്യംചെയ്യുകയും സി.സി.ടി.വി ദൃശ്യങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.