നീറ്റ് അടുത്ത വര്‍ഷം ഉര്‍ദുവില്‍ അനുവദിക്കാം –കേന്ദ്രം

ന്യൂഡല്‍ഹി: എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനുള്ള ദേശീയ പൊതുപ്രവേശന പരീക്ഷ (നീറ്റ്) അടുത്ത വര്‍ഷം മുതല്‍ ഉര്‍ദുവിലും എഴുതാന്‍ അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. നീറ്റ് എഴുതാനുള്ള ഭാഷകളില്‍നിന്ന് ഉര്‍ദുവിനെ ഒഴിവാക്കിയതിനെതിരെ സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്.ഐ.ഒ) സമര്‍പ്പിച്ച ഹരജിക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ബോധിപ്പിച്ചത്.

പരീക്ഷനടപടികള്‍ ഇതിനകം തുടങ്ങിയ സാഹചര്യത്തില്‍ ഈ വര്‍ഷം ഉര്‍ദുവില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നത് പ്രയാസകരമാണെന്നും ഒരു സംസ്ഥാനവും അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ളെന്നും കേന്ദ്രം ബോധിപ്പിച്ചു. കഴിഞ്ഞ നവംബറില്‍ നടന്ന നീറ്റ് സംബന്ധിച്ച സംസ്ഥാനങ്ങളുടെ കൂടിയാലോചനാ യോഗത്തില്‍ ഒരു സംസ്ഥാനത്തുനിന്നും ഇത്തരമൊരു ആവശ്യം ഉയര്‍ന്നിട്ടില്ളെന്ന് കേന്ദ്രം വാദിച്ചു.

എന്നാല്‍, നേരത്തേ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നില്ളെങ്കിലും വിജ്ഞാപനമിറക്കും മുമ്പ് മഹാരാഷ്ട്രയും തെലങ്കാനയും ആവശ്യപ്പെട്ടിരുന്നുവെന്നും എസ്.ഐ.ഒക്കു വേണ്ടി ഹാജരായ അഡ്വ. രവീന്ദര്‍ എസ്. ഗരി ബോധിപ്പിച്ചു. ഇതേതുടര്‍ന്ന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ആര്‍. ഭാനുമതി എന്നിവരടങ്ങുന്ന ബെഞ്ച് ആവശ്യപ്പെട്ടു. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും.

ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ എന്‍.സി.ഇ.ആര്‍.ടി.ഇ ഉര്‍ദുവില്‍ തയാറാക്കിയ സയന്‍സ് പാഠപുസ്തകത്തിലൂടെയാണ് 11, 12 ക്ളാസ് പരീക്ഷകളെഴുതുന്നതെന്ന് എസ്.ഐ.ഒ ബോധിപ്പിച്ചിരുന്നു. എന്‍.സി.ഇ.ആര്‍.ടി.ഇ പാഠപുസ്തകങ്ങളിറക്കാത്ത കന്നട പോലുള്ള ഭാഷകളില്‍ പരീക്ഷ നടത്താന്‍ അനുവദിക്കുന്നുമുണ്ട്. സംസാരിക്കുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് ആറാം സ്ഥാനത്തുള്ള ഉര്‍ദുവിനെ മാറ്റി ഏഴാം സ്ഥാനത്തുള്ള ഗുജറാത്തിയിലും എട്ടാം സ്ഥാനത്തുള്ള കന്നടയിലും 10ാം സ്ഥാനത്തുള്ള ഒഡിഷയിലും 12ാം സ്ഥാനത്തുള്ള അസമീസിലും പരീക്ഷ എഴുതാന്‍ അനുമതിയുണ്ട്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളില്‍ ഉര്‍ദു മീഡിയത്തില്‍ സയന്‍സ് പഠിക്കുന്നവരാണെന്നും എസ്.ഐ.ഒ ഹരജിയില്‍ ചൂണ്ടിക്കാട്ടി.

‘മലയാളി’ ഭാഷയെന്ന് കേന്ദ്രം; മലയാളമെന്ന് സുപ്രീംകോടതി

 നീറ്റ് പരീക്ഷ ‘മലയാളി’ ഭാഷയിലും എഴുതാനുള്ള അനുമതി നല്‍കിയിട്ടില്ളെന്ന് കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിച്ചപ്പോള്‍ ഭാഷയുടെ പേര് മലയാളി അല്ളെന്നും മലയാളമാണെന്നും സുപ്രീംകോടതി തിരുത്തി. മലയാളം സംസാരിക്കുന്നവനാണ് മലയാളിയെന്നും താനുമൊരു മലയാളിയാണെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനോട് പറഞ്ഞു. നീറ്റ് പരീക്ഷ ഉര്‍ദുവില്‍ വേണമെന്നാവശ്യപ്പെട്ട് സ്റ്റുഡന്‍റ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്.ഐ.ഒ) സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

നീറ്റ് മലയാളത്തില്‍ വേണമെന്ന് വിദ്യാഭ്യാസപരമായി ഉയര്‍ന്നു നില്‍ക്കുന്ന  മലയാളികള്‍ ആവശ്യപ്പെടില്ളെന്ന് സുപ്രീംകോടതി തുടര്‍ന്നു. ഉര്‍ദുവിനെ മാത്രമല്ല, മലയാളത്തെയും ഒഴിവാക്കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധിപ്പിച്ചപ്പോഴാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് ഈ നിരീക്ഷണം നടത്തിയത്. മലയാളികള്‍ക്ക് മലയാളത്തില്‍ വായിക്കാനും എഴുതാനും എടുക്കുന്ന സമയം ഇംഗ്ളീഷിലെടുക്കില്ല. കേരളത്തിലെ എല്ലാ വിദ്യാര്‍ഥികളും ഇംഗ്ളീഷ് വിദ്യാഭ്യാസം നേടിയവരാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

Tags:    
News Summary - neet exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.