കൊച്ചി: രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നും എത്തുന്ന മലയാളികളിൽ വ്യാപകമായി കോവിഡ് സ്ഥിരീകരിച്ച് തുടങ്ങിയതോടെ, രോഗം കണ്ടെത്താനുള്ള പി.സി.ആർ കിറ്റുകൾക്ക് വീണ്ടും ക്ഷാമം. നിലവിൽ 79,160 പി.സി.ആർ കിറ്റും 82,342 ആർ.എൻ.എ കിറ്റും സ്റ്റോക്കുണ്ടെങ്കിലും വരുംദിവസങ്ങളിലെ സാഹചര്യം നേരിടാൻ ഇത് മതിയാവില്ലെന്നാണ് വിലയിരുത്തൽ.
വിദേശത്തുനിന്ന് എത്തിയവരിൽ കോവിഡ് സ്ഥിരീകരിക്കുന്നത് വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പരിശോധനകൾ വേണ്ടിവന്നേക്കും. അതിനാൽ ഒരു ലക്ഷത്തിലധികം പി.സി.ആർ കിറ്റുകൾ ഉടൻ സ്റ്റോക്ക് ഉണ്ടാകണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഇതരസംസ്ഥാനത്തുനിന്നും വിദേശത്തുനിന്നും ആളുകൾ എത്താൻ തുടങ്ങിയിട്ട് 10 ദിവസം തികയും മുമ്പേ രോഗികളുടെ എണ്ണത്തിൽ വൻവർധനയുണ്ടായി. സംസ്ഥാനത്തേക്ക് മലയാളികൾ എത്താൻ തുടങ്ങിയ മേയ് എട്ടുമുതൽ ശനിയാഴ്ചവരെ 80 പേർക്ക് രോഗം ബാധിച്ചു. ഈ ആശങ്ക പരിശോധനക്കിറ്റുകളുടെ കാര്യത്തിലുമുണ്ട്.
ആളുകൾ എത്തുന്നത് കണക്കിലെടുത്ത് ഒരുലക്ഷം കിറ്റുകൾ അഞ്ച് കമ്പനിയിൽനിന്ന് വാങ്ങാൻ സർക്കാർ കഴിഞ്ഞയാഴ്ച ഓർഡർ നൽകി. മേയ് അവസാനത്തോടെ കിറ്റുകൾ സംഭരിക്കലാണ് ലക്ഷ്യം. കിറ്റുകൾ എന്ന് എത്തുമെന്നതിൽ വ്യക്തതയില്ല.
സ്റ്റോക്കിെൻറ 50 ശതമാനം തീർന്നാൽ കിറ്റുകൾ വാങ്ങി പകരം വെക്കണമെന്നാണ് കേരള മെഡിക്കൽ സർവിസ് കോർപറേഷന് സർക്കാർ നൽകിയ നിർദേശം. കിറ്റുകൾ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും മുമ്പ് ഓർഡർ നൽകിയ കിറ്റുകളിൽ 70 ശതമാനം ലഭിച്ചെന്നുമാണ് അധികൃതർ പറയുന്നത്. ഇതോടൊപ്പം എട്ടുലക്ഷം വ്യക്തിഗത സുരക്ഷ ഉപാധികൾ (പി.പി.ഇ) കിറ്റുകളും 9.6 ലക്ഷം എൻ 95 മാസ്കുകളും ശേഖരിക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ 2,04,086 പി.പി.ഇ കിറ്റും 1,95,268 എൻ 95 മാസ്കും 23,49,029 ട്രിപ്പിൾ ലെയർ മാസ്കും സ്റ്റോക്കുണ്ട്.
അതേസമയം, ഒരാൾ കോവിഡ് പോസിറ്റിവായാൽ തുടർപരിശോധന ഏഴാം ദിവസമാണ് ഇപ്പോൾ നടത്തുന്നത്. നേരത്തേ ഇത് ഒന്നിടവിട്ട ദിവസങ്ങളിൽ നടത്തിയിരുന്നു. അതുവഴി ഇപ്പോൾ കുറച്ച് കിറ്റുകൾ മതിയെന്നാണ് അധികൃതർ പറയുന്നത്. കൂടാതെ, പൂൾ ടെസ്റ്റിങ് പ്രകാരം ഒാരോ വിഭാഗത്തിൽപെട്ടവരുടെ സാമ്പിൾ ചേർത്ത് പരിശോധിക്കുന്ന രീതിയും കിറ്റ് ഉപയോഗം കുറക്കാൻ സഹായിക്കും. പോസിറ്റിവ് കാണുന്ന പൂളിലുള്ളവരുടെ സാമ്പിൾമാത്രം തുടർന്ന് പരിശോധിച്ചാൽ മതിയാകുമെന്നതാണ് ഗുണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.