ആരവല്ലി മലനിരകൾ
ജയ്പൂർ: ആരവല്ലി മലനിരകളിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴ് വർഷങ്ങളിലായി രാജസ്ഥാനിൽ രജിസ്റ്റർ ചെയ്തത് 7173 കേസുകൾ. ഇതിൽ 4181 കേസുകളും ആരവല്ലി കടന്നുപോകുന്ന ജില്ലകളിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചെറുതും വലുതുമായി 71,322 അനധികൃത ഖനനങ്ങളാണ് സംസ്ഥാനത്ത് ഇതിനോടകം നടന്നത്. ഇതിൽ ഭൂരിഭാഗം സംഭവങ്ങളും പൊലീസ് കേസ് ആവാതെ പിഴയിൽ ഒതുങ്ങുകയും ചെയ്തു. ഏഴ് വർഷകാലയളവിൽ ആദ്യത്തെ അഞ്ച് വർഷം കോൺഗ്രസ് സർക്കാറും നിലവിൽ ബി.ജെ.പി സർക്കാറുമാണ് ഭരണത്തലപ്പത്തുള്ളത്. ആരവല്ലിയിലെ ഒരു കല്ലുപോലും ബി.ജെ.പി ഭരണത്തിൽ നശിക്കില്ലെന്നും കഴിഞ്ഞ രണ്ട് വർഷമായി അനധികൃത ഖനനത്തിനും ഖനന മാഫിയകൾക്കും എതിരായ നിലപാടാണ് തങ്ങൾ സ്വീകരിച്ചിട്ടുള്ളതെന്നും ബി.ജെ.പി വക്താവും മുൻ എം.എൽ.എയുമായ രാം ലാൽ ശർമ പറഞ്ഞു.
2018 ഡിസംബർ 15 മുതൽ 2023 ഡിസംബർ 14 വരെ 29,209 അന്യായ ഖനനങ്ങളാണ് ആരവല്ലിയിൽ റിപ്പോർട്ട് ചെയ്യത്. പിന്നീട് അധികാരത്തിലെത്തിയ ബി.ജെ.പി ഭരണത്തിന്‍റെ ആദ്യ രണ്ട് വർഷങ്ങളിൽ ഇത് 10,966 ആയെന്നും ശർമ അറിയിച്ചു. രാജസ്ഥാനിലെ 20 ജില്ലകളിലൂടെയാണ് ആരവല്ലി മലനിരകൾ കടന്നു പോകുന്നത്. കോൺഗ്രസ് കാലത്ത് രജിസ്റ്റർ ചെയ്ത 3179 കേസുകൾ ബി.ജെ.പി ഭരണത്തിൽ 1002 കേസുകളായി കുറഞ്ഞെന്നും ശർമ കൂട്ടിച്ചേർത്തു.
2024ൽ ഖനന മാഫിയകളിൽ നിന്ന് 311 ഉദ്യോഗസ്ഥർക്കെതിരെ 91 ആക്രമണങ്ങൾ ഉണ്ടായതായി പ്രതിപക്ഷ നേതാവ് ടിക റാം ജുല്ലിയുടെ ചോദ്യത്തിന് നിയമസഭയിൽ സർക്കാർ മറുപടി നൽകി. കഴിഞ്ഞ ഏഴ് വർഷങ്ങളിലായി 637.16 കോടി രൂപയാണ് പിഴത്തുകയായി ലഭിച്ചത്. ഇതിൽ 231.75 കോടി കോൺഗ്രസ് ഭരണകാലത്തും 136.78 കോടി നിലവിലെ ഭരണകാലത്തും ആരവല്ലി ജില്ലകളിൽ നിന്ന് മാത്രം ലഭിച്ചതാണ്. ഈ ഏഴ് വർഷത്തിൽ 3736 പേർ അറസ്റ്റിലാവുകയും 70,399 വാഹനങ്ങളും ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തു.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി നിയമപരവും നിയമവിരുദ്ധവുമായ ഖനനവും മറ്റ് വികസന പ്രവർത്തനങ്ങളും മൂലം ആരവല്ലി മലനിരകൾ തകർന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ആരവല്ലി കുന്നുകൾക്ക് പുതിയ നിർവചനം നൽകിയത് ആരവല്ലിയെ കൂടുതൽ തകർക്കുമെന്ന ആശങ്കകൾ രാജസ്ഥാനിലും രാജ്യമൊട്ടാകെയും പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.