എടപ്പാടി പളനിസ്വാമി

എൻ.ഡി.എയുടെ മുഖ്യമന്ത്രി സ്ഥാനാർഥി എടപ്പാടി പളനിസ്വാമി

ചെന്നൈ: ബി.ജെ.പിയുമായുള്ള സഖ്യത്തിന് അംഗീകാരം നൽകിക്കൊണ്ടുള്ള എ.ഐ.എ.ഡി.എം.കെയുടെ ജനറൽ കൗൺസിൽ (ജിസി) ബുധനാഴ്ച തീരുമാനിച്ചു, ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി 2026 ലെ തെരഞ്ഞെടുപ്പിൽ നാഷനൽ ഡെമോക്രാറ്റിക് അലയൻസിനെ (എൻ.‌ഡി.എ) നയിക്കും. 2026 ൽ പാർട്ടിക്ക് ഭൂരിപക്ഷ സർക്കാറുണ്ടാക്കാൻ വഴിയൊരുക്കുമെന്നും തമിഴ്നാട്ടിലെ എൻഡിഎക്കുള്ളിൽ എ.ഐ.എ.ഡി.എം.കെയുടെ ആധിപത്യം ഉറപ്പിക്കാമെന്നും പാർട്ടി ജനറൽ കൗൺസിൽ ഉറച്ചുവിശ്വസിക്കുന്നു.

സഖ്യകക്ഷികളെ തീരുമാനിക്കാനും, അവരുമായി സീറ്റ് സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കാനും പളനിസ്വാമിക്ക് സമ്പൂർണ അധികാരം നൽകി - എല്ലായ്‌പ്പോഴും തീരുമാനങ്ങളെടുക്കാൻ ബി.ജെ.പിക്ക് കഴിയില്ലെന്ന വ്യക്തമായ സന്ദേശമാണിത്. എ.ഐ.എ.ഡി.എം.കെ ബി.ജെ.പിക്ക് കീഴടങ്ങിയെന്ന ഡി.എം.കെയുടെ വാദത്തെ യോഗം തള്ളി.

വി.കെ. ശശികല, ടി.ടി.വി. ദിനകരൻ, ഒ. പന്നീർശെൽവം തുടങ്ങിയ വിമത നേതാക്കളെ എ.ഐ.എ.ഡി.എം.കെയിൽ വീണ്ടും ഉൾപ്പെടുത്തരുതെന്ന് ജി.സി യോഗത്തിൽ തീരുമാനിച്ചു. എന്നാൽ, നിബന്ധനയോടെ അവർക്ക് എൻ.ഡി.എയിൽ ചേരാമെന്നും എ.ഐ.എ.ഡി.എം.കെ സഖ്യത്തിൽ ചേരുന്ന ഏതൊരാളും പളനിസ്വാമിയുടെ നേതൃത്വം അംഗീകരിക്കുകയും ഡി.എം.കെയെ പരാജയപ്പെടുത്തുകഎന്ന പൊതു ലക്ഷ്യവുമായി യോജിക്കുകയും വേണമെന്ന് പാസാക്കിയ ഒരു പ്രമേയത്തിൽ പ്രസ്താവിച്ചു.

ബി.ജെ.പിയുടെ നിർദേശപ്രകാരം ഒ.പി.എസ് എൻ.ഡി.എയിൽ ചേരാൻ തയാറായേക്കാമെങ്കിലും, എ.ഐ.എ.ഡി.എം.കെയുടെ പുതുക്കിയ നിലപാട് ദിനകരനെ അകറ്റാൻ സാധ്യതയുണ്ട്, പളനിസ്വാമിയുടെ നേതൃത്വം അംഗീകരിക്കില്ലെന്ന് അദ്ദേഹം ഉറച്ചുനിൽക്കുന്നു. 2026 ഏപ്രിൽ-മേയ് തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ ഒരുങ്ങുന്ന നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിലേക്ക് ദിനകരനെത്താൻ സാധ്യതയുണ്ട്.

2026 ലെ തെരഞ്ഞെടുപ്പ് ടി.വി.കെയും ഡി.എം.കെയും തമ്മിലായിരിക്കുമെന്നാണ് വിജയ് അഭിപ്രായപ്പെട്ടതെങ്കിലും എടപ്പാടി ആ വാദത്തെ പാടെ തളളിയിരുന്നു.ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാനും പ്രതിജ്ഞാബദ്ധമായ എൻ.ഡി.എ നേതൃത്വത്തിലുള്ള സഖ്യത്തെ എ.ഐ.എ.ഡി.എം.കെ നയിക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിന് എ.ഐ.എ.ഡി.എം.കെ നേതൃത്വം നൽകുമെന്ന് കൗൺസിൽ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു.

ഏപ്രിലിൽ എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും വീണ്ടും ഒരു തെരഞ്ഞെടുപ്പ് സഖ്യത്തിനായി ഒന്നിച്ചിട്ടും, സംസ്ഥാനത്ത് എൻ.ഡി.എ ഇതുവരെ കാര്യമായി വളർന്നിട്ടില്ല, കൂടാതെ പല പാർട്ടികളും സഖ്യത്തിൽ ചേരാൻ മടിക്കുകയാണ്. തമിഴ്‌നാട്ടിൽ എൻ.ഡി.എ 210 സീറ്റുകൾ നേടും. എ.ഐ.എ.ഡി.എം.കെ സ്വന്തമായി ഭൂരിപക്ഷ സർക്കാർ രൂപവത്കരിക്കുമെന്ന് പളനിസ്വാമി പറഞ്ഞു

Tags:    
News Summary - NDA's Chief Ministerial candidate Edappadi Palaniswami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.