ആര്യൻ ഖാൻ കേസിലെ കൈക്കൂലി ആരോപണം; സമീർ വാങ്കഡെയെ നാളെ ചോദ്യം ചെയ്യും

മുംബൈ: ആര്യൻ ഖാൻ കേസിൽ എൻ.സി.ബിക്കെതിരെ ഉയർന്ന കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട് മുംബൈ സോണൽ​ ഡയറക്​ടർ സമീർ വാങ്കഡെയെ നാളെ ചോദ്യം ചെയ്യും. എൻ.സി.ബി ഡെപ്യൂട്ടി ഡയറക്​ടർ ജനറൽ ഗ്യാനേശ്വർ സിങ്ങിന്‍റെ നേതൃത്വത്തിലാണ്​ ചോദ്യം ചെയ്യുക. സോണൽ ഡയറ്​കടർമാരും അന്വേഷണത്തിന്‍റെ ഭാഗമായിരിക്കും. കേസിലെ സാക്ഷികളേയും നാളെ ചോദ്യം ചെയ്യുമെന്നാണ്​ റിപ്പോർട്ട്​.

അതേസമയം ബോളിവുഡ്​ നടൻ ഷാരൂഖ് ഖാ​‍െൻറ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ആഢംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ കോഴ ആരോപണ വിധേയനായ നർകോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എൻ.സി.ബി) മുംബൈ മേഖല ഡയറക്ടർ സമീര്‍ വാങ്കഡെ തിരക്കിട്ട് ദല്‍ഹിയിലെത്തി. പിൻവാതിൽ വഴി എൻ.സി.ബി ആസ്​ഥാനത്തെത്തിയ അദ്ദേഹം രണ്ട്​ മണിക്കൂർ അവിടെ ചെലവിട്ടു. മുതിർന്ന ഉദ്യോഗസ്​ഥരുമായി കൂടിക്കാഴ്​ചക്കാണ്​ അദ്ദേഹം എത്തിയതെന്നാണ്​ അഭ്യൂഹം​.

ഡയറക്​ടർ ജനറൽ എസ്​.എൻ പ്രധാനുമായി അദ്ദേഹം ചർച്ച നടത്തിയതിന്​ ഔദ്യോഗിക സ്​ഥിരീകരണമില്ല. രാജ്യത്തെ വിവിധ മേഖല ഓഫിസുകളുടെ സംയുക്​ത യോഗം ചൊവ്വാഴ്​ച നടന്നതായി ഔദ്യോഗിക വൃത്തങ്ങൾ സൂചന നൽകി. അന്വേഷണത്തി​‍െൻറ ഭാഗമായി ആരെയും ഓഫിസിലേക്ക്​ വിളിച്ചുവരുത്തിയിട്ടില്ലെന്ന്​ കോഴ ആരോപണത്തെക്കുറിച്ച്​ അന്വേഷിക്കുന്ന ഉത്തര മേഖല ഡെപ്യൂട്ടി ഡയറക്​ടർ ജനറൽ ഗ്യാനേശ്വർ സിങ്​ വ്യക്​തമാക്കി.

ദല്‍ഹിയില്‍ വിളിപ്പിച്ചിട്ടു വന്നതല്ലെന്നും ജോലി ഭാഗമായി മറ്റൊരു ആവശ്യത്തിന് വന്നതാണെന്നും വാങ്കഡെ ഡൽഹി വിമാനത്താവളത്തിൽവെച്ച്​ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വാങ്കഡെയെ അനുകൂലിച്ചും പ്രതികൂലിച്ചും ആസ്​ഥാനത്തിനുമുന്നിൽ ബാനറുകളുമായി ആളുകൾ തടിച്ചുകൂടി.

കോടികളുടെ ഇടപാടാണ് ലഹരികേസിന്‍റെ മറവിൽ നടക്കുന്നതെന്ന് കാട്ടിയാണ് കേസിലെ സാക്ഷിയായ പ്രഭാകർ സെയിൽ സത്യവാങ്മൂലം നൽകിയത്. കേസിലെ മറ്റൊരു സാക്ഷിയായ കെ.പി. ഗോസാവിയുടെ അംഗരക്ഷകനാണ് പ്രഭാകർ സെയിൽ. എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ ഉൾപ്പെടെയുള്ളവർ ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമമാണെന്നായിരുന്നു ഇയാളുടെ ആരോപണം.

കേസിലെ സാക്ഷിയും മറ്റൊരു വഞ്ചന കേസിലെ പ്രതിയുമായ കെ.പി. ഗോസാവിയും സാം ഡിസൂസ എന്നയാളുമായി 18 കോടിയുടെ 'ഡീല്‍' ചര്‍ച്ച നടന്നു എന്നാണ് പ്രഭാകര്‍ സെയില്‍ വെളിപ്പെടുത്തിയത്. എട്ട് കോടി എന്‍.സി.ബി സോണൽ ഡയറക്ടർ സമീര്‍ വാങ്കഡെയ്ക്ക് നല്‍കാനും ധാരണയായെന്ന് പ്രഭാകര്‍ സെയില്‍ ആരോപിച്ചു.

'നിങ്ങള്‍ 25 കോടിയുടെ ബോംബിട്ടു. നമുക്കിത് 18 കോടിയില്‍ ഒതുക്കിത്തീര്‍ക്കാം. എട്ട് കോടി സമീര്‍ വാങ്കഡെയ്ക്ക് നല്‍കാം'- ഒക്ടോബര്‍ മൂന്നിന് സാം ഡിസൂസ എന്നയാളും കേസിലെ സാക്ഷിയായ ഗോസാവിയും തമ്മില്‍ കണ്ടെന്നും ഇക്കാര്യമാണ് അവര്‍ സംസാരിച്ചതെന്നും പ്രഭാകര്‍ സെയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ജീവന് ഭീഷണിയുള്ളതിനാലാണ് ഇങ്ങനെയൊരു സത്യവാങ്മൂലം ഫയൽ ചെയതതെന്നും പ്രഭാകർ സെയിൽ പറയുന്നു.

അതേസമയം, സാം ഡിസൂസ ആരാണെന്ന് ഇപ്പോള്‍ വ്യക്തമല്ല. ഇരുവരും ഗൂഢാലോചന നടത്തി ഷാരൂഖില്‍ നിന്നും പണം തട്ടാനാണോ പദ്ധതിയിട്ടതെന്നും വ്യക്തമായിട്ടില്ല. ആര്യൻ ഖാനെ എന്‍.സി.ബി ഓഫിസിലെത്തിച്ചപ്പോള്‍ കെ.പി. ഗോസാവിയെടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്നെ സാക്ഷിയാക്കുകയായിരുന്നെന്നും റെയ്ഡ് നടന്ന ദിവസം തന്നെക്കൊണ്ട് എൻ.സി.ബി ഉദ്യോഗസ്ഥര്‍ 10 വെള്ള പേപ്പറില്‍ ഒപ്പിടുവിച്ചെന്നും പ്രഭാകര്‍ സെയില്‍ ആരോപിച്ചു.

എന്നാല്‍, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് സമീര്‍ വാങ്കഡെ പ്രതികരിച്ചത്. അങ്ങനെ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ ഈ കേസില്‍ ആരെങ്കിലും ജയിലില്‍ അടയ്ക്കപ്പെടുമായിരുന്നോ എന്നും വാങ്കഡെ ചോദിച്ചു. എന്‍.സി.ബിയുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താൻ വേണ്ടി മാത്രമാണ് ഈ ആരോപണങ്ങള്‍. ഓഫിസിൽ സി.സി.ടി.വി ക്യാമറകളുണ്ട്. ആരോപിക്കുന്നതുപോലെ ഒന്നും സംഭവിച്ചിട്ടില്ല. സത്യവാങ്മൂലം കോടതിയിലെത്തുമ്പോൾ കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം പറയുന്നു. 

Tags:    
News Summary - NCB's vigilance dept to quiz Sameer Wankhede over 'extortion' charge on Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.