മംഗളൂരുവിൽ മുസ്‌ലിം വ്യാപാരികളെ തഴഞ്ഞ് നവരാത്രി ഉത്സവ സ്റ്റാളുകൾ ലേലം ചെയ്തു

മംഗളൂരു: മംഗളാദേവി ക്ഷേത്രം നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ സ്റ്റാളുകൾ മുസ്‌ലിം വ്യാപാരികളെ പൂർണമായി ഒഴിവാക്കി ലേലം ചെയ്തു.

ലേല നടപടി ജനങ്ങൾക്കിയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. കർണാടകയിലെ കോൺഗ്രസ് സർക്കാറിന്റെ മതേതര മുഖത്തേറ്റ കനത്ത പ്രഹരമായി ഇത് മാറുകയാണ്. സ്റ്റാളുകൾ ലേലത്തിന് വെച്ചപ്പോൾ 71 എണ്ണം ഒരാൾ ഒമ്പത് ലക്ഷം രൂപക്ക് വിളിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ ആറ് ലക്ഷം രൂപയുടെ അധിക വരുമാനമാണ് ഇതിലൂടെ ക്ഷേത്രം ഭരണസമിതിക്ക് ലഭിക്കുന്നത്. നഗരത്തിലെ തിരക്കേറിയ കാർ സ്റ്റ്രീറ്റിലാണ് 71 സ്റ്റാളുകളും. ജില്ല ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവ് പ്രകാരം ബന്ധപ്പെട്ട വകുപ്പ് അധികൃതരുടെ നേതൃത്വത്തിലാണ് ലേലം നടന്നത്.

മംഗളൂരുവിന്റെ ചരിത്രത്തിൽ ആദ്യമാണ് മതത്തിന്റെ പേരിൽ ഒരു വിഭാഗത്തെ കച്ചവടത്തിൽ നിന്ന് മാറ്റിനിറുത്തുന്നത്. ഇരുപത് വർഷമായി ക്ഷേത്രം ഉത്സവത്തിന് വ്യാപാരം നടത്തുന്ന തങ്ങൾക്ക് പോലും സ്റ്റാൾ അനുവദിച്ചില്ലെന്ന് റഫീഖ്, അബ്ദുൽ ഖാദർ, മുഹമ്മദ് ശാരിഖ് എന്നിവർ പറയുന്നു. മുസ്‌ലിം വ്യാപാരികളെ മാറ്റി നിർത്തിയ നടപടിയെ വി.എച്ച്.പി-ബജ്റംഗ്ദൾ ദക്ഷിണ കന്നട-ഉഡുപ്പി കൺവീനർ ശരൺ പമ്പ് വെൽ സ്വാഗതം ചെയ്തു.

വ്യാപാര മേഖലയിൽ മത വിഭാഗീയത പ്രകടമാവുന്ന അവസ്ഥ സർക്കാർ ഇടപെട്ട് ഒഴിവാക്കണമെന്ന് ദക്ഷിണ കന്നട -ഉഡുപ്പി ജില്ല ഉത്സവ വ്യാപാരികളുടെ കോഓർഡിനേഷൻ കമ്മിറ്റി ഓണററി പ്രസിഡന്റും സി.പി.എം നേതാവുമായ സുനിൽ കുമാർ ബജാൽ പറഞ്ഞു. മുസ്‌ലിം വ്യാപാരികളെ ഒഴിവാക്കാനുള്ള നീക്കം ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ട് കമ്മിറ്റി ജില്ല അധികൃതർക്ക് നിവേദനം നൽകിയിരുന്നതായും അദ്ദേഹം അറിയിച്ചു. ലേലത്തിൽപോയ സ്റ്റാളുകൾ അധികവും സ്ഥിതി ചെയ്യുന്നത് മംഗളൂരു കോർപ്പറേഷൻ സ്ഥലത്താണെന്ന് ദക്ഷിണ കന്നട-ഉഡുപ്പി ജില്ല ജാത്ര വ്യാപാരസ്ഥര സമവായ സമിതി കൺവീനർ ബി.കെ.ഇംത്യാസ് ആരോപിച്ചു. ക്ഷേത്രം കമ്മിറ്റിയുടെ തീരുമാനം നിയമങ്ങൾക്കും ചട്ടങ്ങൾക്കും നിരക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Navratri festival stalls auctioned in Mangaluru excluding Muslim traders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.