നവ്ജ്യോത് സിങ് സിദ്ദും ഭാര്യ നവജ്യോത് കൗറും

കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയാൽ സിദ്ദു വീണ്ടും രാഷ്ട്രീയത്തിലേക്കെന്ന് ഭാര്യ

ചണ്ഡിഗഢ്: കോൺഗ്രസിന്റെ മുഖ്യമ​ന്ത്രി സ്ഥാനാർഥിയാക്കിയാൽ മുൻ ക്രിക്കറ്റ് താരം കൂടിയായ നവജ്യോത് സിങ് സിദ്ദു സജീവ രാഷ്ട്രീയത്തിലേക്ക് വീണ്ടും തിരിച്ചെത്തുമെന്ന് വ്യക്തമാക്കി ഭാര്യ നവജ്യോത് കൗർ സിദ്ദു. മുൻ ബി.ജെ.പി എം.പിയും ശേഷം, കോൺഗ്രസിൽ ചേർന്ന് സംസ്ഥാന മന്ത്രിസഭയിൽ അംഗവും, പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റുമായി പ്രവർത്തിച്ച ശേഷം പാർട്ടി വേദികളിൽ നിന്നും വിട്ടു നിൽക്കുന്ന സിദ്ദുവിന്റെ തിരിച്ചുവരവ് മോഹം വ്യക്തമാക്കുന്നതാണ് ന​വജ്യോത് കൗറിന്റെ വാക്കുകൾ.

ചണ്ഡിഗഢിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഭാര്യ സിദ്ദുവിന്റെ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് സ്വപ്നം പങ്കുവെച്ചത്. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളെ കുറിച്ച് പഞ്ചാബ് ഗവർണർ ഗുലാബ് ചന്ദ് കഠാരിയയുമായി ചർച്ച നടത്തിയതിനു പിന്നാലെയായിരുന്നു ന​വജ്യോത് മാധ്യമങ്ങളെ കണ്ടത്.

ഒരു രാഷ്ട്രീയ പാർട്ടിക്കും പണം നൽകി സീറ്റും സ്ഥാനവും വാങ്ങാൻ തങ്ങളുടെ കൈയിൽ കാശില്ലെന്ന് നവജ്യോത് തുറന്നടിച്ചു. എന്നാൽ, മികച്ച പഞ്ചാബിനെ സൃഷ്ടിക്കുമെന്ന് ഉറപ്പു നൽകാം.

‘പഞ്ചാബിനും പഞ്ചാബികൾക്കു വേണ്ടിയാണ് ഞങ്ങൾ എന്നും ശബ്ദിക്കുന്നത്. എന്നാൽ, 500 കോടി നൽകി മുഖ്യമന്ത്രി കസേര ചോദിക്കാനാവില്ല. ഏതെങ്കിലും പാർട്ടികൾ പഞ്ചാബിനെ മെച്ചപ്പെടുത്താൻ അവസരം നൽകിയാൽ തീർച്ചയായും ഏറ്റവും മികച്ച പ്രകടനത്തിലൂടെ സുവർണ പഞ്ചാബിനെ സൃഷ്ടിക്കാനാവും’ -ന​വജ്യോത് കൗർ പറഞ്ഞു.

എന്നാൽ, ഇപ്പോൾ തന്നെ പഞ്ചാബിൽ നിന്നും അഞ്ച് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിമാരുള്ളതിനാൽ തന്റെ ഭർത്താവിന്റെ പ്രവേശനം അവർ തടയുമെന്നും കൗർ പറഞ്ഞു. കോൺഗ്രസ് മുതിർന്ന നേതാവ് പ്രിയങ്കയുമായി സിദ്ദുവിന് അടുത്ത ബന്ധമാണുള്ളതെന്നും, സംസ്ഥാന നേതൃത്വത്തെ തള്ളി ഹൈകമാൻഡ് പരിഗണിച്ചാൽ നന്നാവുമെന്നും വ്യക്തമാക്കി.

അതേസമയം, ബി.ജെ.പി മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്താൽ പാർട്ടിയിൽ പ്രവേശിക്കുമോയെന്ന ചോദ്യത്തിൽ നിന്നും നവജ്യോത് കൗർ ഒഴിഞ്ഞുമാറി.

2004, 2009 തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി പാർലമെന്റിലെത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റർ നവജ്യോത് സിങ് സിദ്ദു 2017ലാണ് കോൺഗ്രസിലെത്തുന്നത്. കോൺഗ്രസ് ടിക്കറ്റിൽ നിയമസഭയിലെത്തിയ അദ്ദേഹം അമരീന്ദർ സിങ് സർകാറിൽ മന്ത്രിയുമായി. രണ്ടു വർഷം കഴിഞ്ഞ് മന്ത്രി സ്ഥാനം രാജിവെച്ച് ക്യാപ്റ്റൻ അമരീന്ദറുമായി കൊമ്പുകോർത്ത സിദ്ദു 2021ൽ പാർട്ടി സംസ്ഥാന അധ്യക്ഷനായാണ് തിരികെയെത്തുന്നത്. ഒരു വർഷംകൊണ്ട് അവിടെ നിന്നും രാജിവെച്ചിറങ്ങി. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് നീണ്ട വിശ്രമത്തിലേക്കാണ് പിന്നീട് മടങ്ങിയത്. കഴിഞ്ഞ രണ്ടു വർഷത്തോളമായി പാർട്ടിവേദികളിലും പ്ര​ത്യക്ഷപ്പെട്ടിരുന്നില്ല. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനുമിറങ്ങിയില്ല. അതേസമയം, ​സ്വന്തം യൂട്യൂബ് ചാനലുമായി ഐ.പി.എൽ കമന്ററിയിൽ സജീവമായിരുന്നു.

രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച ചോദ്യങ്ങൾക്ക് കാലം മറുപടി നൽകുമെന്നായിരുന്നു സിദ്ദുവിന്റെ ഉത്തരം. 2027ലാണ് പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ്. 

Tags:    
News Summary - Navjot Sidhu will return to active politics if he is declared CM face, says his wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.