ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ കായിക സംഘടനകളിൽ കൂടുതൽ നിയന്ത്രണം വരുത്താൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന ദേശീയ കായിക ബിൽ 2025ന് രാഷ്ട്രപതിയുടെ അംഗീകാരം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കിയതോടെ ബിൽ നിയമമായി. ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചർച്ച കൂടാതെയാണ് ആഗസ്റ്റ് 11ന് ലോക്സഭയിലും 12ന് രാജ്യസഭയിലും ശബ്ദവോട്ടോടെ ബിൽ പാസാക്കിയത്.
എല്ലാ കായിക ഫെഡറേഷനുകളെയും മേൽനോട്ടം വഹിക്കുന്ന ഒരു ദേശീയ കായിക ബോർഡ് (എൻ.എസ്.ബി) രൂപവത്കരിക്കാൻ നിയമം അനുശാസിക്കുന്നു. സർക്കാറിൽനിന്ന് ഗ്രാന്റുകളോ മറ്റു സാമ്പത്തിക ആനുകൂല്യങ്ങളോ ലഭിക്കുന്ന കായിക ബോർഡുകളെ വിവരാവകാശ നിയമപരിധിയിൽ കൊണ്ടുവന്നിട്ടുമുണ്ട്.
ന്യൂഡൽഹി: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കുന്നതിനുള്ള സമയപരിധിയുമായി ബന്ധപ്പെട്ട് നിലപാട് തേടി രാഷ്ട്രപതി ദ്രൗപദി മുർമു സുപ്രീംകോടതിയിൽ നൽകിയ പ്രസിഡൻഷ്യൽ റഫറൻസിൽ അഞ്ചംഗ ഭരണഘടന ബെഞ്ച് വാദം കേൾക്കൽ ആരംഭിച്ചു. തമിഴ്നാട് സർക്കാറിന്റെ കേസിൽ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി രണ്ട് അംഗ ബെഞ്ചിന്റെ വിധി മറികടക്കാൻ കേന്ദ്ര സർക്കാറാണ് രാഷ്ട്രപതി പ്രസിഡൻഷ്യൽ റഫറൻസ് നൽകിയതെന്നും ഇതു പരിഗണിക്കരുതെന്നും കേരളം ആവശ്യപ്പെട്ടു.
ആർട്ടിക്കിൾ 200 പ്രകാരം ബിൽ ഗവർണർക്ക് നൽകിയാൽ അദ്ദേഹം എന്താണ് ചെയ്യേണ്ടത് എന്നതിന്റെ ഉത്തരമാണ് തമിഴ്നാട് സർക്കാറുമായി ബന്ധപ്പെട്ട വിധി. എത്രയും വേഗം എന്നതിന് സമയപരിധി ആവശ്യമാണെന്നും കേരളത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ വേണുഗോപാൽ വാദിച്ചു. പ്രസിഡൻഷ്യൽ റഫറൻസ് തള്ളണമെന്ന് തമിഴ്നാടും ആവശ്യപ്പെട്ടു. രാഷ്ട്രപതി പരാമർശവുമായി ബന്ധപ്പെട്ട നിയമ വശങ്ങളാണ് ബെഞ്ചിന്റെ പരിഗണനയിൽ ഉള്ളതെന്നും തമിഴ്നാട്- ഗവർണർ കേസിനെതിരെയുള്ള വെല്ലുവിളിയല്ല പരിശോധിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
കാലങ്ങളായി ബില്ലുകളിൽ തീരുമാനമില്ലാതിരുന്നാൽ എന്താണ് ഭരണഘടനാ പ്രതിവിധിയെന്നും വാദത്തിനിടെ ബെഞ്ച് കേന്ദ്രത്തോട് ചോദിച്ചു. എന്നാൽ, ഇത്തരമൊരു സാഹചര്യമുണ്ടായാൽ പോലും ഗവർണറുടെ ചുമതല ഏറ്റെടുക്കാനോ ബില്ലുകളുടെ കാര്യത്തിൽ തീരുമാനമെടുക്കാനോ കോടതികൾക്ക് സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ബുധനാഴ്ചയും വാദം കേൾക്കൽ തുടരും.
ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം തുടരുന്നു. ബഹളത്തെതുടർന്ന് പാർലമെന്റ ഇരുസഭകളിലും ശൂന്യവേളയും ചോദ്യോത്തര വേളയും തടസ്സപ്പെട്ടു. ഉച്ചക്കുശേഷം പ്രതിപക്ഷ ബഹളത്തിനിടെ ലോക്സഭയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഭേദഗതി) ബിൽ 2025 ഉം രാജ്യസഭയിൽ മൈൻസ് ആൻഡ് മിനറൽസ് (വികസനവും നിയന്ത്രണവും) ബില്ലും ചർച്ചയില്ലാതെ പാസാക്കി. ബിഹാർ വോട്ടർ പട്ടികയിൽ ചർച്ച ആവശ്യപ്പെട്ട് നൽകിയ 20 നോട്ടീസുകളും രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശ് തള്ളി.
വോട്ടർ പട്ടിക പരിഷ്കരണത്തിനൊപ്പം വോട്ടുകൊള്ള വിഷയവും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. വോട്ടുകള്ളൻ കസേര വിടൂ എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. സഭ പിരിഞ്ഞതോടെ പ്രധാന കവാടത്തിന് മുന്നിലും എം.പിമാർ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.