ദേശീയഗാനം: കോടതി വിധി പുന:പരിശോധിക്കണമെന്ന് സി.പി.എം കേന്ദ്ര നേതൃത്വം

ന്യൂഡല്‍ഹി: സിനിമ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനു മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നും ഈ സമയം എല്ലാവരും എഴുന്നേറ്റുനില്‍ക്കണമെന്നുമുള്ള സുപ്രീംകോടതി വിധിക്കെതിരെ സി.പി.എം കേന്ദ്ര നേതൃത്വം. സുപ്രീംകോടതി വിധിയോട് അനുകൂലമായി പ്രതികരിക്കുകയും സിനിമ തിയറ്ററില്‍നിന്ന് ആളുകളെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയെ ന്യായീകരിക്കുകയും ചെയ്ത എല്‍.ഡി.എഫ് സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായാണ് കേന്ദ്ര നേതൃത്വത്തിന്‍െറ പ്രതികരണം. ദേശസ്നേഹ പരിശോധന അടിച്ചേല്‍പിക്കുന്ന കോടതിവിധി അനാവശ്യവും യുക്തിരഹിതവുമാണ്. ദേശീയഗാനത്തോടും ദേശീയ പ്രതീകങ്ങളോടുമുള്ള ആദരവ് ഇത്തരം ഉത്തരവിലൂടെയല്ല നടപ്പാക്കേണ്ടത്. പൗരന്മാരില്‍ ജനാധിപത്യ -മതേതര മൂല്യങ്ങള്‍ ദൃഢമാവുന്നതിനോടൊപ്പമാണ് ആദരവ് ഉണ്ടാകുന്നതെന്നും പാര്‍ട്ടി മുഖപത്രം ‘പീപ്ള്‍സ് ഡെമോക്രസി’യിലെ ചോദ്യോത്തര പംക്തിയില്‍ കേന്ദ്ര നേതൃത്വം വ്യക്തമാക്കി. മറ്റുള്ളവരുടെ ദേശക്കൂറില്‍ സംശയം ജനിപ്പിച്ച്  അമിത ദേശീയത അടിച്ചേല്‍പിക്കാനുള്ള മോദി സര്‍ക്കാറിന്‍െറ നീക്കങ്ങള്‍ കൂടുതല്‍ ശക്തമായി തുടരാന്‍ കോടതി വിധി കാരണമാകും.
വിനോദത്തിനുവേണ്ടിയാണ് ആളുകള്‍ സിനിമ കാണാന്‍ പോകുന്നത്. ഒരു ബി ഗ്രേഡ്  സിനിമക്ക് വരുന്നവരില്‍  ദേശീയത പരിശോധന അടിച്ചേല്‍പിക്കുന്നത് പൗരന്‍െറ വ്യക്തിഗതമായ തീരുമാനത്തെ ഭരണഘടനാപരമായ ദേശീയതയുമായി കൂട്ടിക്കുഴക്കുന്ന പരിഹാസ്യമായ നടപടിയാണ്. ദേശീയ ഗാനത്തിനായി എഴുന്നേറ്റുനില്‍ക്കാത്തവര്‍ക്ക് ഒരുവിധ പിഴയും കോടതി വിധിയില്‍ പറഞ്ഞിട്ടില്ല. ആളുകളെ ഭീഷണിപ്പെടുത്താനും ശിക്ഷിക്കാനും കോടതി വിധി ദുരുപയോഗം ചെയ്യപ്പെടും. കുറച്ചു വര്‍ഷം മുമ്പ്  തിരുവനന്തപുരത്ത് സിനിമ പ്രദര്‍ശനത്തിനു ശേഷം ദേശീയഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേറ്റുനില്‍ക്കാത്തതിന് ചിലര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നുവെന്നും പാര്‍ട്ടി മുഖപത്രം ചൂണ്ടിക്കാട്ടി.

Tags:    
News Summary - national anthem on cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.