ഇംഫാൽ: 2023ൽ മണിപ്പൂർ കലാപം തുടങ്ങിയ ശേഷം ആദ്യമായി മണിപ്പൂരിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മിസോറാമിൽനിന്നാണ് പ്രധാനമന്ത്രി മണിപ്പൂരിലേക്ക് പോയത്. മണിപ്പൂർ ഗവർണർ അജയ്കുമാർ ഭല്ല, ചീഫ് സെക്രട്ടറി പുനീത് കുമാർ ഗോയൽ എന്നിവർ വിമാനത്താവളത്തിൽ മോദിയെ സ്വീകരിച്ചു.
കനത്തമഴയെതുടർന്ന് ഇംഫാലിൽ ഹെലികോപ്ടറിൽ ഇറങ്ങിയ അദ്ദേഹം റോഡുമാർഗം ചുരാചന്ദ്പൂരിലേക്ക് പോയി. കുക്കി സമുദായത്തിലുള്ളവർ ഏറ്റവും കൂടുതൽ താമസിക്കുന്ന പ്രദേശമാണിത്. രാജീവ് ഗാന്ധിക്ക് ശേഷം ചുരന്ദ്പൂർ സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. 1988ലാണ് രാജീവ് ഗാന്ധി ഇവിടം സന്ദർശിച്ചത്. ഉച്ചക്ക് 2.30 ഓടെ ഇംഫാലിലെത്തുന്ന മോദി 12000 കോടിയുടെ പദ്ധതി ഉദ്ഘാടനം ചെയ്യും.
അതേസമയം, പ്രതിപക്ഷ പാർട്ടികളുടെ വോട്ടുബാങ്ക് രാഷ്ട്രീയമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ദുരിതത്തിലാക്കിയതെന്ന് പ്രധാനമന്ത്രി മിസോറാമിൽ പറഞ്ഞു. ഇതുമൂലം ഏറെക്കാലമായി അവഗണിക്കപ്പെട്ട സംസ്ഥാനങ്ങളെ മുൻനിരയിലേക്ക് കൊണ്ടുവരികയാണ് ബി.ജെ.പി ഗവൺമെന്‍റിന്‍റെ ലക്ഷ്യമെന്ന് മോദി പറഞ്ഞു. മിസോറാമിലെ ബൈരാബ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
11 വർഷമായി വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുവരികയാണെന്നും പല സംസ്ഥാനങ്ങൾക്കും റെയിൽ മാപ്പിൽ ഇടം നേടിക്കൊടുത്തെന്നും അദ്ദേഹം പറഞ്ഞു. ഏറെക്കാലമായി ചില രാഷ്ട്രീയ പാർട്ടികൾ രാജ്യത്ത് വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. സീറ്റും വോട്ടും മാത്രമാണ് ഇവരുടെ ലക്ഷ്യം. ഈ നിലപാട് മിസോറാം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ദുരിതത്തിലാകാൻ കാരണമായി. ഒരിക്കൽ അരികുവൽകരിക്കപ്പെട്ടവർ ഇന്ന് മുഖ്യധാരയിലാണ് -അദ്ദേഹം പറഞ്ഞു. കനത്ത മഴയെ തുടർന്നുള്ള മോശം കാലാവസ്ഥ കാരണം പ്രധനമന്ത്രിക്ക് ഉദ്ഘാടന വേദിയിൽ എത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഓൺലൈനായാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.