ന്യൂഡൽഹി: ലോക്സഭയിൽ ഇപ്പോഴുള്ള 536 അംഗങ്ങളിൽ 274 പേർ ബി.ജെ.പിക്കാരാണ്. കേവല ഭൂരിപക്ഷത്തിന് ഇപ്പോൾ വേണ്ടത് 268 പേരുടെ പിന്തുണയാണ്. വിമതരായി കഴിയുന്ന കീർത്തി ആസാദ്, ശത്രുഘ്നൻ സിൻഹ എന്നിവർ കാലുവാരിയാൽ പോലും സഖ്യകക്ഷി സഹായമില്ലാതെ അവിശ്വാസപ്രമേയത്തെ നാലു വോട്ടിനെങ്കിലും പരാജയപ്പെടുത്താൻ ബി.ജെ.പിക്കു കഴിയും. എന്നാൽ ബി.ജെ.പി വിരുദ്ധ ചേരിയായി രാജ്യത്തെ എല്ലാ കക്ഷികളും തന്നെ മാറിയിരിക്കുന്നത് ഇനിയങ്ങോട്ടുള്ള മാസങ്ങളിൽ വലിയ വെല്ലുവിളിയാണ്. അവിശ്വാസപ്രമേയത്തെ പിന്തുണക്കാൻ ഇടയുള്ളവരുെട പട്ടിക അതിനു തെളിവ്.
നോട്ടീസ് നൽകിയിരിക്കുന്ന ടി.ഡി.പി, വൈ.എസ്.ആർ കോൺഗ്രസ് എന്നിവർക്കു പുറമെ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സി.പി.എം, സമാജ്വാദി പാർട്ടി, ഡി.എം.കെ, ജനതാദൾ-എസ്, മുസ്ലിം ലീഗ്, കേരള കോൺഗ്രസ്, ആർ.എസ്.പി, എൻ.സി.പി, സി.പി.െഎ, ആം ആദ്മി പാർട്ടി തുടങ്ങിയവയുടെ പിന്തുണ ഉറപ്പിക്കാം. എ.െഎ.എ.ഡി.എം.കെ, ബി.ജെ.ഡി, ബി.ജെ.പി സഖ്യകക്ഷിയായ ശിവസേന എന്നിവ തീരുമാനം പറഞ്ഞിട്ടില്ല. ബി.ജെ.പിക്ക് ശിരോമണി അകാലിദളിെൻറയും മറ്റു സഖ്യകക്ഷികളുടെയും പിന്തുണ കുറയില്ല. എന്നാൽ കേന്ദ്രത്തിൽ ബി.ജെ.പി ഭരിച്ചപ്പോഴൊക്കെ പൂർണപിന്തുണ നൽകിവന്ന ടി.ഡി.പി തന്നെ അവിശ്വാസപ്രമേയം കൊണ്ടുവന്നത് കേന്ദ്ര സർക്കാറിന് കനത്ത ആഘാതമായി. പൊതുതെരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കിനിൽക്കേ, ഉപതെരഞ്ഞെടുപ്പുകളിൽ കിട്ടിയ തിരിച്ചടിക്കൊപ്പം സഖ്യകക്ഷികൾ പ്രതിപക്ഷമായി മാറുന്നത് ബി.ജെ.പിയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപിച്ചു.
ടി.ഡി.പി മുന്നണി വിട്ടതിനു പിന്നാെല, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രണ്ടാമത്തെ പ്രധാന സഖ്യകക്ഷിയായ ശിവസേനയെ മെരുക്കാൻ കളത്തിലിറങ്ങി. കേന്ദ്രമന്ത്രിയും ശിവസേന നേതാവുമായ അനന്ത് ഗീഥെയുമായി ഫഡ്നാവിസ് അടച്ചിട്ട മുറിയിൽ ദീർഘചർച്ച നടത്തി. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ഒറ്റക്കു മത്സരിക്കുമെന്ന് ശിവസേന നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനെല്ലാമിടയിലും, കുലുക്കമില്ലെന്ന പ്രതീതി സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമം. ടി.ഡി.പി അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നും സ്വന്തംനിലയിൽ ആന്ധ്രയിൽ കരുത്താർജിക്കാൻ ഇത് അവസരമാണെന്നും ബി.ജെ.പി വാദിക്കുന്നു. എന്നാൽ മോദിക്കും ബി.ജെ.പിക്കുമെതിരായ തരംഗമാണുള്ളതെന്ന് യു.പി, ബിഹാർ ഉപതെരഞ്ഞെടുപ്പു ഫലം തെളിയിച്ചുവെന്നാണ് ചന്ദ്രബാബു നായിഡു പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.