കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസിനെതിരെയുള്ള 'ചാർജ്ഷീറ്റ്' കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രകാശനം ചെയ്യുന്നു


ബംഗാളിൽ അങ്കം മുറുകുന്നു; മമതക്കെതിരെ അമിത് ഷായുടെ ചാർജ്ഷീറ്റ്, മണിപ്പൂർ ഉയർത്തി തൃണമൂലിന്റെ പ്രത്യാക്രമണം

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മമത ബാനർജി സർക്കാരിനെതിരെ രാഷ്ട്രീയ ചാർജ്ഷീറ്റ് പുറത്തിറക്കിയ ഷാ, ബംഗാളിലെ ഉദ്യോഗസ്ഥർ സർക്കാരിന്റെ കേഡർമാരെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചു. എന്നാൽ, ബംഗാളിനെ വിമർശിക്കുന്ന ഷാ മൂന്ന് വർഷമായി കത്തുന്ന മണിപ്പൂരിനെക്കുറിച്ച് മിണ്ടാത്തതെന്താണെന്ന് ചോദിച്ച് തൃണമൂൽ കോൺഗ്രസ് ശക്തമായ തിരിച്ചടി നൽകി. ദേശീയ സുരക്ഷയെ മുൻനിർത്തി ബംഗാൾ തിരഞ്ഞെടുപ്പിനെ ബി.ജെ.പി ചിത്രീകരിക്കുമ്പോൾ, കേന്ദ്രത്തിന്റെ പരാജയങ്ങൾ എണ്ണിയെണ്ണിയാണ് തൃണമൂൽ പ്രതിരോധിക്കുന്നത്.

ബംഗാളിലെ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ മാറ്റാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനത്തെ അമിത് ഷാ വാർത്തസമ്മേളനത്തിൽ ന്യായീകരിച്ചു. ഉദ്യോഗസ്ഥർ നിഷ്പക്ഷമായി പ്രവർത്തിക്കാത്തതുകൊണ്ടാണ് ബംഗാളിൽ മാത്രം കൂടുതൽ സ്ഥലംമാറ്റങ്ങൾ വേണ്ടിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരെ മാറ്റിയതുകൊണ്ടാണ് ഇത്തവണ രാമനവമി ആഘോഷങ്ങൾക്കിടെ അക്രമം കുറഞ്ഞതെന്നും ഷാ അവകാശപ്പെട്ടു. മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ മുർഷിദാബാദിൽ വെള്ളിയാഴ്ച നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ബംഗാൾ ഇന്ന് നുഴഞ്ഞുകയറ്റക്കാരുടെ പ്രധാന ഇടനാഴിയായി മാറിയെന്നും അഴിമതിയും വോട്ട് ബാങ്ക് രാഷ്ട്രീയവും ഭരണസംവിധാനത്തെ തകർത്തുവെന്നും ഷാ കുറ്റപ്പെടുത്തി.


അമിത് ഷായുടെ ആരോപണങ്ങൾക്ക് മണിക്കൂറുകൾക്കകം തൃണമൂൽ കോൺഗ്രസ് മറുപടി നൽകി. മഹുവ മൊയ്‌ത്ര, ബ്രത്യ ബസു, കീർത്തി ആസാദ് എന്നിവർ ചേർന്നാണ് കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചത്. സ്ത്രീസുരക്ഷയെക്കുറിച്ച് സംസാരിക്കുന്ന ഷാ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ത്രീകളുടെ അവസ്ഥ ആദ്യം പരിശോധിക്കണമെന്ന് മഹുവ മൊയ്‌ത്ര പരിഹസിച്ചു. "കഴിഞ്ഞ മൂന്ന് വർഷമായി ചോരയൊഴുകുന്ന മണിപ്പൂരിലെ അക്രമങ്ങളെക്കുറിച്ച് അമിത് ഷാ ആദ്യം മറുപടി പറയട്ടെ" - മഹുവ ആവശ്യപ്പെട്ടു. അതിർത്തികൾ കാക്കുന്നതും സുരക്ഷ ചുമതലയുള്ളതും കേന്ദ്രത്തിനയിരിക്കെ, നുഴഞ്ഞുകയറ്റം നടക്കുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തരമന്ത്രിക്കാണെന്ന് തൃണമൂൽ നേതാക്കൾ ചൂണ്ടിക്കാട്ടി.


വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് കോടതിക്ക് ബംഗാളിൽ മാത്രം ജുഡീഷ്യൽ ഓഫിസർമാരെ നിയമിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്ന ഷായുടെ ചോദ്യത്തിനും തൃണമൂൽ മറുപടി നൽകി. ബംഗാളികളെയും ബംഗ്ലാദേശികളെയും തമ്മിൽ വേർതിരിച്ച് അസമിലെപ്പോലെ ഡിറ്റൻഷൻ ക്യാമ്പുകൾ ബംഗാളിലും കൊണ്ടുവരാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി ബ്രത്യ ബസു ആരോപിച്ചു. അതിർത്തി സംസ്ഥാനങ്ങളിൽ ഭൂരിഭാഗവും ബി.ജെ.പി ഭരിക്കുമ്പോഴും നുഴഞ്ഞുകയറ്റം തടയാൻ കഴിയാത്തത് കേന്ദ്രത്തിന്റെ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് കേവലം ഒരു സംസ്ഥാന ഭരണം പിടിക്കാനുള്ള പോരാട്ടമല്ല, മറിച്ച് രാജ്യത്തിന്റെ സുരക്ഷക്കായുള്ള പോരാട്ടമാണെന്നാണ് ബി.ജെ.പി ഉയർത്തുന്ന വാദം.

Tags:    
News Summary - Tensions are rising in Bengal; Amit Shah's charge sheet against Mamata, Trinamool counterattacks by raising Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.