അതിവേഗ പ്രാദേശിക റെയിലിന് പേരിട്ടു; നമോ ഭാരത്
ന്യൂഡൽഹി: ആദ്യ അതിവേഗ പ്രാദേശിക റെയിൽ സംവിധാനമായ റീജനൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇത്തരം ട്രെയിൻ സംവിധാനങ്ങൾ ‘നമോ ഭാരത്’ എന്നറിയപ്പെടുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഡൽഹി-ഗാസിയാബാദ്-മീററ്റ് റൂട്ടിലെ 17 കിലോമീറ്ററിലാണ് അത്യാധുനിക രീതിയിലുള്ള ട്രെയിനുകൾ ഓടുക. ഞായറാഴ്ചയാണ് ആദ്യ യാത്ര.
സാഹിബാബാദ്, ഗാസിയാബാദ്, ഗുൽധാർ, ദുഹായ്, ദുഹായ് ഡിപ്പോ എന്നീ സ്റ്റേഷനുകളിൽ ട്രെയിനുകൾ നിർത്തും. ഡൽഹി-ഗാസിയാബാദ്-മീററ്റ് ഇടനാഴിക്ക് 2019 മാർച്ച് എട്ടിനാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്. സെമി ഹൈസ്പീഡ്, ഹൈ ഫ്രീക്വൻസി സംവിധാനമുള്ള ട്രെയിനുകൾക്ക് മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ ഓടാനാകും.
ഓരോ 15 മിനിറ്റിലും ട്രെയിൻ സർവിസ് നടത്തും. മീററ്റ് വരെ പണി പൂർത്തിയായിട്ടില്ല. ഡൽഹി-ഗുരുഗ്രാം-എസ്.എൻ.ബി-ആൽവാർ, ഡൽഹി-പാനിപ്പത്ത് റൂട്ടിലും ഭാവിയിൽ പുതിയ സംവിധാനമൊരുക്കും.
മോദിയുടെ ആത്മാനുരാഗത്തിന് അതിരുകളില്ല -കോൺഗ്രസ്
ഡൽഹി: അതിവേഗ പ്രാദേശിക റെയിൽ സംവിധാനമായ റീജനൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന് ‘നമോ ഭാരത്’ എന്നു പേരിട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ്.
മോദിയുടെ ആത്മാനുരാഗത്തിന് അതിരുകളില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ‘എക്സി’ൽ കുറിച്ചു. ‘അഹ്മദാബാദിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി മോദിയുടെ പേരാണ് നൽകിയിരിക്കുന്നത്. ഭാരത് എന്ന് വേണ്ടെന്നും രാജ്യത്തിന്റെ പേര് നമോ എന്ന് മാറ്റാവുന്നതാണെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.