ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് ഐക്യദാർഢ്യം; മുംബൈയിൽ വനിതാ ആക്ടിവിസ്റ്റിന്റെ വീട്ടിൽ റെയ്ഡ്, മൂന്ന് പേർ കസ്റ്റഡിയിൽ

മുംബൈ: ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പട്ടം പറത്തൽ ക്യാമ്പെയ്നിൽ പങ്കെടുത്ത ആക്ടിവിസ്റ്റുകൾക്കെതിരെ നടപടിയുമായി മുംബൈ പോലീസ്. പട്ടം പറത്തൽ ക്യാമ്പെയ്നിൽ പങ്കെടുത്ത വനിതാ ആക്ടിവിസ്റ്റിന്റെ വീട്ടിൽ റെയ്ഡ് നടത്തുകയും മൂന്ന് പേരെ മുംബൈ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

വാറന്റില്ലാതെയാണ് ആക്ടിവിസ്റ്റിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതെന്ന് 'ഇന്ത്യൻ പീപ്പിൾ ഇൻ സോളിഡാരിറ്റി വിത്ത് ഫലസ്തീൻ' (IPSP) പ്രസ്താവനയിൽ പറഞ്ഞു. സിവിൽ വേഷത്തിലെത്തിയ ഉദ്യോഗസ്ഥർ ഹർഷദ എന്ന ഐ.പി.എസ്.പി. വളണ്ടിയറുടെ വസതിയിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും ബലമായി തടങ്കലിൽ വെയ്ക്കുകയും ചെയ്തുവെന്ന് സംഘടന ആരോപിക്കുന്നു. വാറന്റോ നോട്ടീസോ പരിശോധനയ്ക്കുള്ള മറ്റ് രേഖകളോ ഹാജരാക്കാതെയാണ് പോലീസ് സംഘം അവരുടെ വീട്ടിൽ പരിശോധന നടത്തിയതെന്നും പ്രസ്താവനയിൽ പറയുന്നു. അവരുടെ ചില സാധനസാമഗ്രികൾ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. റെയ്ഡ് ഒൻപത് മണിക്കൂറിലധികം സമയം നീണ്ടുനിന്നുവെന്ന് ഐ.പി.എസ്.പി. കൂട്ടിച്ചേർത്തു.

പോലീസ് നടപടി ജനാധിപത്യ അവകാശങ്ങൾക്കും പൗരസ്വാതന്ത്ര്യത്തിനും നേരെ നടത്തപ്പെട്ട കടന്നുകയറ്റമാണ്. ഒരു കുട്ടി പട്ടം പറത്തുന്നത് ഇസ്രായേലിന് ഭീഷണിയാണ്; ഗാസയിലെ കുട്ടികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പട്ടം പറത്തുന്ന യുവാക്കൾ ഇന്ത്യക്കും ഭീഷണിയാണോ? ബി.ജെ.പി. നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഫലസ്തീൻ വിഷയത്തിൽ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും സംഘം ആരോപിച്ചു.

ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യ ഫലസ്തീന് നൽകിയ പിന്തുണയ്ക്ക് വിപരീതമാണ് രാജ്യത്തെ ഫലസ്തീൻ അനുകൂല പ്രവർത്തകർക്കെതിരായ ആവർത്തിച്ചുള്ള നടപടി. തങ്ങളെ ഭീഷണിപ്പെടുത്താനുള്ള ഇത്തരം ശ്രമങ്ങൾ കൂട്ടായ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്നും മുംബൈ പോലീസിന് അത് മനസ്സിലായിട്ടില്ലെന്നും സംഘടന വ്യക്തമാക്കി. മുംബൈ പോലീസിന്റെ നിയമവിരുദ്ധമായ കടന്നുകയറ്റത്തിനെതിരെ നടപടിയെടുക്കണമെന്ന് ഐ.പി.എസ്.പി. ആവശ്യപ്പെട്ടു. ഗാസയിലെ കുട്ടികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര 'ഗ്ലോബൽ ഗാസ കൈറ്റ് വീക്കെൻഡിൽ' മുംബൈയിലെ ആക്ടിവിസ്റ്റുകൾ ഈയിടെ പങ്കെടുത്തിരുന്നു.

Tags:    
News Summary - Mumbai Police raid woman activist’s home, detain three over solidarity with Gaza children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.