ഐ.എസ്.ആര്‍.ഒ ചാരക്കേസ്; നമ്പി നാരായണന്‍െറ ഹരജി അന്തിമവാദത്തിനായി മാറ്റി

ന്യൂഡല്‍ഹി:ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തന്നെ പ്രതിയാക്കിവര്‍ക്കെതിരെ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി അന്തിമവാദം കേള്‍ക്കുന്നതിനായി ഏപ്രില്‍ രണ്ടാം വാരത്തിലേക്ക് മാറ്റി.  സിബി മാത്യൂസിനെതിരെ നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹരജിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം നീട്ടിനല്‍കിയാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേസ് മാറ്റിയത്. കോളിളക്കം സൃഷ്ടിച്ച ഐ.എസ്.ആര്‍.ഒ ചാരക്കേസ് അന്വേഷിച്ച മുന്‍ ഡി.ജി.പി സിബി മാത്യൂസ്, കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഐ.എസ്.ആര്‍.ഒയിലെ മുന്‍ ശാസ്ത്രജ്ഞന്‍  ഡോ. നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചത്. 

ഹരജി പരിഗണിച്ച കോടതി, ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് 2015 ജൂലൈയില്‍ സിബി മാത്യൂസ് ഉള്‍പ്പടെയുള്ളവര്‍ക്ക് നോട്ടീസയച്ചിരുന്നു. ഇതിന് മറുപടി നല്‍കാന്‍ സാവകാശം വേണമെന്ന സിബി മാത്യൂസിന്‍െറ ആവശ്യം തിങ്കളാഴ്ച ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച് തള്ളി. എന്നാല്‍, വ്യാഴാഴ്ച രാവിലെ കേസ് പരിഗണിച്ചപ്പോള്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് സിബി മാത്യൂസിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വീണ്ടും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഈയാവശ്യം കോടതി അനുവദിക്കുകയായിരുന്നു. ഏപ്രില്‍ രണ്ടാംവാരം കേസ് പരിഗണിക്കുമെന്നും അപ്പോള്‍ ഹരജിയില്‍ വിശദമായി വാദംകേള്‍ക്കുമെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഐ.എസ്.ആര്‍.ഒയുടെ തിരുവനന്തപുരം മേഖല ആസ്ഥാനത്തെ ശാസ്ത്രജ്ഞരായ ഡോ. ശശികുമാറും ഡോ. നമ്പി നാരായണനും ചേര്‍ന്ന് മാലി സ്വദേശിനി മറിയം റഷീദ മുഖേന ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ വിദേശ രാജ്യങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയെന്നായിരുന്നു ചാരക്കേസ്.
 
കേസില്‍ 1994ല്‍ നമ്പി നാരായണനെ സിബി മാത്യൂസിന്‍െറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. സി.ബി.ഐ അന്വേഷണത്തില്‍ ചാരക്കേസ് വ്യാജമാണെന്ന് കണ്ടത്തെുകയും കേസന്വേഷിച്ച സിബി മാത്യൂസ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യുകയും ചെയ്തു. എന്നാല്‍, പൊലീസിനെതിരെ നടപടിയെടുക്കാതെ പുതിയ അന്വേഷണത്തിന് ഉത്തരവിടുകയാണ് സര്‍ക്കാര്‍ ചെയ്തത്.
 ഇതിനെതിരെ നമ്പി നാരായണന്‍ നല്‍കിയ ഹരജി ഹൈകോടതി തള്ളി. തുടര്‍ന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.

Tags:    
News Summary - nambi-narayanan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.