‘എ.സി ബസിൽ മുസ്‍ലിം ഡ്രൈവറുടെ നമസ്കാരം, പൊരിവെയിലിൽ കാത്തുനിൽക്കുന്ന യാത്രക്കാർ’; സുരേഷ് ചവാങ്കെയുടെ വിഡിയോക്ക് പിന്നിലെ യാഥാർഥ്യം ഇതാണ്...

ന്യൂഡൽഹി: മുസ്‍ലിംകൾക്കെതിരെ വിദ്വേഷം പരത്തുന്ന വിഡിയോയുമായി വീണ്ടും സുദർശൻ ന്യൂസ് ചാനൽ എഡിറ്റർ സുരേഷ് ചവാങ്കെ. എ.സി ബസിൽ മുസ്‍ലിം ഡ്രൈവർ നമസ്കരിക്കുമ്പോൾ പുറത്ത് പൊരിവെയിലിൽ യാത്രക്കാർ കാത്തുനിൽക്കുന്നുവെന്നാണ് അദ്ദേഹം വിഡിയോ പങ്കുവെച്ച് ട്വീറ്റ് ചെയ്തത്. ഇന്ത്യയിൽ നിന്നുള്ള വിഡിയോ ആണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ജാഗോ (ഉണരൂ), സെക്കുലറിസം (മതേതരത്വം) എന്നിങ്ങനെ ഹാഷ്ടാഗുമുണ്ട്.

എന്നാൽ, പ്രചരിക്കുന്ന വിഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ലെന്നും ദുബൈയിലേതാണെന്നും പിന്നീട് വെളിപ്പെട്ടു. ദുബൈ റോഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർ.ടി.എ) തന്നെ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു.

'ആശംസകൾ. നിലവാരമുള്ള സേവനം നൽകാനാണ് ഞങ്ങൾ എല്ലായ്പ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജോലിക്കിടെ ഡ്രൈവറുടെ ഏത് തരത്തിലുള്ള പെരുമാറ്റവും അന്വേഷണ പരിധിയിൽ വരും. ഇപ്പോൾ പ്രചരിക്കുന്ന വിഡിയോ പരിശോധിച്ചപ്പോൾ ബസിന്റെ പ്രവർത്തന സമയം കഴിഞ്ഞ ശേഷമാണെന്ന് വ്യക്തമായി. ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി നിയമപ്രകാരം അനുവദിക്കപ്പെട്ട സമയത്തിന് മുമ്പ് ഒരാൾക്കും ബസിനകത്തേക്ക് പ്രവേശനം അനുവദിക്കില്ല. യാത്രക്കാർക്കും ഡ്രൈവർക്കും സുരക്ഷിതമായ അന്തരീക്ഷമൊരുക്കാനാണിത്', എന്നിങ്ങനെയാണ് ട്വിറ്ററിൽ വിശദീകരണം പങ്കുവെച്ചത്.

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ അടക്കമുള്ളവർ സുരേഷ് ചവാങ്കെയെ ടാഗ് ചെയ്ത് ആർ.ടി.എയുടെ വിശദീകരണം ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. സുദർശന്റെ ട്വീറ്റിന് താഴെയും നിരവധി പേർ ഈ വിശദീകരണം കമന്റായും സ്ക്രീന്‍ഷോട്ടായും നൽകിയിട്ടുണ്ട്. എന്നാൽ, സുരേഷ് ചവാങ്കെ തിരുത്താൻ തയാറായിട്ടില്ല.

തന്റെ ടെലിവിഷൻ ചാനലിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ഇസ്‌ലാം വിരുദ്ധത പ്രചരിപ്പിക്കുകയും വിദ്വേഷ പ്രസംഗങ്ങൾ നടത്തുകയും ചെയ്യുന്നതിലൂടെ കുപ്രസിദ്ധനാണ് ചവാ​ങ്കെ. മുസ്‌ലിം പെൺകുട്ടികൾ ഹിന്ദു ആൺകുട്ടികളെ വിവാഹം കഴിക്കണമെന്ന ഇയാളുടെ പരാമര്‍ശവും വിവാദമായിരുന്നു.

Tags:    
News Summary - 'Namaz of Muslim driver in AC bus, passengers waiting in scorching sun'; This is the truth behind Suresh Chavhanke's video...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.