പ്രണയത്തിന് വേണ്ടി എന്തും ചെയ്യും! കാമുകിമാർക്ക് ഐഫോൺ വാങ്ങാൻ ആഡംബര ടാപ്പുകൾ മോഷ്ടിച്ച യുവാക്കൾ പിടിയിൽ

നാഗ്പൂർ: പ്രണയത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരുണ്ട്; എന്നാൽ നാഗ്പൂരിലെ ഈ യുവാക്കൾ ചെയ്തത് കണ്ടോ​? കാമുകിമാർക്ക് വിലകൂടിയ ഐഫോണുകൾ സമ്മാനമായി നൽകാൻ വേണ്ടി ആഡംബര ഡിസൈനർ ടാപ്പുകളാണ് (ബാത്ത്റൂം ഫിറ്റിങ്സ്) ഇവർ മോഷ്ടിച്ചത്. 6.5 ലക്ഷം രൂപ വിലമതിക്കുന്നവയാണ് ടാപ്പുകൾ. അതേസമയം, ഈ ടാപ്പുകളുടെ യഥാർഥ വിലയറിയാതെ വെറും 20,000 രൂപക്ക് ഇത് ആക്രിക്കടക്കാരന് വിൽക്കുകയും ചെയ്തു.

നാഗ്പൂരിലെ രാഹുൽ സിറാമിക്സ് പ്രൈവറ്റ് ലിമിറ്റഡ് ടൈൽസ്, സാനിറ്ററി വെയർ ഗോഡൗൻ ഉടമ രാഹുൽ ജയ്ചന്ദ് ബത്ര നൽകിയ പരാതിയിലാണ് പ്രതികൾ കുടുങ്ങിയത്. മേയ് 27, 28 തീയതികളിൽ രാത്രി ഗോഡൗണിന്റെ മേൽക്കൂരയിലെ ടിൻ ഷീറ്റുകൾ പൊളിച്ചാണ് കള്ളന്മാർ അകത്തുകടന്നത്.

ഗോൾഡ് ടോൺ ഡിസൈനിലുള്ള 5 ടാപ്പുകൾ (വില 3,94,500 രൂപ), 3 സ്റ്റാൻഡേർഡ് ഗോൾഡ് കളർ ടാപ്പുകൾ (വില 67,000), 9 റോസ് ഗോൾഡ് കളർ ടാപ്പുകൾ, (വില 1,30,500), 4 സിൽവർ കളർ ടാപ്പുകൾ (വില 58,000) എന്നിവയാണ് മോഷ്ടിച്ചത്.

പ്രതികളെ പൂട്ടിയ വഴി:

കേസ് അന്വേഷണത്തിനായി പ്രത്യേക പൊലീസ് സംഘത്തിന് രൂപംനൽകിയതാണ് പ്രതികളെ പിടികൂടുന്നതിലേക്ക് നയിച്ചത്. സംഭവസ്ഥലത്തെയും പരിസരത്തെയും 20 മുതൽ 35 ഓളം സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. തുടർന്ന് രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കെണിയൊരുക്കി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഒരു പ്രധാന പ്രതിയെയും രണ്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ, തങ്ങൾക്ക് പണത്തിന് ആവശ്യമുണ്ടായിരുന്നെന്നും കാമുകിമാർക്ക് ഐഫോൺ വാങ്ങി നൽകാനാണ് മോഷണം നടത്തിയതെന്നും ഇവർ സമ്മതിച്ചു. ലക്ഷങ്ങൾ വിലവരുന്ന ടാപ്പുകൾ ഇർഫാൻ അലി എന്ന ആക്രി വ്യാപാരിക്കാണ് ഇവർ വിറ്റത്. മോഷണമുതൽ വാങ്ങിയ ഇർഫാൻ അലിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രതികളിൽ നിന്ന് 6.5 ലക്ഷം രൂപ വിലമതിക്കുന്ന ടാപ്പുകൾ കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി. തുടർ നിയമനടപടികൾ പുരോഗമിക്കുകയാണ്. സാങ്കേതിക അന്വേഷണത്തിന്റെയും രഹസ്യവിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് കേസ് തെളിയിക്കാനായതെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Nagpur Boys Steal Taps Worth Rs 6.5 Lakh To Buy iPhones For Girlfriends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.